നിയമസഭാ സമ്മേളനം പിരിച്ചുവിട്ടാലും മന്ത്രി ജലീല്‍ രക്ഷപ്പെടില്ല: സാദിഖലി തങ്ങള്‍

 

കല്‍പറ്റ: മന്ത്രിയുടെ ബന്ധു നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കെ, നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചോടുന്നത് കുറ്റസമ്മതമാണെന്ന് മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സത്യപ്രതിജ്ഞാ ലംഘനം വ്യക്തമായ മന്ത്രി കെ.ടി ജലീലിനെ രക്ഷിക്കാന്‍ എല്‍.ഡി.എഫിന്റെയും മുഖ്യമന്ത്രിയുടെയും ശ്രമങ്ങള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ടുവെന്നും തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രയുടെ വയനാട് ജില്ലാ സമാപന മഹാസമ്മേളനം കല്‍പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ് കുത്തകള്‍ക്കായി രാജ്യത്തെ തീറെഴുതുന്ന മോദി സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെയും യുവാക്കളെയും ദുരിതത്തിലാക്കി. ഭരണ പരാജയം മറച്ചുവെക്കാന്‍ മത വൈകാരികത ഇളക്കിവിടാമെന്നാണ് സംഘ്പരിവാര്‍ കണക്കു കൂട്ടുന്നത്. ഒട്ടേറെ അനുഭവിച്ച ജനത്തെ ഇനിയും കബളിപ്പിക്കാന്‍ കഴിയില്ല. മതവിരുദ്ധരായ സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം കപട മതവിശ്വാസികളെ പ്രചോദിപ്പിക്കുകയും വൈകാരികത സൃഷ്ടിച്ച് വിഷയങ്ങളില്‍ നിന്ന് ഒളിച്ചോടുകയുമാണ്.
നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനാവാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. മുസ്‌ലിം യൂത്ത്‌ലീഗ് ഉയര്‍ത്തിക്കൊണ്ടുവന്ന, മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ മുരളീധരന്‍ സബ്മിഷന്‍ ഉന്നയിക്കുന്നത് തടയിടാനാണ് സര്‍ക്കാര്‍ നിയമസഭാ സമ്മേളനം അലങ്കോലപ്പെടുത്തുന്നത്.
ശബരിമലയില്‍ മതവിരുദ്ധത നടപ്പാക്കാന്‍ സി.പി.എമ്മും മതകേന്ദ്രങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ച് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ബി.ജെ.പിയും മത്സരിക്കുകയാണ്. പ്രളയവും ഡാംമാനേജ്‌മെന്റ് വീഴ്ചയും കാരണം ദുരിതത്തിലായ കര്‍ഷകര്‍ക്കും വ്യവസായ – വ്യാപാര മേഖലകള്‍ക്കും ഒരു ആശ്വാസ നടപടികളും ഇല്ല. ജനദ്രോഹം മുഖമുദ്രയാക്കിയ ഇരു ഭരണകൂടങ്ങളെയും തിരുത്തിക്കാന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാര്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, മുന്‍ എം.എല്‍.എ എന്‍.ഡി അപ്പച്ചന്‍, മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സംസാരിച്ചു. കെ ഹാരിസ് സ്വാഗതവും സി.കെ ഹാരിഫ് നന്ദിയും പറഞ്ഞു.

SHARE