ഉത്തരാഖണ്ഡില്‍ രാഹുലിന്റെ റാലിയിലേക്ക് ഇരച്ചുകയറി ബി.ജെ.പി പ്രവര്‍ത്തകര്‍

ഹരിദ്വാര്‍: നിയമസഭാ തെരഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ്‌ഷോയിലേക്ക് ഇരച്ചു കയറി ബിജെപി പ്രവര്‍ത്തകര്‍. ഹരിദ്വാറില്‍ നടന്ന കോണ്‍ഗ്രസ് റാലിയിലേക്കാണ് മോദി അനുകൂല മുദ്രാവാക്യവുമായി ആയിരക്കണക്കിന് ബി.ജെ.പി പ്രവര്‍ത്തകര്‍ ഇരച്ചെത്തിയത്. സംഭവത്തില്‍ പതറാതെ നിന്ന രാഹുല്‍ ‘അഴിമതിക്കാര്‍ക്കിതിരെ നടപടിയെടുക്കാന്‍ ഞാന്‍ മുഖ്യമന്ത്രി ഹരീഷ് റാവതിനോട് ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് പ്രഖ്യാപിച്ചു. അഴിമതിക്കാരായ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ബി.ജെ.പി റാലിയില്‍ ഇപ്പോള്‍ മോദിയെ പുണരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് പേരാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ റാലിക്കെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇതേ സമയം ഉത്തരാഖണ്ഡിലുണ്ടായിരുന്നു. ശ്രീനഗറിലെ തെരഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
ബിജെപി പ്രവര്‍ത്തകര്‍ റോഡ്‌ഷോയിലേക്ക് ഇരച്ചു കയറിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തികഞ്ഞ സംയമനം പാലിച്ചതു മൂലം അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ഫെബ്രുവരി 15നാണ് ഉത്തരാഖണ്ഡിലെ വോട്ടെടുപ്പ്.