ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് രാജ്യം സാക്ഷ്യം വഹിക്കുന്ന വലിയ തെരഞ്ഞെടുപ്പ് മഹാമഹത്തിന് കളമൊരുങ്ങി. നവംബറിലും ഡിസംബറിലുമായി അഞ്ച് സംസ്ഥാനങ്ങളില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് പ്രഖ്യാപിച്ചു.
ഛത്തിസ്ഗഡില്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെക്കന്‍ ഛത്തിസ്ഗഡിലെ 18 സീറ്റുകളിലേക്ക് നവംബര്‍ 12-നും ബാക്കിയുള്ള 72 മണ്ഡലങ്ങളില്‍ നവംബര്‍ 20-നും തെരഞ്ഞെടുപ്പ് നടക്കും. മിസോറം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ ഒറ്റഘട്ടമായി നവംബര്‍ 28 നാവും തെരഞ്ഞെടുപ്പ്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങള്‍ ഡിസംബര്‍ ഏഴിനും പോളിങ് ബൂത്തിലെത്തും.
ഡിസംബര്‍ 11-നാണ് എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം രാഷ്ട്രീയ കക്ഷികള്‍ അത് പാലിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും സോഷ്യല്‍ മീഡിയയെ കര്‍ശനമായി നിരീക്ഷിക്കുമെന്നും റാവത്ത് പറഞ്ഞു. ചട്ടലംഘനം കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. ലംഘനത്തിന്റെ ചിത്രങ്ങളും വീഡിയോകളും മറ്റും കമ്മീഷന് നേരിട്ട് അയച്ചുനല്‍കാം. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ അത് കാര്യക്ഷമമല്ലെന്ന് ബോധ്യമാവുകയാണെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ശക്തമായ സോഷ്യല്‍ മീഡിയാ നിയന്ത്രണ സംവിധാനം കൊണ്ടുവരും. – അദ്ദേഹം പറഞ്ഞു.