ഗുവാഹത്തി: മെയ് 17 ന് ശേഷം രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുണമെന്ന ആവശ്യവുമായി കേന്ദ്രത്തിന് കത്തെഴുതിയതായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ പ്രതികരണം വെള്ളിയാഴ്ചയോടെ അറിയിക്കണമെന്നാണ് കേന്ദ്രം അറിയിച്ചിരുക്കുന്നത്. അസം സര്‍ക്കാര്‍ ഇതിനകം തന്നെ നിലപാട് കേന്ദ്രത്തില്‍ അറിയിച്ചിട്ടുണ്ട്. മെയ് 17 ന് ശേഷം രണ്ടാഴ്ച കൂടി ലോക്ക്ഡൗണ്‍ കൂടി നീട്ടണമെന്നതാണ് അസം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
”ലാക്ക്ഡൗണിനെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ വിഷയത്തില്‍ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ ഞാന്‍ ആഗ്രഹിച്ചു. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്, ലോക്ക്ഡൗണ്‍ വിപുലീകരണത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത് ”അദ്ദേഹം പറഞ്ഞു.
അസമിലെ കോവിഡ് -19 പ്രതിസന്ധി പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് വെള്ളിയാഴ്ച നടത്തിയ ്പ്രത്യേക പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സോനോവല്‍.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഗുവാഹത്തിയില്‍ 22 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 87 ആയി. രണ്ട് പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 41 പേര് സുഖം പ്രാപിച്ചു. 43 പേര് ഇപ്പോഴും ചികിത്സയിലാണ്.
മെയ് നാലിന് അന്തര്‍ സംസ്ഥാന ഗതാഗതം പുനരാരംഭിച്ചതിനുശേഷം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി 11,000 ത്തിലധികം ആളുകളാണ് അസമിലേക്ക് മടങ്ങിയത്. അവയില്‍ പതിനെട്ട് പേര്‍ക്ക് ഇന്നുവരെ കോവിഡ് -19 ന് പോസിറ്റീവ് കണ്ടെത്തിയിട്ടുണ്ട്.