അസം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഫെയ്‌സ്ബുക്കുവഴി വിമര്‍ശനം നടത്തിയ അസമിലെ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുചരണ്‍ കോളേജിലെ ഫിസിക്‌സ് വിഭാഗം ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ഗുപ്തയയെയാണ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.ഇദ്ദേഹത്തെ നാലുദവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
വടക്കുകിഴക്കന്‍ ഡല്‍ഹിയുണ്ടായ വംശഹത്യയുടെ പശ്ചാത്തലത്തില്‍ സെന്‍ഗുപ്ത ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്. 2002ലുണ്ടായ ഗുജറാത്ത് കലാപം തലസ്ഥാനത്ത് പുനരാവിഷ്‌ക്കരിക്കാനാണ് ചില വിഭാഗം ശ്രമിക്കുന്നതെന്നാണ് കുറിപ്പില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതേ തുടര്‍ന്ന് കോളജിലെ എ.ബി.വി.പി വിദ്യാര്‍ഥികള്‍ അദ്ദേഹത്തിനെതിരെ രൂക്ഷമായി നിലകൊള്ളുകയും അധ്യാപക വൃത്തിയില്‍ നിന്ന് പിരിച്ചുവിടാന്‍ ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.ഇതോടെ സെന്‍ഗുപ്ത പോസ്റ്റ് പിന്‍വലിച്ച് മാപ്പു ചോദിച്ചിരുന്നു.
തുടര്‍ന്നും എ.ബി.വി.പി വിഭാഗം അദ്ദേഹത്തിനു മേല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിനുമേല്‍ ഉറച്ചുനിന്നു. ഇതോടെ പിടികൂടുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലെ വംശഹത്യക്ക് കാരണമായ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയ കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍ എന്നിവരെയൊന്നും ഇതുവരേ പൊലീസ് തൊട്ടിട്ടുപോലുമില്ല. എന്നു മാത്രമല്ല, ഇവര്‍ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ട ഡല്‍ഹി ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ മുരളീധരനെ രായ്ക്കുരാമാനം തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
അതേസമയം 40 പേരടങ്ങുന്ന വിദ്യാര്‍ഥികളുടെ സംഘം സെന്‍ഗുപ്തയുടെ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും ഇതിനെ കുറിച്ച് പരാതിപ്പെടാന്‍ പോലീസ് സ്‌റ്റേഷനിലെത്തിയ സെന്‍ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സെന്‍ഗുപ്തയുടെ വീട്ടുകാര്‍ ആരോപിച്ചു.