പട്ടിണി കാരണം പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റു; പിതാവ് അറസ്റ്റില്‍

ദിസ്പൂര്‍: പതിനഞ്ച് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച് പിതാവ്. അസമിലെ കൊക്രാജറിലാണ് സംഭവം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വരുമാനം നിലച്ച് കടുത്ത ദാരിദ്ര്യത്തിലായ തൊഴിലാളിയാണ് തന്റെ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പിതാവ് ദിപക് ബ്രഹ്മ ഉള്‍പ്പടെ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ വിറ്റത് അറിഞ്ഞ ഭാര്യയും ഗ്രാമവാസികളും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 45,000 രൂപയ്ക്കാണ് ഇയാള്‍ കുഞ്ഞിനെ വിറ്റത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന ദിപക് ലോക്ക്ഡൗണിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. ജോലി നഷ്ടപ്പെട്ടതോടെ കുടുംബത്തെ പോറ്റാന്‍ ഇയാള്‍ കഷ്ടപ്പെട്ടു. ഈ സമയത്താണ് ദിപക്കിന്റെ ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജോലിക്ക് വേണ്ടി പലരുടെയും മുന്നില്‍ ദിപക് എത്തിയെങ്കിലും ആരും അയാളെ സഹായിച്ചില്ലെന്നും ഇതോടെയാണ് കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായതെന്നും പൊലീസ് പറയുന്നു.കുട്ടികളില്ലാത്തതു കൊണ്ടാണ് തങ്ങള്‍ കുഞ്ഞിനെ വാങ്ങിയതെന്ന് ചോദ്യം ചെയ്യലില്‍ അറസ്റ്റ് ചെയ്ത രണ്ട് സ്ത്രീകളും മൊഴി നല്‍കി. മൂവര്‍ക്കുമെതിരെ മനുഷ്യക്കടത്ത് കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

SHARE