ആര്‍എസ്എസുകാരെകൊണ്ട് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഗുവഹാട്ടി (അസം): അസമിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ ആര്‍എസ്എസ്സിനെയും ബിജെപിയെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക’ തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസ് സ്ഥാപകദിനത്തോടനുബന്ധിച്ച് അസമില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രത്തെയും സംസ്‌കാരത്തെയും അടിച്ചമര്‍ത്താം എന്നാണ് ആര്‍എസ്എസും ബിജെപിയും കരുതുന്നത്. നാഗ്പൂരിലിരുന്ന് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല. ട്രൗസറുടുത്ത ആര്‍എസ്എസിഎസുകാരകൊണ്ട് അസമിനെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല. അസമിലെ ജനങ്ങള്‍തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നോക്കും, രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെയാണ് രാഹുല്‍ അസം സന്ദര്‍ശിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപി തയ്യാറാവുന്നില്ലെന്ന വിമര്‍ശിച്ച രാഹല്‍, ബിജെപി എല്ലായിടത്തും വിദ്വേഷം പ്രചരപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി. അസമിലെ യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നു. എന്തിനാണ് നിങ്ങള്‍ പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ബിജെപിക്ക് താത്പര്യമില്ലെന്നും ഗുവഹാട്ടിയില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ബിജെപി സര്‍ക്കാരുകളുടെ നീക്കങ്ങള്‍ അസമിനെ വീണ്ടും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുമോയെന്ന ആശങ്കയുണ്ട്. അസം സമാധാന കരാറിന്റെ അന്തസത്ത ഇല്ലാതാക്കരുത്. ബിജെപി നയങ്ങള്‍മൂലം അസം അക്രമത്തിലേക്ക് മടങ്ങുമോയെന്ന ആശങ്കയുണ്ട്. വെറുപ്പിലൂടെയും അക്രമത്തിലൂടെയും അസമിന് വളരാന്‍ കഴിയില്ല. അസമിന്റെ ചരിത്രവും, ഭാഷയും, സംസ്‌കാരവും ആക്രമിക്കപ്പെടരുതെന്ന് ജനങ്ങള്‍ ഒന്നിച്ച് ബിജെപി നേതാക്കളോട് പറയണമെന്നും രാഹുല്‍ഗാന്ധി അഭ്യര്‍ഥിച്ചു.

പൗരത്വപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാഹുല്‍ അസം സന്ദര്‍ശിക്കുന്നത്. പൗരത്വ നിയമത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍ രാഹുല്‍ നോട്ട് നിരോധനത്തോടാണ് അതിനെ താരതമ്യപ്പെടുത്തിയത്. 2016 ലെ നോട്ട് നിരോധനത്തേക്കാള്‍ അപകടകരമാണ് പൗരത്വഭേദഗതി നിയമവും ദേശീയ പൗരത്വപട്ടികയുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇത് രണ്ടാം നോട്ട് നിരോധനമാണ്. അതിനേക്കാള്‍ അപകടകരം. ഇവിടെ എല്ലാ പാവങ്ങളും അവരുടെ പൗരത്വ കൂടി തെളിയിക്കണം. അവരായിരിക്കും ഈ നിയമത്തിന്റെ ഏറ്റവും വലിയ ഇരകള്‍ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി നുണ പറയുകയാണെന്ന ബിജെപി ആരോപണത്തോടും കടുത്ത രീതിയിലാണ് രാഹുല്‍ പ്രതികരിച്ചത്. നിങ്ങള്‍ എന്റെ ട്വീറ്റ് കണ്ടിരുന്നോ. അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഞാന്‍ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. രാജ്യത്ത് പൗരത്വം നഷ്ടപ്പെട്ടവരെ പാര്‍പ്പിക്കാന്‍ തടവറകളില്ലെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ആ വീഡിയോയില്‍ അസമിലെ തടവറയുടെ ചിത്രങ്ങളും കാണാം. ഇനി ആരാണ് നുണ പറയുന്നതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം- രാഹുല്‍ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരേ പൊരുതി രക്തസാക്ഷികളായവരുടെ വീടുകള്‍ രാഹുല്‍ ഇന്ന് വൈകീട്ട് സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്.