അസമിലെ തടങ്കല്‍ പാളയത്തില്‍ ഒരാള്‍ കൂടി മരിച്ചു; ഇതുവരെ മരിച്ചവര്‍ 29 പേര്‍

ഗുവാഹതി: അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അസമിലെ തടങ്കല്‍പാളയത്തില്‍ പാര്‍പ്പിച്ചവരില്‍ ഒരാള്‍ കൂടി മരിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് ഇയാളെ 10 ദിവസങ്ങള്‍ക്ക് മുമ്പ് ഗുവാഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതോടെ അസമിലെ തടങ്കല്‍ പാളയങ്ങളില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 29 ആയി. ആയിരത്തോളം ആളുകളാണ് ഇത്തരം തടങ്കല്‍ പാളയങ്ങളില്‍ കഴിയുന്നത്.

അസമില്‍ പൗരത്വ രേഖയില്ലാത്തവരെ താമസിപ്പിക്കാന്‍ നിലവില്‍ ആറ് തടങ്കല്‍ പാളയങ്ങളാണുള്ളത്. ഗോല്‍പാര ജില്ലയില്‍ ഏഴാമത്തെ തടങ്കല്‍ പാളയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 2018ലും 2019 ലും ഏഴ് പേരാണ് തടങ്കല്‍ പാളയത്തില്‍ മരിച്ചത്. 2017 ല്‍ ആറ്, 2016 ല്‍ നാല്, 2011 ല്‍ ഒരാള്‍ എന്നിങ്ങനെയാണ് മരണസംഖ്യ. എല്ലാവരും രോഗം ബാധിച്ച് മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അസം നിയമസഭയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ പ്രകാരം, ഇതുവരെ മരിച്ചവരില്‍ രണ്ടു പേര്‍ മാത്രമാണ് ബംഗ്ലാദേശികളെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെല്ലാം അസമില്‍ വിലാസമുള്ളവരായിരുന്നു.

SHARE