വാഷിങ്ടന്‍: അസമിലെ ദേശീയ പൗരത്വ റജിസ്റ്ററിനെതിരെ വിമര്‍ശനമുന്നയിച്ച് യുഎസ് കമ്മീഷന്. ദേശീയ പൗരത്വ രജിസ്റ്റര്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും മുസ്ലിം വിഭാഗക്കാരെ ഒരു രാജ്യത്തെയും പൗരന്മാരല്ലാതാക്കുകയാണെന്നും സിഐആര്‍എഫ് (യുഎസ് കമ്മിഷന് ഓണ്‍ ഇന്റര്‍നാഷനല്‍ റിലിജ്യസ് ഫ്രീഡം) ആരോപിച്ചു. പൗരത്വ പട്ടികയില്‍ ആഭ്യന്തര, രാജ്യാന്തര സംഘടനകള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. അസമിലെ ബംഗാളി മുസ്ലിം വിഭാഗക്കാരുടെ പൗരത്വം നഷ്ടമാക്കാന്‍ ലക്ഷ്യമിടുന്ന രീതിയാണിതെന്നും നടപടിയിലൂടെ വലിയ വിഭാഗം മുസ്ലിംകള്ക്കും പൗരത്വം നഷ്ടമാകുമെന്നാണ് ഇവരുടെ ആശങ്കയെന്നും കമ്മിഷന് വ്യക്തമാക്കി.
ദേശീയ പൗരത്വ രജിസ്റ്ററില്‍ പേരുള്ളവര്‍ മാത്രമാണ് യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെന്നാണു ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട്. 2013 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് എന്‍ആര്‍സി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇതോടെ യഥാര്‍ഥ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ടത് അസമിലെ 33 ദശലക്ഷം ജനങ്ങളുടെ ഉത്തരവാദിത്തമായി. കഴിഞ്ഞ ആഗസ്ത് 31നാണ് എന്‍ആര്‍സി അന്തിമ പട്ടിക പുറത്തുവിട്ടത്. ഇതുപ്രകാരം 1.9 ദശലക്ഷം പേര്‍ക്കു പട്ടികക്ക് പുറത്താണ്.
ഇന്ത്യയിലെ മതസ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് എന്‍ആര്‍സിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി സര്‍ക്കാരിന്റെ നടപടിയിലൂടെ മുസ്ലിം വിരുദ്ധതയാണ് പ്രകടമാകുന്നത്. ഇന്ത്യന്‍ പൗരത്വത്തില്‍ മതപരമായ പരിശോധനയാണ് ബിജെപി ലക്ഷ്യമിടുന്നത്. അത് ഹിന്ദുക്കള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ചില ന്യൂനപക്ഷങ്ങള്‍ക്കും അനുകൂലമാണെങ്കിലും മുസ്ലിം വിഭാഗക്കാരെ പുറന്തള്ളുകയാണെന്നും കമ്മീഷന് വ്യക്തമാക്കുന്നു. പോളിസി അനലിസ്റ്റ് ഹാരിസണ്‍ അക്കിന്‍സാണ് യുഎസ്സിഐആര്എഫിനു വേണ്ടി റിപ്പോര്‍ട്ട് തയാറാക്കിയത്.
അതേസമയം, ദേശീയ പൗരത്വ പട്ടിക നിയമപരവും സുതാര്യവുമായ ഒന്നാണെന്നും സര്‍ക്കാര്‍ മുന്നിട്ട്നിന്ന് ചെയ്യുന്ന പ്രക്രിയ അല്ലെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.