അസമില്‍ പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍

അസാം: അസമില്‍ എം.ആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്ത ഇരുപത്തഞ്ചു വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍. ഹൈലകണ്ടി ജില്ലയില്‍ ഇന്നലെയാണ് സംഭവം. എം.ആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്ക് ശേഷം പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവ അനുഭവപെടുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ചികിത്സക്കായി അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രേവേശിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ 120 വിദ്യാര്‍ത്ഥികളിലാണ് കുത്തിവെപ്പ് നടത്തിയത്.

അതേസമയം ആറ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നത്. ബാക്കിയുള്ള വിദ്യാര്‍ത്ഥികള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ഉടന്‍ തന്നെ ആശുപത്രി വിടാനാകുമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ അജിജുത് ബസു പറഞ്ഞു.

സംഭവത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആദില്‍ ഖാന്‍, ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ജില്ലാ പ്രതിരോധവകുപ്പ് എന്നിവര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആദില്‍ ഖാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എം.ആര്‍ വാക്‌സിനേഷന്‍ പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ഹൈലകണ്ടി ജില്ലയിലെ 1,485 സ്‌കൂളുകളിലായി 2.15 ലക്ഷം കുട്ടികൡലാണ്  പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിയിരുന്നത്.