മമ്മുട്ടി റോള്‍ മോഡലാകാനുള്ള കാരണം തുറന്നുപറഞ്ഞ് ആസിഫ് അലി

സിനിമാ താരം മമ്മുട്ടിയാണ് തന്റെ റോള്‍ മോഡലെന്ന് മലയാള സിനിമയിലെ യുവതാരം ആസിഫ് അലി. സിനിമാ തിരക്കുകള്‍ക്കിടയിലും മമ്മുട്ടി കുടുംബത്തോട് കാണിക്കുന്ന കരുതലാണ് ഇതിന് പിന്നിലെന്നും ആസിഫ് അലി പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിലാണ് ആസിഫ് അലിയുടെ തുറന്നു പറച്ചില്‍.

സിനിമയില്‍ സജീവമായതോടെയാണ് കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തുടങ്ങിയതെന്ന് താരം പറഞ്ഞു. കുടുംബത്തിന്റെ പ്രാധാന്യം മനസിലാക്കി തന്നത് മമ്മൂട്ടിയാണ്. കുടുംബത്തിന്റെ സാന്നിധ്യം നഷ്ടപ്പെടാതിരിക്കാന്‍ മമ്മൂക്ക എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് തനിക്ക് അദ്ദേഹത്തോട് കൂടുതല്‍ ബഹുമാനം തോന്നാനും കാരണമെന്നും ആസിഫ് പറയുന്നു. മമ്മുട്ടിയോടുള്ള ആദരവും ബഹുമാനവും വെളിപ്പെടുത്തിയ താരം മറ്റൊരു നടനെതിരെ അടുത്തിടെ നടത്തിയ പരാമര്‍ശം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.

നേരത്തെ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ആസിഫ് അലി നടത്തിയ പരാമര്‍ശത്തെതുടര്‍ന്ന് താരത്തിന് നേരെ ദിലീപ് ഫാന്‍സിന്റെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും ഇനി മുതല്‍ ദിലീപിനൊപ്പം അഭിനയിക്കില്ലെന്നുമായിരുന്നു പരാമര്‍ശം. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ആസിഫ് നിലപാട് മയപ്പെടുത്തി രംഗത്തെത്തി. കോടതി കുറ്റക്കാരനാണെന്ന് വിധിക്കുന്നത് വരെ കുറ്റാരോപിതന്‍ മാത്രമാണ് ദിലീപെന്നായിരുന്നു പിന്നീടുള്ള പരാമര്‍ശം.