ഏഷ്യാ കപ്പ്: ഇന്ത്യക്ക് തകര്‍പ്പന്‍ ജയം; തായ്‌ലന്‍ഡിനെ 4-1ന് തകര്‍ത്തു

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം. തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സുനില്‍ ഛേത്രിയും സംഘവും തകര്‍ത്തത്. ഇന്ത്യക്കായി ഛേത്രി ഇരട്ട ഗോള്‍ നേടിയപ്പോള്‍ അനിരുദ്ധ ഥാപ്പ, ജെജെ ലാല്‍ പെക്വുല എന്നിവര്‍ ഓരോ ഗോള്‍ നേടി. ദങ്ദയാണ് തായ്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മല്‍സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പമായിരുന്നു. മുന്നേറ്റത്തിലും പന്തടക്കത്തിലും ആദ്യപകുതിയില്‍ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട പ്രകടനം തായ്‌ലന്‍ഡിന്റേത്. പക്ഷേ രണ്ടാം പകുതിയില്‍ ആഞ്ഞടിച്ച ഇന്ത്യന്‍ മുന്നേറ്റത്തിനു മുന്നില്‍ തായ്‌ലന്‍ഡിന് അടിപതറി. മൂന്ന് ഗോളുകളാണ് ഇന്ത്യന്‍ താരങ്ങള്‍ രണ്ടാം പകുതിയില്‍ തായ് വലയിലെത്തിച്ചത്.

ഇരട്ട ഗോള്‍ നേടിയതോടെ ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന, നിലവില്‍ കളിക്കുന്ന, താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സാക്ഷാല്‍ ലയണല്‍ മെസ്സിയെ ഛേത്രി മറികടന്നു. ഛേത്രിക്ക് 66 ഗോളുകളാണ് നിലവിലുള്ളത്. മെസ്സിക്കാകട്ടെ 65 ഗോളുകളും. 85 ഗോളുകളുമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പട്ടികയില്‍ ഒന്നാമതുള്ളത്.

SHARE