‘പെറ്റമ്മക്കെതിരെ പോറ്റമ്മ’

  • കമാല്‍ വരദൂര്‍

ഇന്നത്തെ മല്‍സരത്തില്‍ പ്രവാസി ലോകം ആരെ പിന്തുണക്കും…? പെറ്റമ്മയും പോറ്റമ്മയും തമ്മിലാണ് അങ്കം. സോഷ്യല്‍ മീഡിയ നിറയെ ഇവിടെ ഈ ചോദ്യമാണ്… ഇന്ത്യയും യു.എ.ഇയും പോരടിക്കുമ്പോള്‍ പ്രശ്‌നം പലവിധമാണ്. ഷെയിക്ക് സായിദ് സ്റ്റേഡിയം ഇന്ന് നിറയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയങ്ങളില്ല.

അറബികള്‍ കൂട്ടമായെത്തും. ഇന്ത്യക്കാരും പിന്നോക്കം പോവില്ല. രണ്ട് ഫാന്‍സും ഗ്യാലറി നിറയുമ്പോള്‍ മൈതാനത്തെ അങ്കം അതീഗംഭീരമാവുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയും തായ്‌ലാന്‍ഡും ഏറ്റുമുട്ടിയത് അല്‍ നഹ്യാന്‍ സ്റ്റേഡിയത്തിലായിരുന്നു. താരതമ്യന ചെറിയ സ്റ്റേഡിയം. ഇരുപതിനായിരം പേര്ക്ക് മാത്രം ഇരിപ്പിടം. ഞായറാഴ്ച്ച-ഇവിടെ പ്രവൃത്തി ദിവസമായിരുന്നു അന്ന്. കളിയാവട്ടെ പ്രാദേശിക സമയം അഞ്ച് മണിക്കും. അതിനാല്‍ കാണികള്‍ കുറവായിരുന്നു. യു.എ.ഇയില്‍ തായ്‌ലാന്‍ഡുകാര്‍ എണ്ണത്തില്‍ കുറവാണ്.
അതിനാല്‍ അന്ന് ഇന്ത്യക്കാര്‍ മാത്രമായിരുന്നു കാര്യമായി ഉണ്ടായിരുന്നത്. ഇന്ന് അതല്ല അവസ്ഥ. കളി നടക്ക്ുന്നത് രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയത്തില്‍. മല്‍സരമാവട്ടെ വ്യാഴാഴ്ച്ച-അതായത് ഇവിടെ അവധിയിലേക്ക് നാട് പ്രവേശിക്കുന്ന ദിവസം. സമയമോ രാത്രി എട്ടിനും-എല്ലാം കൊണ്ടും അടിപൊളി സാഹചര്യം. തായ്‌ലാന്‍ഡിനെതിരായ മല്‍സരത്തിന് മുമ്പ് വരെ ഇന്ത്യന്‍ ടീമിനെ യു.എ.ഇക്കാര്‍ കാര്യമായി കണ്ടിരുന്നില്ല. ഇന്ത്യയെ തോല്‍പ്പിക്കാമെന്നതായിരുന്നു അവരുടെ പൊതു വിശ്വാസ. എന്നാല്‍ തായ്‌ലാന്‍ഡിനെ ഇന്ത്യ നാല് ഗോളിന് വിറപ്പിച്ചതോടെ യു.എ.ഇക്കാരുടെ ചിന്താഗതിയും മാറി. ഇന്ത്യ ചില്ലറക്കാരല്ല എന്നതാണ് മാറിയ നിലപാട്. ഗ്യാലറി നിറയെ ഇന്ത്യന്‍ ഫാന്‍സുമെത്തുമ്പോള്‍ സുനില്‍ ഛേത്രിയും സംഘവും അരങ്ങ് തകര്‍ക്കുമോ എന്ന പേടിയും ചിലര്‍ക്കുണ്ട്.

തുടക്കത്തില്‍ ഏഷ്യാകപ്പ് വലിയ വികാരമായി ഈ നാട്ടുകാര്‍ കണ്ടിരുന്നില്ല. ഇന്ത്യ ആദ്യ മല്‍സരം കളിച്ച ദിവസം മദിനാ സായിദിലെ ഹോട്ടലില്‍ നിന്നും അരികിലുള്ള നഹ്യാന്‍ സ്‌റ്റേഡിയത്തിലേക്ക് ടാക്‌സി വിളിച്ചപ്പോള്‍ ഡ്രൈവര്‍ നേപ്പാളിയായിരുന്നു. സ്റ്റേഡിയം എന്ന് പറഞ്ഞപ്പോള്‍ അവിടെ എന്താ പരിപാടിയെന്നായിരുന്നു അയാളുടെ ചോദ്യം. പക്ഷേ കഴിഞ്ഞ ദിവസം അബുദാബിയില്‍ നിന്നും 260 കീലോമീറ്റര്‍ അകലെയുള്ള ഗയാത്തിയിലേക്ക് പോയപ്പോള്‍ അവിടെ പ്രധാന ചര്‍ച്ച ഫുട്‌ബോളായിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള മല്‍സര ടിക്കറ്റിന്റെ വില ചോദിക്കുന്നു പലരും. ഗയാത്തിയില്‍ നിന്നും റോഡ് മാര്‍ക്ഷം അബുദാബിയിലെത്താന്‍ മൂന്ന് മണിക്കൂര്‍ വേണം. അവിടെയുള്ള പല മലയാളികളും ടിക്കറ്റും വാഹനവും ഏര്‍പ്പാടാക്കി വരുന്നത് സ്വന്തം രാജ്യത്തിന്റെ കളി ആസ്വദിക്കാനാണ്.

സായിദ് സ്റ്റേഡിയം സമീപകാലത്തൊന്നും പൂര്‍ണമായും നിറഞ്ഞിട്ടില്ല. മൂന്നാഴ്ച്ച മുമ്പാണ് ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനല്‍ ഇവിടെ നടന്നത്. യൂറോപ്യന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ്, ലാറ്റിനമരിക്കന്‍ ജേതാക്കളായ റിവര്‍പ്ലേറ്റ് തുടങ്ങിയ വമ്പന്മാര്‍ കളിച്ച ചാമ്പ്യന്‍ഷിപ്പ്. ആതിഥേയ ക്ലബായ അല്‍ ഐന്‍ റിവര്‍പ്ലേറ്റിനെ തകര്‍ത്ത് ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടും റയലിനെതിരായ അവരുടെ മല്‍സരം ആസ്വദിക്കാന്‍ സ്‌റ്റേഡിയം നിറയെ കാണികളുണ്ടായിരുന്നില്ല. ആ മല്‍സരം ആസ്വദിക്കാന്‍ പക്ഷേ ധാരാളം മലയാളികളുണ്ടായിരുന്നു. അവരെല്ലം അല്‍ ഐന് ഒപ്പമാണ് നിന്നത്.

പക്ഷേ ഗാരത്ത് ബെയിലിനെ പോലുള്ള ലോകോത്തര താരങ്ങള്‍ നിറഞ്ഞാടിയ പോരാട്ടത്തില്‍ റയല്‍ ഗംഭീര വിജയം നേടി. അന്ന് അല്‍ ഐന് ഒപ്പം നിന്നവര്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നു-ഇന്ന് ആര്‍ക്കൊപ്പം നില്‍ക്കണം….
പ്രവാസികളുടെ സ്വര്‍ഗമാണ് യു.എ.ഇ. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഇവിടെ വര്‍ഷങ്ങളായി ജീവിക്കുന്നത്. എല്ലാവര്‍ക്കും ഇത് പ്രിയപ്പെട്ട രണ്ടാം രാജ്യമാണ്. നാളെ ഇവിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുന്നുണ്ട്.

അതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുമ്പോഴും ഇന്ത്യ തകര്‍പ്പന്‍ ജയം നേടുമെന്ന വിശ്വാസത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. കാല്‍പ്പന്ത് ഒരു വികാരമാണ്. അവിടെ രാജ്യമാണ് വലുത്. വലിയ വന്‍കരയുടെ ഫുട്‌ബോള്‍ അധിപന്മാരാവാന്‍ ഇന്ത്യക്കാവില്ലെന്ന് ഉറച്ച് വിശ്വസിക്കുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോളിലെ മാറ്റങ്ങളിലാണ് പ്രവാസികളുടെ സന്തോഷം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ വന്നതോടെ കളി മാറുന്നു. സുന്ദരമായ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാവുന്നു. തായ്‌ലാന്‍ഡിനെതിരായ മല്‍സരത്തില്‍ ഇന്ത്യ രണ്ടാം പകുതിയില്‍ നേടിയ മൂന്ന് ഗോളുകളും സുന്ദരമായിരുന്നു.

ഛേത്രി നേടിയ രണ്ടാം ഗോള്‍ വേഗതയുടെ പര്യായമായിരുന്നെങ്കില്‍ അനിരുദ്ധ് ഥാപ്പ നേടിയ മൂന്നാം ഗോള്‍ പ്ലാനിംഗിന്റെ ഉദാഹരണമായിരുന്നു. ദീര്‍ഘവീക്ഷണമായിരുന്നു ജെജെയുടെ നാലാം ഗോള്‍. ഇത്തരത്തില്‍ ഗഹനമായ ഫുട്‌ബോള്‍ ചര്‍ച്ചകളുടെ സായാഹ്നങ്ങളാണ് ഈ അറബ് നാട്ടില്‍ കടന്ന് പോവുന്നത്. ഏഷ്യ എന്ന വലിയ വന്‍കര ഇവിടെയുണ്ട്. ഇറാനും ഇറാഖും ജപ്പാനും കൊറിയക്കാരും ചൈനക്കാരും എന്തിന് ഫുട്‌ബോളില്‍ വലിയ വിലാസമില്ലാതിരുന്ന ഫിലിപ്പൈന്‍സ് പോലും കളിക്കുന്നുണ്ട്. എല്ലാവരും സ്വന്തം രാജ്യത്തെ പിന്തുണക്കുന്നു. കഴിഞ്ഞ ദിവസം സഊദി അറേബ്യക്കാര്‍ അഞ്ച് ഗോളുകളാണ് ഉത്തര കൊറിയന്‍ വലയില്‍ നിക്ഷേപിച്ചത്.
ലോകകപ്പ് പോലെ വലിയ വേദിയില്‍ പന്ത് തട്ടിയവരാണ് സഊദിക്കാര്‍. പക്ഷേ ഉത്തര കൊറിയക്ക് അഞ്ച് ഗോള്‍ എന്നത് ആഘാതമാണ്. അവരുടെ താരങ്ങള്‍ പോലും ഈ ഗോളുകളില്‍ പേടിക്കുന്നവരാണ്-കാരണം ഉ.കൊറിയ ഭരിക്കുന്നത് ഏകാധിപതികളാണ്. രാജ്യം തോറ്റാല്‍ താരങ്ങളെ തന്നെ ഇല്ലാതാക്കാന്‍ മടിയില്ലാത്തവര്‍. അത്തരത്തില്‍ അനുഭവമുള്ള കായികതാരങ്ങള്‍ അവിടെയുണ്ട്. പക്ഷേ ഇന്ത്യന്‍ താരങ്ങളും ആരാധകരും ഫുട്‌ബോളിനെ അറിയുന്നവരുമെല്ലാം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ ചിന്തിക്കുന്നവരാണ്. കളിയെ അതിന്റെ സ്പിരിറ്റില്‍ കാണുന്നവര്‍.ആര് ജയിച്ചാലും ഹാപ്പിയാണെന്നാണ് ഭൂരിപക്ഷം മലയാളികളും പറയുന്നത്-കാരണം ജയിക്കുക നല്ല ഫുട്‌ബോള്‍ കാഴ്ച്ചവെച്ചവരാവുമല്ലോ…