ഏഷ്യാകപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു

കൊല്‍ക്കത്ത: ഈ വര്‍ഷം സെപ്റ്റംബറില്‍ യു.എ.ഇയില്‍ നടക്കേണ്ടിയിരുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2021 ജൂണിലേക്കാണ് ടൂര്‍ണമെന്റ് മാറ്റിവെച്ചത്. യാത്രാ നിയന്ത്രണങ്ങളും നിര്‍ബന്ധിത ക്വാറന്റെയ്ന്‍ വേണമെന്നതും കളിക്കാരുടെ സുരക്ഷയും കണക്കിലെടുത്താണ് ടൂര്‍ണമെന്റ് നീട്ടിവെച്ചതെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഏഷ്യാ കപ്പ് റദ്ദാക്കിയതായി നേരത്തെ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരേ പാക് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തുവന്നിരുന്നു. ഗാംഗുലിയല്ല അതു തീരുമാനിക്കേണ്ടതെന്നും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ടൂര്‍ണമെന്റ് മാറ്റിവെച്ച കാര്യം പ്രഖ്യാപിക്കേണ്ടതെന്നുമായിരുന്നു പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ മീഡിയ ഡയറക്ടര്‍ സാമിയുല്‍ ഹസന്‍ ബേണിയുടെ പ്രതികരണം.

ഈ വര്‍ഷം പാകിസ്താനായിരുന്നു ഏഷ്യാ കപ്പിന്റെ ആതിഥേയരാകേണ്ടിയിരുന്നത്. എന്നാല്‍ സുരക്ഷാ പ്രശ്‌നം ഉയര്‍ന്നുവന്നതോടെ നിഷ്പക്ഷ വേദിയായ യു.എ.ഇയിലേക്ക് ഏഷ്യാ കപ്പ് മാറ്റുകയായിരുന്നു. കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റിലും ഇന്ത്യയായിരുന്നു ചാമ്പ്യന്‍മാര്‍.