കിവീസ് ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കി അശ്വിന്റെ മാസ്മരിക ബൗളിങ്; ആ പ്രകടനം കാണാം

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ സ്പിന്നര്‍ അശ്വിന്‍ സംഹാര രൂപം പൂണ്ടപ്പോള്‍ മറുപടിയുണ്ടായിരുന്നില്ല ന്യൂസിലാന്റിന്. ഇന്ത്യ വെച്ചു നീട്ടിയ 475 റണ്‍സെന്ന പടുകൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസ് താരങ്ങള്‍ അശ്വിന് മുന്നില്‍ കറങ്ങി വീഴുകയായിരുന്നു. ഏഴു താരങ്ങളാണ് തമിഴ്‌നാട്ടുകാരന് മുന്നില്‍ ബാറ്റു വെച്ച് കീഴടങ്ങിയത്.

ഏഴു വിക്കറ്റുകളില്‍ നാലു പേരും അശ്വിന്റെ ദൂസ്രക്ക് മുന്നില്‍ വിക്കറ്റ് തെറിച്ചാണ് പുറത്തായത്. കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ലൂക്ക് റോഞ്ചി, മിച്ചല്‍ സാന്റ്‌നര്‍ തുടങ്ങി ന്യൂസിലാന്റിന്റെ മുന്‍നിരയെ എറിഞ്ഞിട്ട അശ്വിന്‍ വാലറ്റക്കാരെയും വന്ന വഴിക്ക് തിരിച്ചയച്ചു.

ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റ് വീഴ്ത്തിയ താരം രണ്ടിന്നിങ്‌സിലുമായി 13 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇരട്ട ശതകം തികച്ച ക്യാപ്റ്റന്‍ കോഹ്ലിയെ പിന്തള്ളി മാന്‍ഓഫ്ദ മാച്ച് പുരസ്‌കാരം നേടാനും ഈ ബൗളിങ് മികവ് അശ്വിനെ തുണച്ചു.

റോസ് ടെയ്‌ലര്‍, ലൂക്ക് റോഞ്ചി എന്നിവരെ വീഴ്ത്തിയ അശ്വിന്റെ ബോളുകള്‍ അതിമനോഹരമായിരുന്നു. ഓഫ്‌സൈഡില്‍ കുത്തിയ ശേഷം ലെഗിലേക്ക് ടേണ്‍ ചെയ്ത പന്തുകള്‍ക്കു മുമ്പില്‍ ദിശയറിയാതെ വിക്കറ്റു തെറിക്കുകയായിരുന്നു.

കാണാം അശ്വിന്റെ ആ മാസ്മരിക ബൗളിങ് പ്രകടനം.

SHARE