യുവനടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: മറാത്തി യുവനടന്‍ അശുതോഷ് ഭാക്രെയെ(32) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രശസ്ത നടി മയൂരി ദേശ്മുഖിന്റെ ഭര്‍ത്താവാണ് അശുതോഷ്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മഹാരാഷ്ട്രയിലെ നന്ദേഡിലെ ഗണേഷ് നഗര്‍ കോളനിയിലാണ് അശുതോഷും മയൂരിയും താമസിച്ചിരുന്നത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. അശുതോഷിന് വിഷാദ രോഗമുണ്ടായിരുന്നുവെന്നും അടുത്ത കാലത്ത് ആളുകള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ശിവാജ് നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഉറങ്ങാന്‍ പോവുകയാണെന്ന് മയൂരിയോട് പറഞ്ഞാണ് അശുതോഷ് റൂമിലേക്ക് പോയത്. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞും കാണാതായതോടെ വീട്ടുകാര്‍ വാതിലില്‍ മുട്ടിവിളിച്ചു. തുറക്കാതായതോടെ ബലംപ്രയോഗിച്ച് ജനല്‍ തുറന്നപ്പോള്‍ അശുതോഷിനെ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ കുറിച്ച് അശുതോഷിന്റെ പിതാവിന്റെ മൊഴി രേഖപ്പെടുത്തിയെന്നും അദ്ദേഹം ആര്‍ക്കെതിരെയും പരാതിയൊന്നും പറഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഇച്ചാര്‍ താര്‍ല പക്ക, ബകര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായിരുന്നു അശുതോഷ്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഖുല്‍ത കാളി ഖുലേന, ദിവാസ് തുടങ്ങിയ സീരിയലുകളിലൂടെ പ്രശസ്തയാണ് മയൂരി.

SHARE