തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജിവെച്ചു

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസ രാജിവെച്ചു. ഏഷ്യന്‍ വികസന ബാങ്കിന്റെ (എഡിബി.) വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് രാജി. അദ്ദേഹത്തിന്റെ നിയമനവാര്‍ത്ത ബുധനാഴ്ചയാണ് എഡിബി. പുറത്തുവിട്ടത്. 2019-ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി. അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കും എതിരായ പെരുമാറ്റച്ചട്ടലംഘന ആരോപണങ്ങളില്‍ ഇരുവര്‍ക്കുമെതിരേ നിലപാടെടുത്ത് ലവാസ വാര്‍ത്തകളിലിടംതേടിയിരുന്നു. കമ്മിഷനിലെ മറ്റംഗങ്ങള്‍ പെരുമാറ്റച്ചട്ടലംഘനം നടന്നില്ലെന്ന നിലപാടിലായിരുന്നു.

1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2018 ജനുവരി 23-നാണ് തെരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. സുനില്‍ അറോറ വിരമിക്കുമ്പോള്‍ കീഴ്‌വഴക്കപ്രകാരം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാകേണ്ടത് തൊട്ടടുത്ത മുതിര്‍ന്ന അംഗമായ ലവാസയായിരുന്നു. അതിനിടെയാണ് അദ്ദേഹം എഡിബിയിലേക്ക് പോകുന്നത്. ഓഗസ്റ്റ് 31-ന് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുമ്പോള്‍ ലവാസ സ്ഥാനമേല്‍ക്കും.

തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തുംമുമ്പ് ധനകാര്യം, പരിസ്ഥിതി, വ്യോമയാനം എന്നീ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഒരംഗം രാജിവെക്കുന്നത് രണ്ടാംതവണയാണ്. 1973-ല്‍ അന്നത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ നാഗേന്ദ്ര സിങ് അന്താരാഷ്ട്ര നീതിന്യായകോടതിയില്‍ ന്യായാധിപനായി നിയമിക്കപ്പെട്ടപ്പോള്‍ സ്ഥാനമൊഴിഞ്ഞിരുന്നു.

SHARE