ജയ്പുര്‍: രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തുന്നതിന് പൗരത്വ നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത് ആവശ്യപ്പെട്ടു.
‘പൗരത്വ നിയമ ഭേദഗതി എന്‍ഡിഎ സര്‍ക്കാര്‍ നിര്‍ബന്ധമായും പുനഃപരിശോധിക്കണം. ഭരണഘടനയുടെ സത്തയ്ക്ക് എതിരാണത്. ഇത് പിന്‍വലിച്ച് രാജ്യത്ത് സമാധാനവും ഐക്യവും നിലനിര്‍ത്തണം’ ഗെഹ്‌ലോത് പറഞ്ഞു. ജയ്പുരില്‍ നടന്ന എന്‍ആര്‍സിസി.എ.എ വിരുദ്ധ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരും പ്രതിഷേധക്കാര്‍ക്ക് ഒപ്പമുണ്ട്. തടങ്കല്‍ പാളയത്തിലേക്ക് ആര്‍ക്കെങ്കിലും പോകേണ്ട ഒരു സാഹചര്യമുണ്ടായാല്‍ ആദ്യം പോകുന്ന ആള്‍ താനായിരിക്കും. മാതാപിതാക്കളുടെ ജനന വിവരങ്ങള്‍ എന്‍പിആറില്‍ തേടുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ജനന സ്ഥലമടക്കം എനിക്കറിയില്ല. അത്തരം വിവരം തനിക്ക് കൊടുക്കാനാവില്ലെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.
നിയമങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനാകും. എന്നാല്‍ ജനങ്ങളുടെ വികാരങ്ങള്‍ മാനിച്ച്‌ക്കൊണ്ടായിരിക്കണമതെന്നും അദ്ദേഹം വ്യക്തമാക്കി.