ജയ്പൂര്‍: രാജസ്ഥാനില്‍ നടക്കാനിരിക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സി.പി.ഐ.എം എം.എല്‍.എമാര്‍ പിന്തുണക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒറ്റവോട്ടു പോലും പുറത്തുപോവില്ലെന്നും രണ്ടു സിപി.ഐ.എം എം.എല്‍.എമാര്‍ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും, ഗെലോട്ട് പ്രതികരിച്ചു.
‘ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ ഒറ്റവോട്ടു പോലും പുറത്തു പോവില്ല. ഞങ്ങളുടെ രണ്ടു സ്ഥാനാര്‍ത്ഥികളും വിജയിക്കും. മാത്രമല്ല, രണ്ടു സിപി.ഐ.എം എം.എല്‍.എമാര്‍ ഞങ്ങളെ പിന്തുണയ്ക്കുകയും ചെയ്യും,’ ഗെലോട്ട് പറഞ്ഞു.
രാജസ്ഥാനില്‍ രാജ്യസഭാ തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിയുടെ കുതിരക്കച്ചവട വിവാദങ്ങള്‍ നിലനില്‍ക്കെയാണ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രഖ്യാപനം. വെള്ളിയാഴ്ച രാവിലെ മുഖ്യമന്ത്രി സി.പി.ഐ (എം) എം.എല്‍.എമാരുമായി കൂടികാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ ഈ രണ്ട് എം.എല്‍.എമാരും അവരോടൊപ്പം ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഗെലോട്ട് സി.പി.ഐ-എമിന്റെ പിന്തുണ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
രണ്ട് സിപിഐ എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ബന്ധപ്പെട്ടാതായും മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു.
രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവെച്ചത് മനഃപൂര്വ്വമാമെന്ന് കുതിരക്കച്ചവടത്തില്‍ കേന്ദ്ര സര്‍ക്കാറിനെ കുറ്റപ്പെടുത്തി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് നേരത്തെ ആരോപിച്ചിരുന്നു. രാജ്യം കൊവിഡിനെ നേരിടുമ്പോള്‍ അമിത്ഷായും മോദിയും രാജ്യത്തിന്റെ ജനാധിപത്യത്തെ നശിപ്പിക്കുകയായിരുന്നെന്നും ഗെലോട്ട് പറഞ്ഞു.