അധികാരം മാത്രമാണ് അവരുടെ ചിന്ത; വിമര്‍ശനവുമായി അശോക് ഗെഹ്‌ലോട്ട്

ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി ബിജെപിയുമായി കൈക്കോര്‍ത്ത മധ്യപ്രദേശിലെ മുന്‍ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നിലപാടില്‍ പ്രതികരണവുമായി പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ രംഗത്ത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് രാജിക്കത്ത് നല്‍കിയാണ് സിന്ധ്യ ബിജെപിയുമായ കൈകോര്‍ത്തത്. മോദിയെയും അമിത് ഷായെയും സന്ദര്‍ശിച്ച ഉടനെയാണ് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. മോദിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരിക്കുന്നതായി സൂചന. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സിന്ധ്യയെ പുറത്താക്കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതിന് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യയെ വിമര്‍ശിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. ബി.ജെ.പിയുമായി കൈകോര്‍ക്കുന്നത് ജനങ്ങളോട് വിശ്വാസ വഞ്ചന കാണിക്കുന്നതിന് തുല്യമെന്നാണ് അശോക് ഗെഹ്‌ലോട്ട് വിമര്‍ശിച്ചത്.

രാജ്യത്തെ പ്രതിസന്ധിയിലേക്കെത്തിച്ച സമയത്ത് ബിജെപിയുമായി കൈകോര്‍ക്കുന്ന രീതി നേതാക്കളുടെ തീരാത്ത ആത്മാഭിലാഷങ്ങളുടെ ആഴത്തെയാണ് തുറന്നുകാട്ടുന്നത്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, ജനാധിപത്യ സ്ഥാപനങ്ങള്‍ം തുടങ്ങി പൊതുമേഖല, ജുഡീഷ്യറി തുടങ്ങിയവയെ ബിജെപി ഭരണകൂടം നശിപ്പിക്കുന്ന സമയത്ത് പ്രത്യേകിച്ചും. സിന്ധ്യ നിങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയുമാണ് വഞ്ചിച്ചത്.

വോട്ടു ചെയ്ത ജനങ്ങളോട് സിന്ധ്യ വിശ്വാസവഞ്ചന കാണിച്ചെന്നും അധികാരം മാത്രമാണ് അവരുടെ ചിന്തയെന്നും ഗെഹ്‌ലോട്ട് പറഞ്ഞു. അധികാരമില്ലാതെ വളരാന്‍ സാധിക്കുകയില്ലെന്നാണ് ഇത്തരത്തിലുള്ള ആളുകള്‍ കരുതുന്നത്. മികച്ചത് ലഭിക്കാന്‍ താമസിയാതെ അവര്‍ വീണ്ടും ഉപേക്ഷിക്കും, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.