ഭാര്യമാരെ ഇന്ത്യയിലിട്ട് കടന്നുകളയുന്ന ഭര്‍ത്താക്കന്മാരെയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്: ഉവൈസി

ന്യൂഡല്‍ഹി: ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ച് കടന്നുകളഞ്ഞ 45 പ്രവാസി പുരുഷന്മാരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതു പോലെ ഇത്തരക്കാരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി.

ട്വിറ്റര്‍ അക്കൗണ്ടിലാണ് ഉവൈസി നിലപാട് വ്യക്തമാക്കിയത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതു കൊണ്ട് മാത്രം കാര്യമില്ല. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കുന്നതില്‍ നിന്നും അവരെ വിലക്കണം-ഉവൈസി ട്വീറ്റ് ചെയ്തു.

ഭാര്യമാരെ ഇന്ത്യയിലുപേക്ഷിച്ചു കടന്ന 45 പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെന്ന് വനിതാ ശിശു വികസന വകുപ്പു മന്ത്രി മേനകാ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. എന്‍.ആര്‍.ഐ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഒഴിവാക്കി കടന്നു കളയുന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി രൂപീകരിച്ചിരുന്നു. ഇവര്‍ക്കെതിരെ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.