കോവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം

ആലപ്പുഴ: കൊവിഡ് നിരീക്ഷണം ലംഘിച്ച് മുങ്ങിയ യുവ ഐഎഎസുകാരന് വീണ്ടും നിയമനം. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്ക് ഈ മാസം 7 നാണ് ആലപ്പുഴ സബ് കളക്ടറായി വീണ്ടും നിയമന ഉത്തരവ് നല്‍കിയത്. നിലവില്‍ അനുപം മിശ്ര ആലപ്പുഴയിലെ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനിലാണ്. അടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കും. എന്നാല്‍ ഇദ്ദേഹത്തിന്റെ സുരക്ഷയുണ്ടായിരുന്ന പൊലീസുകാരന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്.

വിവാഹശേഷം മധുവിധു ആഘോഷിക്കാന്‍ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാന്‍ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ മാര്‍ച്ച് 19ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ഇതിനിടെ നിന്ന് മുങ്ങി. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്, ആരോഗ്യ-പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതറിയുന്നത്. തുടര്‍ന്ന് ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി.

സബ് കളക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് അനുപം മിശ്രയെ സസ്‌പെന്റ് ചെയ്തത്. അതേസമയം, വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ പറഞ്ഞപ്പോള്‍ സ്വന്തം വീട്ടില്‍ പോകാന്‍ പറഞ്ഞതാണെന്നു കരുതിയാണ് താന്‍ കേരളം വിട്ടതെന്നായിരുന്നു അനുപം മിശ്ര നല്‍കിയ വിശദീകരണം. അതേസമയം, അനുപം മിശ്രയുടെ ഗണ്‍മാനായ കൊല്ലം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ സജീവ് സസ്‌പെന്‍ഷനില്‍ തുടരുകയാണ്.

SHARE