ഗോവയില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്; സര്‍ക്കാറുണ്ടാക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു

പനാജി: ഗോവയില്‍ സര്‍ക്കാറുണ്ടാക്കാന്‍ തങ്ങള്‍ക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ ഗിരിഷ് ചോദങ്കര്‍ ഗവര്‍ണര്‍ മൃതുല സിന്‍ഹയെ കണ്ടു. ബി.ജെ.പി പിന്‍വാതിലൂടെ ഗോവയില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതാണ് ഗോവയില്‍ ബി.ജെ.പിക്ക് വലിയ പ്രതിസന്ധിയാവുന്നത്. വിദേശത്തെ ചികിത്സ കഴിഞ്ഞ് മടങ്ങി എത്തിയ പരീക്കറെ ആരോഗ്യ നില വീണ്ടും വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ചുമതല മറ്റൊരാളെ ഏല്‍പിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണ സഖ്യത്തിലെ എം.ജി.പിയും പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. ഇതോടെ പരീക്കര്‍ക്ക് പകരക്കാരനെ കണ്ടെത്താന്‍ ബി.ജെ.പി നിര്‍ബന്ധിതരായിരിക്കുകയാണ്. പരീക്കറിന്റെ ജനകീയതയും സഖ്യകക്ഷികളെ കൂട്ടിയോജിപ്പിക്കാനുള്ള കഴിവും ഉപയോഗപ്പെടുത്തിയാണ് പ്രതിരോധമന്ത്രി സ്ഥാനം രാജിവെപ്പിച്ച് ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പാര്‍ട്ടി നിയോഗിച്ചത്. പരീക്കറിനു പുറമെ ബി.ജെ.പിയുടെ രണ്ട് മന്ത്രിമാരും ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലാണ്. പാണ്ഡുരംഗ് മഡകാക്കറും, ഫ്രാന്‍സിസ് ഡിസൂസയുമാണ് ചികിത്സയിലുള്ളത്.

 

2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും സഖ്യ കക്ഷികളെ ചാക്കിട്ടു പിടിച്ച് ബി.ജെ.പി ഭരണം കൈയ്യാളുകയായിരുന്നു. മൂന്ന് എം.എല്‍.എമാര്‍ വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മൂന്നു സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെയാണ് ബി.ജെ.പി സംസ്ഥാനം ഭരിക്കുന്നത്. പരീക്കറിനെയല്ലാതെ ഇവര്‍ പിന്തുണക്കില്ലെന്നതാണ് ബി.ജെ.പിയെ കുഴക്കുന്ന പ്രശ്‌നം. ഇതു മുതലെടുത്ത് അധികാരത്തിലേറനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

പരീക്കര്‍ വിദേശത്ത് ചികിത്സക്ക് പോയതു മുതല്‍ ഭരണ ചുമതല അഡൈ്വസറി കമ്മിറ്റിക്കാണ്. എന്നാല്‍ കഴിഞ്ഞ എട്ടു മാസമായി പരീക്കറുടെ അഭാവത്തില്‍ സംസ്ഥാന ഭരണം പ്രതിസന്ധിയിലാണെന്നും ഈ സാഹചര്യത്തില്‍ മുതിര്‍ന്ന അംഗത്തെ ഭരണ ചുമതല ഏല്‍പിക്കണമെന്നുമാണ് എം.ജി.പിയുടെ ആവശ്യം.

സഹോദരനും ഗോവ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ സുദിന്‍ ധവാലികറെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങളാണ് എം.ജി.പി നേതാവ് ദീപക് ധവാലികര്‍ നടത്തുന്നത്. നിലവില്‍ സുദിന്‍ ധവാലികറാണ് മുതിര്‍ന്ന അംഗം. എന്നാല്‍ ധവാലികറെ ഗോവ ഫോര്‍വേഡ് പാര്‍ട്ടി പിന്തുണക്കുന്ന കാര്യം സംശയമാണ്. അതേ സമയം സംസ്ഥാനത്ത് ഭരണ സ്തംഭനം തുടരുന്ന സാഹചര്യത്തില്‍ മന്ത്രിസഭ പിരിച്ചു വിട്ട് ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപികരിക്കാന്‍ ക്ഷണിക്കമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.