ചണ്ഡീഗഡ്: ഗുരുദാസ്പൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് താരം സണ്ണി ഡിയോളിനെ തീരുമാനിച്ചതിനെതിരെ പാര്‍ട്ടിയില്‍ പട. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയിരുന്ന മുന്‍ കേന്ദ്ര മന്ത്രിയും നാല് തവണ എം.പിയുമായ വിനോദ് ഖന്നയുടെ ഭാര്യ കവിത ഖന്നയാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. പാര്‍ട്ടി തന്നെ വഞ്ചിച്ചതായാണ് തോന്നുന്നതെന്നും സ്വതന്ത്രയായി മത്സരിക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരായുന്നതായും അവര്‍ പറഞ്ഞു. തന്ന എം.പിയായി കാണണമെന്നുള്ള ഗുരുദാസ്പൂരിലെ ജനങ്ങളുടെ ആഗ്രഹങ്ങളാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം തല്ലിക്കെടുത്തിയത്. വിനോദ് ഖന്നയോടൊപ്പം 20 വര്‍ഷമായി മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും അവര്‍ പറഞ്ഞു. 1998, 99, 2004, 2014 വര്‍ഷങ്ങളില്‍ വിനോദ് ഖന്നയാണ് മണ്ഡലത്തില്‍ നിന്നും വിജയിച്ചത്.