പോളിങ് ശതമാനം പുറത്തുവിടാത്തതെന്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കെജരിവാള്‍

ഇലക്ടോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റുന്ന പണിയാണോ പിന്നില്‍ നടക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി : വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ തികച്ചും ഞെട്ടിക്കുന്നതാണെണ് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ ആശങ്ക പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണ് ചെയ്യുന്നത്? വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിട്ടിട്ടും എന്തുകൊണ്ടാണ് വോട്ടിങ് ശതമാനം എത്രയാണെന്ന് അവര്‍ വെളിപ്പെടുത്താത്തത്? ‘ കെജരിവാള്‍ ചോദിക്കുന്നു.
അന്തിമ വോട്ടിങ് ശതമാനം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇനിയും തയ്യാറാവത്താതാണ് ഡല്‍ഹി പിടിച്ചടക്കുമെന്ന് എക്‌സിറ്റി പോളുകള്‍ വിധിയെഴുതിയ ആം ആദ്മി സംശയത്തിലാക്കുന്നത്.

143 ബൂത്തുകളുടെ ഫോമുകള്‍ സമാഹരിച്ചപ്പോള്‍ എന്റെ നിയോജകമണ്ഡലത്തില്‍ (ശകുര്‍ബാസ്തി) 144777 വോട്ടര്‍മാരില്‍ 98012 പേര്‍ വോട്ടു ചെയ്തു. ഇവിടെ 67.7 ശതമാനമാണ് പോളിങ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇപ്പോഴും കാണുന്നത് 49.19 ശതമാനം പോളിംഗ് മാത്രമാണ്. വോട്ടെടുപ്പ് നടന്ന് 22 മണിക്കൂര്‍ കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തുകൊണ്ടാണ് പോളിംഗ് ഡാറ്റ പുറത്തുവിടാത്തത്., കെജരിവാള്‍ ചോദിച്ചു

”തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണു ചെയ്യുന്നത്? പോളിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുശേഷവും വോട്ടര്‍മാരുടെ കണക്ക് പുറത്തുവിടാത്തത് എന്തുകൊണ്ടാണ്?” കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇതേ ആശങ്ക ഉന്നയിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിങ്ങും പത്രസമ്മേളനം നടത്തി. ഡല്‍ഹി പോലുള്ള ഒരു ചെറിയ സ്ഥലത്ത് പോള്‍ ചെയ്ത മൊത്തം വോട്ടുകളുടെ എണ്ണം കണക്കാക്കാന്‍ എന്തുകൊണ്ടാണ് ഇത്രയധികം സമയമെടുക്കുന്നതെന്നു കമ്മിഷന്‍ ഉത്തരം നല്‍കണം,” സഞ്ജയ് സിങ് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച സഞ്ജയ് ഇലക്ട്രോണിക് വോട്ടിങ് മെഷീനെ എഎപി കുറ്റപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കി.

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ശനിയാഴ്ച വൈകിട്ടാണ് അവസാനിച്ചത്. എന്നാല്‍ അന്തിമ പോളിങ് കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 60 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തുവെന്നാണു ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വോട്ടെടുപ്പ് അവസാനിക്കുന്ന ദിവസം വൈകുന്നേരത്തോടെ വോട്ടിങ് ശതമാനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും. എന്നാല്‍ ഇത്തവണ ആറുമണിയോടെ പത്രസമ്മേളനം വിളിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ രേഖപ്പെടുത്തിയത് 57.06 ശതമാനം വോട്ടാണെന്നും 103 കേന്ദ്രങ്ങളില്‍ പോളിങ് അവസാനിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്. അതിനാല്‍ തന്നെ ഇത് സമഗ്രമല്ലെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
ഇതിനിടെ, വോട്ടിങ് ശതമാനം 61.43 ആണെന്ന് കാണിക്കുന്ന തെരഞ്ഞെടുപ്പ് ആപ്പിന്റെ സ്‌ക്രീന്‍ഷോട്ട് ശനിയാഴ്ച രാത്രി 10.17ന് ഇലക്ഷന്‍ കമ്മിഷന്‍ വക്താവ് ഷേയ്ഫാലി ശരണ്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തുവന്നിരുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യസന്ധമാകണമെന്നില്ലെന്ന് പറഞ്ഞ അമിത് ഷാ, ഇത്തരം ഫലങ്ങളാവില്ല യാഥാര്‍ഥ്യമാകുകയെന്നും പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ സര്‍വേകളും പ്രവചിച്ചത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അമിത് ഷാ.

നേരത്തെ, ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിവാരിയും നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ത്തിരുന്നു. എക്‌സിറ്റ് പോളുകളെല്ലാം പരാജയപ്പെടുമെന്ന് പ്രവചിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയുമുണ്ടായി. ഡല്‍ഹിയില്‍ 4 സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്റെ ഈ ട്വീറ്റ് സൂക്ഷിച്ചുവെക്കണമെന്നും ജയിച്ചു വരുമ്പോ ഇ.വി.എമ്മുകളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഇലക്ടോണിക് വോട്ടിങ് മെഷീനുകള്‍ മാറ്റുന്ന പണിയാണോ പിന്നില്‍ നടക്കുന്നതെന്ന് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സംശയം പ്രകടിപ്പിച്ചു.

എന്നാല്‍, വൈകിട്ട് അഞ്ച് മണിവരെയുള്ള എക്‌സിറ്റ് പോള്‍ കണക്കിനെ തള്ളി ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖി പത്രസമ്മേളനത്തില്‍ നടത്തിയ വാദത്തിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ആപ്പ് സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ എതിര്‍ത്ത ബിജെപി നേതാവ്, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണെന്നും എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്നും വ്യക്തമാക്കിയിരുന്നു.