“വീ ഷാല്‍ ഓവര്‍ക്കം” ഏറ്റുചൊല്ലി പതിനായിരങ്ങള്‍; ഡല്‍ഹിയില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ മൂന്നാമതും അധികാരമേറ്റു

ന്യൂഡല്‍ഹി: പതിനായിരങ്ങള്‍ അണിനിരന്ന രാംലീല മൈതാനിയെ സാക്ഷ്യംവഹിച്ച് ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍റായ്, കൈലാഷ് ഗഹ്ലോത്, ഇമ്രാന്‍ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നീ മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു.

അതേസമയം, തുടര്‍ച്ചയായി മൂന്നാംതവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ കെജരിവാള്‍, ലോകപ്രശസ്തമായ വീ ഷാല്‍ ഓവര്‍ക്കം എന്ന പ്രതിഷേധ ഗാനം ചൊല്ലിയാണ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഇന്ന് ഉച്ചയോടെ സത്യപ്രതിജ്ഞ ചെയ്ത അദ്ദേഹം രാംലീല മൈതാനത്ത് തടിച്ചുകൂടിയ ജനങ്ങളോടായി ഒരു ഉറപ്പുകൊടുത്തു പറഞ്ഞു. പ്രസംഗത്തിനവസാനം, ഞാന്‍ ഒരു പാട്ട് പാടും. എന്നാല്‍ അതിനൊരു നിബന്ധന നിങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഞാന്‍ ഒരു വരി പാടുമ്പോള്‍ നിങ്ങള്‍ എല്ലാവരും അതേറ്റുപാടണമെന്നതാണത്. നമ്മളുടെ കൂട്ടായ സ്വപ്‌നത്തിന്റെ സാക്ഷാല്‍ക്കാരത്തിനായുള്ള പ്രാര്‍ത്ഥനയാണിത്,’ ഡല്‍ഹി മുഖ്യമന്ത്രി പാടാന്‍ തുടങ്ങി.
‘ഹം ഹോഞ്ച് കാമിയാബ്…(ഞങ്ങളെല്ലാം മറികടക്കും/വീ ഷാല്‍ ഓവര്‍ക്കം)

1960 കളില്‍ യുഎസില്‍ നടന്ന പൗരാവകാശ പ്രസ്ഥാനത്തില്‍ പ്രതിഷേധഗാനമായി ഉയര്‍ന്നുവന്ന ഈ ഗാനം (We Shall Overcome) പ്രശസ്ത ഹിന്ദി കവി ഗിരിജ കുമാര്‍ മാത്തൂറാണ് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തത്.
51 കാരനായ കെജരിവാള്‍ തന്റെ മുന്‍ സത്യപ്രതിജ്ഞകളിലും ഇത്തരത്തില്‍ പാടിയിരുന്നു. തന്റെ അവസാന രണ്ട് സത്യപ്രതിജ്ഞാ പരിപാടികളില്‍, ‘ഇന്‍സാന്‍ കാ ഹോ ഇന്‍സാന്‍ സെ ബൈചാറ, യാഹി പൈഗം ഹമാര (മനുഷ്യര്‍ക്കിടയിലെ സാഹോദര്യമാണ് ഞങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന സന്ദേശം) എന്ന ഗാനമാണ് ആപ്പ് മുഖ്യമന്ത്രി പാടിയത്.

വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സത്യപ്രതിജ്ഞ ചടങ്ങില്‍ ‘മിനി മഫ്‌ളര്‍മാന്‍’, ‘കുട്ടികെജരിവാള്‍’ എന്നൊക്കെ അറിയപ്പെടുന്ന ഒരുവയസ്സുകാരന്‍ അവ്യാന്‍ തോമറും പങ്കെടുത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വരാണസിയില്‍ സന്ദര്‍ശനത്തിലാണ് പ്രധാനമന്ത്രി. ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല.