മെലാനിയ ട്രംപിന്റെ ഡല്‍ഹി സ്‌കൂള്‍ സന്ദര്‍ശനം; മുഖ്യമന്ത്രി കെജരിവാളിനേയും സിസോദിയേയും ഒഴിവാക്കിയതായി എ.എ.പി

ന്യൂഡല്‍ഹി: മെലാനിയ ട്രംപിന്റെ ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശനത്തില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനേയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയേയും കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത ആഴ്ച രാജ്യ തലസ്ഥാനം സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്റെ സ്‌കൂള്‍ പരിപാടിയില്‍ നിന്ന് അരവിന്ദ് കെജരിവാള്‍, മനീഷ് സിസോഡിയ എന്നിവരുടെ പേരുകള്‍ ഒഴിവാക്കിയതായ ആരോപണം ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉന്നയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച മെലാനിയ ട്രംപ് സന്ദര്‍ശിക്കുന്ന ഡല്‍ഹി സ്‌കൂള്‍ കെജറിവാള്‍ സര്‍ക്കാരിന്റെ കീഴില്‍ വരുന്നതിനാല്‍ ഇരുവരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് എഎപി വൃത്തങ്ങള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. തങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ പുതിയ പരീക്ഷണത്തെക്കുറിച്ച് സ്‌കൂളില്‍ സന്ദര്‍ശന വേളയില്‍ മെലാനിയയെ ബോധ്യപ്പെടുത്തുന്നതിനും പുതിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കെജരിവാള്‍, സിസോഡിയ എന്നിവരുടെ പങ്കാളിത്തം കാരണമാവുമെന്നും എഎപി പറഞ്ഞിരുന്നു.
അതേസമയം, ഇരുവരെയും വിവിഐപി പരിപാടിയില്‍ നിന്ന് ഒഴിവാക്കാനുള്ള ബിജെപിയുടെ നേതൃത്വത്തിലുള്ള പദ്ധതിയാണിപ്പോള്‍ നടന്നിരിക്കുന്നതെന്നും ആം ആദ്മി ആരോപിച്ചു.

സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍, നരേന്ദ്രമോദിയുടെ അല്‍പത്തരത്തിന് ഒരു സമാനതകളുമില്ലെന്ന് ട്വീറ്റ് ചെയ്തു:
നിങ്ങള്‍ക്ക് അരവിന്ദ് കെജരിവാളിനെയും മനീഷ് സിസോഡിയയെയും ക്ഷണിക്കാതിരിക്കാതെ നോക്കാം, പക്ഷേ അവര്‍ നടത്തിയ പ്രവര്‍ത്തികള്‍ അവര്‍ക്കുവേണ്ടി സംസാരിക്കും, പ്രീതി ട്വീറ്റില്‍ വ്യക്തമാക്കി.

അര്‍വിന്ദ് കെജരിവാള്‍ നേതൃത്വം നല്‍കുന്ന ഡല്‍ഹി സര്‍ക്കാര്‍ രൂപം നല്‍കിയ പൊതുവിദ്യാഭ്യാസ സ്ഥാപനമായ സ്‌കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണുന്നതിനാണ് മെലാനിയ സ്‌കൂള്‍ സന്ദര്‍ശനം നടത്തുന്നത്. വിദ്യാര്‍ഥികളുടെ ആശങ്കയും ഉല്‍കണ്ഠയും അകറ്റുന്നതിന് വേണ്ടി രണ്ടുവര്‍ഷം മുമ്പ് മനീഷ് സിസോദിയയാണ് ‘ഹാപ്പിനെസ്സ് കരിക്കുലം’ അവതരിപ്പിക്കുന്നത്. 40 മിനിട്ട് നീണ്ടുനില്‍ക്കുന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായായ ഫെബ്രുവരി 25 നാണ് ദക്ഷിണ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം അവര്‍ സമയം ചെലവഴിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.