ശക്തമായ മഴ; അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നതിനാല്‍ കരമനയാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ നദീ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.

പലയിടങ്ങളിലും വീടുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. വരുന്ന അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കേരള തീരത്തും കന്യാകുമാരി,ലക്ഷ്വദ്വീപ് തീരങ്ങളിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

SHARE