പൊതുജനത്തെ അറിയിക്കാതെ ഡാം തുറന്നു; പലയിടത്തും വെള്ളപ്പൊക്കം


തിരുവനന്തപുരം: അരുവിക്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് വിവാദമാകുന്നു. പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ പുലര്‍ച്ചെ പെയ്തതിനാലാണ് മുന്നറിയിപ്പ് നല്‍കാതെ തുറന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. ഇതേ തുടര്‍ന്ന് തലസ്ഥാനത്തെ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.

പുലര്‍ച്ചെ രണ്ട് മണിക്ക് പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് അരുവിക്കര ഡാം നിറഞ്ഞത്. അപ്രതീക്ഷിതമായാണ് ശക്തമായ മഴ ഉണ്ടായത്. മഴ പെയ്തപ്പോള്‍ തന്നെ ദുരന്തനിവാരണ അതോറിറ്റിയേയും ജില്ലാ ഭരണകൂടത്തെയും അറിയിച്ച ശേഷമാണ് അഞ്ച് ഷട്ടറുകള്‍ തുറന്നതെന്നാണ് ജല അതോറിറ്റി പറയുന്നത്. രണ്ട് മണിക്കും നാലു മണിക്കുമിടയില്‍ ഓരോ ഷട്ടറും നടപടിക്രമം പാലിച്ചാണ് തുറന്നതെന്നാണ് വിശദീകരണം. എന്നാല്‍ തുറക്കുന്നതിന് മുന്‍പ് ജില്ലാ ഭരണകൂടം മുന്നറിപ്പ് നല്‍കിയിരുന്നില്ല.

SHARE