‘ഇതാണ് ഇന്ത്യയിലെ കൊറോണ വൈറസ്’; അരുന്ധതി റോയ്

ഡല്‍ഹി കലാപത്തില്‍ പ്രതികരണവുമായി പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ ഇന്ത്യ ഭരിക്കുന്നവരും പൊലീസും ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും കൂട്ടുനില്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു. കലാപത്തില്‍ മാര്‍ക്കറ്റുകളും വീടുകളും പള്ളികളുമെല്ലാം കത്തിച്ചു. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. പരിക്കേറ്റ് ആശുപത്രിയിലുള്ളത് നിരവധി ആളുകളാണ്.

ഡല്‍ഹി കലാപത്തെ ഹിന്ദു-മുസ്‌ലിം കലാപമാക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ഇതും ഫാസിസ്റ്റുകളും അവരെ എതിര്‍ക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്. ജാമിഅ മില്ലിയ സര്‍വ്വകലാശാലയില്‍ പെരുമാറിയതിനെക്കാളും മോശമായാണ് പൊലീസ് ഡല്‍ഹിയില്‍ ഉണ്ടായ പ്രശ്‌നത്തിലും പെരുമാറിയത്. അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിനപ്പുറം അക്രമികള്‍ക്ക് കല്ല് ശേഖരിച്ച് നല്‍കുന്നതിലേക്ക് വരെ പൊലീസ് അധപതിച്ചു.

അക്രമം നടത്താന്‍ ആഹ്വാനം ചെയ്തവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനോട് ആവശ്യപ്പെട്ട ജഡ്ജിയെ നീക്കിയത് മറ്റൊരു അക്രമമാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പില്‍ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ തോല്‍വിയിലേക്ക് നയിച്ചെന്ന വിലയിരുത്തല്‍ നിലനില്‍ക്കെ തന്നെ വര്‍ഗീയത ആയുധമാക്കി ബീഹാര്‍ തെരഞ്ഞെടുപ്പിനെയും നേരിടാന്‍ പോവുകയാണെന്ന അഭിപ്രായ പ്രകടനമായി ഡല്‍ഹി കലാപം കാണാമെന്നും അരുന്ധതി റോയ് പറഞ്ഞു. വര്‍ഗീയത കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കാലം കരുതിവെച്ചിരിക്കുന്നത് വലിയ പതനമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

SHARE