തൊഴിലില്ലായ്മ; ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസ്

രാജ്യത്തെ യുവതീ യുവാക്കള്‍ തൊഴിലില്ലായ്മ മൂലം ബുദ്ധിമുട്ടുമ്പോള്‍ ബിരുദക്കാര്‍ക്ക് വന്‍ വാഗ്ദാനവുമായി കോണ്‍ഗ്രസ് നേതൃത്വം. ബിരുദം നേടിയ തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 5,000 രൂപ വാഗ്ദാനവുമായി അരുണാചല്‍ പ്രദേശ് കോണ്‍ഗ്രസാണ് രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ പാവപ്പെട്ട കുടുംബത്തിന് പ്രതിവര്‍ഷം 75,000 രൂപ നല്‍കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഓഫര്‍. ഒറ്റത്തവണ പദ്ധതിയിലാണ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് തുക അനുവദിക്കുന്നത്. കൂടാതെ ഗ്രാമസഭാ തലത്തില്‍ വരുമാനം ഉയര്‍ത്തുമെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ താക്കാം സന്‍ജയ് പറഞ്ഞു.

മോദി ഭരണത്തില്‍ തൊഴില്‍ മേഖല സ്തംഭിച്ച അവസ്ഥയില്‍ തൊഴില്‍ രഹിതരായവര്‍ക്ക് താങ്ങു നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ പദ്ധതി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ലെകാംങ് അസംബ്ലിയില്‍ നിന്നും താക്കാം സന്‍ജയ് മത്സരിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് പുതിയ പഠനം.