തകര്‍ന്ന സമ്പദ്ഘടനയും തൊഴിലില്ലാത്ത രാജ്യവും

അഡ്വ .എംറഹ്ത്തുള്ള
(എസ് ടി യു ദേശീയ ജന.സെക്രട്ടറി)

രണ്ടാം മോദി സര്‍ക്കാര്‍ ഭരണത്തിന്റെ ഓരോ ദിനങ്ങളും ഭീതിയുടെയും ഭയാശങ്കകളുടേതുമാണ്.ഭരണഘടനയേയും ജനാധിപത്യ മൂല്യങ്ങളെയും കാറ്റില്‍ പറത്തി ചുരുങ്ങിയ കാലം കൊണ്ട് മോദി സര്‍ക്കാര്‍ എത്രയെത്ര ജന വിരുദ്ധ പരിഷ്‌കാരങ്ങളാണ് കൊണ്ടു വന്നത്.പുതിയ നിയമ നിര്‍മാണങ്ങള്‍, ഭരണഘടന ഭേദഗതികള്‍ ,തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ഇവയെല്ലാം കൊണ്ടുവന്നതും നടപ്പിലാക്കുന്നതും അപ്പം ചുട്ടെടുക്കുന്ന പോലെയാണ്. പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ഇതൊന്നും വായിച്ചു നോക്കാനുള്ള സാവകാശം പോലും നല്‍കിയിട്ടില്ല .മോദിയും അമിത് ഷായും പിന്നെ ആര്‍ എസ് എസ് ആസ്ഥാനവും മാത്രമാണ് ഇത്തരം നീക്ക ങ്ങള്‍ അറിയുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും, മുത്തലാഖ് നിരോധിച്ചതും, വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ത്തതും , യു .എ. പി. എ. നിയമത്തില്‍ ജനവിരുദ്ധ ഉള്ളടക്കങ്ങള്‍ തിരുകി കയറ്റിയതും നാം കണ്ടതാണ്. അസാധാരണമായ ചെറുത്തു നില്‍പിനും പ്രക്ഷോഭങ്ങള്‍ക്കും ഇടയാക്കിയ മതത്തിന്റെ അടിസ്ഥാനത്തില്‍ പൊതു സമൂഹത്തെ രണ്ടായി വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്.ഒരു രാജ്യം ഒരു ദേശീയത എന്ന ഹിന്ദുത്വത്തിന്റെ വിപല്‍കരമായ ആശയമാണ് എല്ലാറ്റിനും ന്യായമായി പറയുന്നത്. മോദി സര്‍ക്കാരിന്റെ ഇത്തരം നടപടികള്‍ക്ക്ഊര്‍ജ്ജം പകരുന്നത് ലോകസഭയിലെ 353 അംഗങ്ങളുടെ പിന്‍ബലവും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലെങ്കിലും പ്രതിപക്ഷ നിരയിലെ ഭിന്നിപ്പും ദുര്‍ബലതയുമായിരുന്നു. .എന്നാല്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിവേഗം മാറി മറിയുകയാണ്.

ബി ജെ പിയുടെ അധികാര മുഷ്‌ക്കിന്റെ കാലം അവസാനിച്ചു തുടങ്ങി. മഹാ രാഷ്ട്രയിലും ഝാര്‍ഖണ്ഡിലും ബി ജെ പി ക്കുണ്ടായ തെരെഞ്ഞെടുപ്പ് പരാജയവും പൗരത്വ ബില്ലിനെതിരായി ഉയര്‍ന്ന അസാധാരണമായ പ്രതിഷേധവും മുന്നേറ്റവും സൂചിപ്പിക്കുന്നത്.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ബി ജെ പിയുടെ വലിയ അജണ്ട കളുടെ ചെറിയ തുടക്കം മാത്രമായിരുന്നു. കശ്മീരില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഇപ്പോഴും സാധിക്കുന്നില്ല. ബഹുസ്വരതയും വൈവിധ്യവും നമ്മുടെ മഹത്തായ പൈതൃകവും സംസ്‌കാരവുമാണ്. എന്നാല്‍ ബി ജെ പി ഉയര്‍ത്തി കാണിക്കുന്നത് ഒരു രാജ്യം , ഒരു സംസ്‌കാരം, ഒരു ഭാഷ , ഒരു മതം, ഒരു വിശ്വാസം എന്ന മുദ്രവാക്യമാണ് .ബിജെപി ഭരണത്തില്‍ നിയന്ത്രണങ്ങളും നിബന്ധനകളും മത ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് മാത്രമായി മാറിയിരിക്കുന്നു. നാളെ അവര്‍ ക്രിസ്തു മത വിശ്വാസികള്‍ക്കുംപട്ടിക ജാതി പട്ടിക വിഭാഗത്തില്‍ പെട്ടവര്‍ക്കും എതിരായി മാറും . ഇത് ഫാസിസ്റ്റ് ഏകാധിപത്യത്തിലേക്കും ഹിന്ദു രാഷ്ട്ര നിര്‍മിതിയിലേക്കുമുള്ള പുറപ്പാടാണ്.

70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം നേരിടുന്നത്. നീതി ആ യോഗിന്റെ ഉപാദ്ധ്യക്ഷന്‍ രാജീവ് കുമാറും ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദരും അവസാനം റിസര്‍വ്വ് ബാങ്കും ഈ വസ്തുതകള്‍ സമ്മതിക്കുകയുണ്ടായി. നോട്ടു നിരോധനവും ജി.എസ്.ടി.യും മാത്രമല്ല നവ ഉദാരീകരണ നയങ്ങളുമാണ് സാമ്പത്തിക രംഗത്തെ വന്‍ തകര്‍ച്ചക്ക് ഇടയാക്കിയത്. ഈ കെടുതികളില്‍ നിന്നു രാജ്യം, സമീപ ഭാവിയില്‍ പോലും രക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ കാണുന്നില്ല. ഉല്‍പാദന ഉപഭോഗ മേഖലയും വന്‍ വ്യവസായ ങ്ങളും അനുദിനം തകര്‍ന്നു കൊണ്ടിരിക്കയാണ്. തൊഴിലില്ലായ്മയും പട്ടിണിയും പെരുകുകയുമാണ്. സാമ്പത്തിക മാന്ദ്യത്തെ നേരിടാനും മോദിയുടെ ശിങ്കിടികള്‍ കടമെടുത്തു തകര്‍ത്ത ബാങ്കുകളെ സഹായിക്കാനും റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നു 1.76 ലക്ഷം കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചു വാങ്ങിയത്. ഈ നടപടി റിസര്‍വ് ബാങ്കിനെ കൊള്ള ചെയ്യലാണ്.സമ്പത്ത് ഉല്‍പാദിപ്പിക്കുകയും രാജ്യം കെട്ടിപ്പടുക്കുകയും വികസനത്തിലേക്ക് നയിക്കുകയും ചെയ്യുന്ന സാധാരണക്കാരന്റെയും തൊഴിലാളികളുടെയും കൃഷിക്കാരന്റെയും ജീവതോപാധികളെ മുഴുവന്‍ മോദി സര്‍ക്കാര്‍ തല്ലിക്കെടുത്തുകയാണ് . ഇത്തരം നടപടികള്‍ സമ്പദ് വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.രാജ്യത്തിന്റെ ഈ ദയനീയമായ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിയും കുറുക്കുവഴികളിലൂടെപരിഹരിക്കാനാവില്ല.

45 വര്‍ഷ കാലത്തിന്നിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നത്. തൊഴില്‍ മേഖലയാകെ ഗുരുതരമായ പ്രതിസന്ധിയിലാണ്.പൊതു മേഖല സംരംഭങ്ങള്‍ ലാഭനഷ്ടം നോക്കാതെ പല രീതിയില്‍ വിറ്റഴിച്ചു കൊണ്ടിരിക്കയാണ്. പ്രതിരോധ മേഖല, വിമാന താവളങ്ങള്‍, റെയില്‍വെ തുറമുഖം ,കല്‍ക്കരി, മോട്ടോര്‍ വ്യവസായം എല്ലാം വില്പന ചരക്കാക്കി മാറ്റി. ഏതെടുത്താലും പത്ത് രൂപ എന്ന് പറഞ്ഞു അങ്ങാടികളില്‍ സാധനങ്ങള്‍ വിറ്റഴിക്കുന്ന വഴിവാണിഭക്കാരെ പോലെയാണ് മോദി ഭരണം .ഓട്ടോമൊബൈല്‍ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലാണ് .ഇത് മൂലം ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കരയും കടലും ആകാശവും സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റു കൊണ്ടിക്കുന്നു. പരമ്പരാഗത, അസംഘടിത തൊഴില്‍ മേഖലകള്‍ നാമാവശേഷമായി കൊണ്ടിരിക്കുകയാണ്. മത്സ്യ ബന്ധനം, നിര്‍മാണം, കാര്‍ഷിക മേഖല ,റിയല്‍ എറ്റേറ്റ് ,തോട്ടം, ചെറുകിട വ്യവസായ മേഖലകള്‍ തുടങ്ങിയ അസംഘടിത തൊഴില്‍ മേഖലെ വന്‍ പ്രതിസന്ധിയിലും ലക്ഷക്കണക്കിനു തൊഴിലാളികള്‍ നിത്യ പട്ടിണിയിലുമാണ്. തൊഴിലുറപ്പ് പദ്ധതിയെയും തകര്‍ത്തു കൊണ്ടിരിക്കയാണ്. സ്‌കീം വര്‍ക്കര്‍മാരുടെ ദയനീയമായ സ്ഥിതിയില്‍ ഒരു മാറ്റമില്ലാതെ തുടരുകയാണ്. മാധ്യമ രംഗത്തിനു കൂച്ചുവിലങ്ങിടുകയും മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തു തുടങ്ങി.

പൊതു മേഖല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. മോദി ഭരണം ഏറ്റവും പ്രധാനപ്പെട്ട 44 തൊഴില്‍ നിയമങ്ങളെ 4 കോഡുകളാക്കി ചുരുക്കി കെട്ടുക യാണ്. ഒന്നാം മോദി സര്‍ക്കാര്‍ പ്രഖ്യാച്ചിരുന്ന തൊഴിലാളി വിരുദ്ധ തൊഴില്‍ നിയമ ഭേദഗതികള്‍ ഒറ്റയടിക്ക് പ്രാബല്യത്തില്‍ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഈ പരിഷ്‌കാരങ്ങള്‍ക്കും ന്യായീകരണമായി പറയുന്നത് സ്വകാര്യ മൂലധന നിക്ഷേപത്തിന്റെ ആവശ്യകതയാണ്. ബിസിനസ്സിനു എളുപ്പം ഉണ്ടാക്കി കൊടുക്കലും ഇന്ത്യയുടെ നിര്‍മാണമാണ് മറ്റു ന്യായങ്ങള്‍. വികസനത്തിന്റെ ശരിയായ അര്‍ത്ഥം സാധാരണക്കാരന്റെ പോക്കറ്റിലും നാലു പണം അധികമെത്തലും ജീവിതസാഹചര്യങ്ങളുടെ മെച്ചപ്പെടലും കുടിയാണെങ്കില്‍ നേര്‍ എതിര്‍ ദിശയിലേക്കാണ് രാജ്യം നീങ്ങുന്നത്. തൊഴിലാളികളുടെ ജോലി സമയം മിക്കരാജ്യങ്ങളിലുമെന്ന പോലെ 10 ഉം15 ഉം മണിക്കൂറായി ഉയര്‍ത്തുകയും അതേ സമയം വേതനം വെട്ടി കുറക്കുകയുമാണ് . മുതല്‍ മുടക്കുന്നവരെ ആകര്‍ഷിക്കാനാണ് ഇങ്ങിനെ ചെയ്യുന്നതെന്നാണ് പറയുന്നത്. വികസനത്തിന്റെ അനിവാര്യത തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ മറ്റൊരു ന്യായമാണ് . ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ തൊഴില്‍ മേഖലക്കും സ്വായത്തമാക്കാന്‍ കഴിയേണ്ടതുണ്ട്. എന്നാല്‍ അനിയന്ത്രിതമായആധുനിക വല്‍കരണത്തിന്റെയും യന്ത്രവല്‍ക്കരണത്തിന്റെയും ഭാഗമായി റോബോട്ടുകളുടെ ( യന്ത്ര മനുഷ്യര്‍) ആധിക്യം എല്ലാ മേഖലയിലും വര്‍ദ്ധിച്ചു വരികയാണ്. യന്ത്രവല്‍കരണം ശക്തമായതോടെ ഉള്ള തൊഴില്‍ നഷ്ടപ്പെടുകയും പുതിയ സാധ്യതകള്‍ ഇല്ലാതെ ആവുകയും ചെയ്തിരിക്കുന്നു.ലോകത്ത് 4.5 ബില്യണ്‍ (450 കോടി ) മനുഷ്യര്‍ കൊടിയ പട്ടിണിയില്‍ കഴിയുമ്പോഴാണ് ലോക ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന സമ്പന്നര്‍ ലോക സമ്പത്തിന്റെ എണ്‍പത് ശതമാനം കൈയടക്കി വെച്ചിരിക്കുന്നത്.

2017ല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ച സ്വത്തിന്റെ 73 ശതമാനം ജനസംഖ്യയില്‍ ഒരു ശതമാനം വരുന്ന ആളുകള്‍ കൈ അടക്കി വെച്ചപ്പോള്‍ 67 ശതമാനം ആളുകള്‍ക്ക് ലഭിച്ചത് ഒരു ശതമാനം സമ്പത്താണ്. ഇവിടെ മിനിമം കൂലി കിട്ടുന്ന ഒരു തൊഴിലാളിയുടെ വരുമാനം ഒരു കോര്‍പറേറ്റ് സ്ഥാപനത്തിലെ ചീഫ് എക്‌സി ക്യൂട്ടീവിന്റ വാര്‍ഷിക വരുമാനത്തിനു തുല്യമാകണമെങ്കില്‍ 967 കൊല്ലം പണി എടുക്കണം എന്നാണ് ഓക്‌സ്‌ഫോമിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സമ്പത്തിന്റെ കുമിഞ്ഞുകൂടലും കേന്ദ്രീകരണവും ഇന്നു ലോക വ്യവസ്ഥയായി മാറിയിരിക്കുന്നു. ഭരണകൂടങ്ങളുടെ സഹായത്തോടെ അത്യപൂര്‍വ്വവും അളവറ്റതുമായ പ്രകൃതി വിഭവങ്ങളും സമ്പത്തുമാണ്‌കോര്‍പ്പറേറ്റ് മുതലാളിത്തം കൈയടക്കി വെച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഈ അന്തരമാണ് പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും തൊഴിലില്ലായ്മ യുടെയും തൊഴില്‍ നിഷേധത്തിന്റെയും ഭീകരമായ സാഹചര്യം സൃഷ്ടിക്കുന്നത്. സമ്പദ്‌വസ്ഥയില്‍ ഉണ്ടായികൊണ്ടിരിക്കുന്ന ഭയാനകമായ ഈ അന്തരവും അത് വഴി വളര്‍ന്നു വരുന്ന അസമത്വങ്ങളും അസ്വസ്ഥതകളും നമ്മുടെ രാജ്യമുള്‍പ്പെടെ ലോകമാസകലം സ്‌ഫോടനാത്മക സ്ഥിതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

മോദി ഭരണത്തില്‍ തകര്‍ന്നടിഞ്ഞ സമ്പദ്ഘടനയും നിഷേധിക്കപ്പെട്ട തൊഴിലവകാശങ്ങളും നിലംപരിശായ കാര്‍ഷിക മേഖലയും തൂത്തെറിയപ്പെടുന്ന ജനാധിപത്യ മതേതര മൂല്യങ്ങളും മഹനീയമായ സാംസ്‌കാരിക പൈതൃകങ്ങളും ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശവും വീണ്ടെടുക്കാനുള പോരാട്ടം കൂടുതല്‍ കരുത്താര്‍ജിക്കേണ്ടതുണ്ട്. ഇതിനായ് മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ഐക്യപ്പെടേണ്ടതുണ്ട്.മോഡി ഭരണത്തില്‍ ഏറേ ദ്രോഹ നടപടികള്‍ നേരിടുന്നത് തൊഴിലാളികളും കൃഷിക്കാരും സാധാരണക്കാരുമാണ്. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റുകള്‍ക്കും വന്‍കിട വ്യവസായികള്‍ക്കും അനുകൂലമായി ഭേദഗതി ചെയ്തും, പൊതു മുതല്‍ വിറ്റു തുലച്ചും സ്ഥിരം തൊഴിലിനു പകരം നിശ്ചിത കാലാവധി തൊഴില്‍ സമ്പ്രദായം ഏര്‍പ്പെടുത്തിയും, തൊഴില്‍ സമയം 10-15 മണിക്കൂറുകളാക്കി ഉയര്‍ത്തിയും, ബാലവേല പ്രോത്സാഹിപ്പിച്ചും സാമൂഹ്യ സുരക്ഷ പദ്ധതികള്‍ പിന്‍വലിച്ചും മാന്യമായി മിനിമം കൂലി നിഷേധിച്ചും നിലവിലുള്ള കൂലി വെട്ടിക്കുറച്ചും, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചും സംഘടിക്കാനുള്ള അവകാശത്തെ നിഷേധിച്ചും വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിച്ചും തൊഴിലാളി ജനദ്രോഹ നടപടികളുടെ കൊടുമുടിയില്‍ എത്തി നില്‍ക്കുന്ന മോദി ഭരണത്തിനു അന്ത്യം കുറിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം വീണ്ടും ഒരുമിച്ച് അണിചേരുകയാണ്. ഇന്ത്യന്‍ ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഒരു ദശാബ്ദത്തിലേറെക്കാലമായി തൊഴിലാളികള്‍ യോജിച്ചു നടത്തുന്ന പോരാട്ടം ലോക മാതൃകയാണ്.പൗരത്വത്തിന്റെ അടിസ്ഥാനം മതമായി പരിഗണിച്ച പൗരത്വ ഭേദഗതി നിയമത്തിന്നെതിരായി രാജ്യത്താകമാനം വളര്‍ന്നു വരുന്ന മഹാ മുന്നേറ്റത്തിന്റെ പശ്ചാതലത്തില്‍ വര്‍ദ്ധിച്ച പ്രാധാന്യത്തോടെ നടക്കുന്ന പ്രക്ഷോഭമാണ് ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക്.

SHARE