യൂത്ത്‌ലീഗിന്റെ പോര്‍വീര്യവും സി.പി.എമ്മിന്റെ ഇരട്ടത്താപ്പും

എം.സി മായിന്‍ ഹാജി

പൗരത്വ നിയമഭേദഗതി ബില്‍ ലോകസഭ പാസ്സാക്കി പ്രസിഡണ്ട് ഒപ്പിട്ട ദിവസം മുതല്‍ കേരളത്തിലെ പൊരുതുന്ന യുവജന സംഘടനയായ മുസ്‌ലിം യൂത്ത് ലീഗ് പോരാട്ട ഭൂമിയിലായിരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെ സംരക്ഷണം ആവശ്യപ്പെട്ട് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒരേയൊരു യുവജനസംഘടനയാണ് അണയാത്ത സമരജ്വാലയുമായി നിരന്തരമായി പോരാടിയത്. ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ യുവജന സംഘടനയായ മുസ്‌ലിം യൂത്ത് ലീഗ്. ഡേ നൈറ്റ് മാര്‍ച്ച് മുതല്‍ ശാഹിന്‍ബാഗ് സ്‌ക്വയര്‍ വരെയുള്ള കേരളത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സമര പോരാട്ടങ്ങള്‍ എല്ലാം തന്നെ നമ്മുടെ രാജ്യത്തെ മറ്റു യുവജന സംഘടനകള്‍ക്ക് മാതൃകയാണ്.
കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ച ശാഹിന്‍ബാഗ് സ്‌ക്വയറിന്റെ തുടക്കവും അതിന്റെ ഉള്ളടക്കവും താല്‍ക്കാലികമായി അവസാനിപ്പിക്കുന്ന നാല്‍പ്പതാം ദിവസം വരേയുള്ള സമരചരിത്രം രാഷ്ട്രീയ കേരളത്തെ സംബന്ധിച്ചിടത്തോളം മറ്റേത് യുവജന സംഘടനക്കും അവരുടെ സമര ചരിത്രത്തില്‍ സാധിപ്പിച്ചെടുക്കാന്‍ കഴിയാത്ത ഒന്നായിരുന്നു.

കഴിഞ്ഞ കുറേ മാസങ്ങളായി ഡല്‍ഹിയിലെ ശാഹിന്‍ബാഗില്‍ ഭരണഘടന സംരക്ഷണത്തിനായും, രാജ്യത്തെ പൗരന്റെ നിലനില്‍പ്പിനായുമുള്ള സമരത്തില്‍ സര്‍വ്വതും സമര്‍പ്പിച്ച് നമ്മുടെ സഹോദരങ്ങള്‍ പോരാടുമ്പോള്‍ തളരാത്ത ആ പോരാളികളോട് ഐക്യദാര്‍ഢ്യമറിയിച്ച് കൊണ്ടാണ് കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം യൂത്ത് ലീഗ് ശാഹിന്‍ബാഗ് സ്‌ക്വയര്‍ ഒരുക്കിയത്.
കേരളത്തിലെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ നടന്ന സമരം സ്വതന്ത്ര ഇന്ത്യയില്‍ നടന്ന തുല്യതയില്ലാത്ത സഹനസമരമായിരുന്നു. ദിവസം തോറും ആബാല വൃദ്ധം ജനങ്ങള്‍ അന്‍പതും നൂറും ഇരുനൂറും കിലോമീറ്ററുകള്‍ താണ്ടി നടന്ന് വന്ന് ശാഹിന്‍ബാഗ് സ്‌ക്വയറിലെത്തി അഭിവാദ്യം ചെയ്തതും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതും യൂത്ത് ലീഗ് സമര പോരാട്ട ചരിത്രത്തെ അവിസ്മരണീയമാക്കി.

പറഞ്ഞും, പാടിയും, വരച്ചും, എഴുതിയും ശാഹിന്‍ബാഗ് സ്‌ക്വയറിനെ സമരസജ്ജമായി സമ്പുഷ്ടമാക്കാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങളായിരുന്നു. നൂറു കണക്കിന് യൂത്ത്‌ലീഗ്, മുസ്‌ലിംലീഗ്, എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഓരോ ദിവസവും കാല്‍നടയായി അണി നിരന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നും നൂറു കണക്കിന് ആളുകള്‍ നടന്നെത്തി. കുട്ടികള്‍ മുതല്‍ 84 വയസ്സുള്ള കൊടിയത്തൂരിലുള്ള ഇത്താലിക്കാക്കയും ഓമശ്ശേരി സ്വദേശി എഴുപത്തിയഞ്ചുകാരന്‍ ജോസഫുമെല്ലാം അവരില്‍ ചിലര്‍ മാത്രം.

സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളേയും ചേര്‍ത്തു നിര്‍ത്തിയ പോരാട്ട സമരം കാണേണ്ടവരുടെ കണ്ണിലും കേള്‍ക്കേണ്ടവരുടെ കാതിലും എത്തിയിട്ടുണ്ടാവുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. യൂത്ത് ലീഗിന്റെ പോരാട്ടവീര്യം സര്‍വ്വരും തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്ന് വ്യക്തവുമാണ്. സമൂഹത്തില്‍ മഹാമാരിയായി പടര്‍ന്ന കൊറോണ ഭീഷണി ഇല്ലായിരുന്നുവെങ്കില്‍ ഈ സമരം പൂര്‍ണ്ണമായും വിജയം കണ്ടതിനു ശേഷം മാത്രമേ അവസാനിപ്പിക്കുമായിരുന്നുള്ളൂ എന്ന നിശ്ചയദാര്‍ഢ്യത്തില്‍ തന്നെയായിരുന്നു മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളും പ്രവര്‍ത്തകരും.
സമരം തുടങ്ങിയ നാള്‍ മുതല്‍ 40 ദിവസമായി തുടര്‍ന്ന പോരാട്ട ഭൂമിയില്‍ മിക്ക ദിവസങ്ങളിലും പങ്കെടുക്കാന്‍ എത്തുമ്പോള്‍ കാണാനായത് പൗരത്വസമരത്തിന് നേതൃത്വം നല്‍കുന്നവരുടേയും സമരം ചെയ്യുന്നവരുടേയും കണ്ണിലെ തിളക്കവും അവരുടെ മുഖത്തു കണ്ട ആത്മവിശ്വാസവുമാണ്. തീര്‍ച്ചയായും വിജയം കാണുമെന്നുറപ്പുള്ള ഒരു സമരമാണിതെന്ന് ആര്‍ക്കും ബോധ്യമാകുന്ന രംഗങ്ങള്‍.

നന്മയുടെ മാര്‍ക്ഷത്തിലുള്ള ഉജ്ജ്വല സമരമാണ് യൂത്ത് ലീഗിന്റെ പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടേയും, ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസിന്റെയും നേതൃത്വത്തില്‍ ചരിത്രം ഉറങ്ങിക്കിടക്കുന്ന കോഴിക്കോടിന്റെ മണ്ണില്‍ നാം കണ്ടത്. സമൂഹത്തിലെ എല്ലാ വിഭാഗം നേതാക്കളും തങ്ങളുടെ സാന്നിധ്യം കൊണ്ടും ഐക്യദാര്‍ഢ്യം കൊണ്ടും സമരം ജനകീയമാക്കിയപ്പോള്‍ ഈ ഐതിഹാസിക പോരാട്ടം കാണാതെ പോയ ഒരു കൂട്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാന ഭരണ മുന്നണിയിലെ ഒന്നാം കക്ഷിക്കാര്‍.

ന്യൂനപക്ഷ സമുദായത്തിന്റെ വിഷയങ്ങള്‍ ഉയര്‍ത്തി പിടിച്ച് ഒപ്പമുണ്ടെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുകയും സമുദായത്തിന്റെ വിഷയത്തില്‍ പരിഹാരം കാണാനുള്ള അവസരമുണ്ടാവുമ്പോള്‍ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്‍മാരായ കേരളത്തിലെ സിപിഎം ഈ സമര മുഖത്തേക്ക് തിരിഞ്ഞു നോക്കിയില്ല എന്നത് എടുത്ത് പറയേണ്ടതാണ്.
ഈ കൂട്ടരുടെ മനോവിഷമം എന്തെന്നുള്ളത് ഇക്കാലയളവില്‍ തിരിച്ചറിയുകയുണ്ടായി. ഇവരില്‍ നിന്ന് ഇതിലധികമൊന്നും നാം പ്രതീക്ഷിക്കുന്നില്ലല്ലൊ? കൂട്ടായ സമരം വേണമെന്ന് നാഴികക്ക് നാല്‍പത് വട്ടം വിളിച്ചു പറയുന്നവര്‍, കേരളത്തില്‍ യുവ സമൂഹം എല്ലാം മറന്ന് രാജ്യത്തിന്റെ നിലനില്‍പ്പിനായി സമരമുഖത്ത് പോരാടുമ്പോള്‍ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല എന്നത് ഇവരുടെ കപട രാഷ്ട്രീയ മുഖം ഒരിക്കല്‍ കൂടി തുറന്ന് കാണിക്കുന്നതായി.

ഇക്കൂട്ടരാണ് ഉത്തരേന്ത്യയില്‍ ബീഫ് നിരോധിച്ചപ്പോള്‍ കേരളത്തില്‍ ബീഫ് വരട്ടി പ്രതിഷേധിക്കുകയും, അധികാരം കൈവന്നപ്പോള്‍ ഭരണത്തിന്‍ കീഴിലെ പോലീസ് കാന്റീനില്‍ പോലും ബീഫ് നിരോധിക്കുകയും ചെയ്തത്.
ഇത്തരക്കാരായ കാപട്യക്കാരെ തൊട്ട് മതേതര സമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്. മുസ്‌ലിം യൂത്ത് ലീഗ് ഏറ്റെടുത്ത ത്യാഗസുരഭിലമായ പോരാട്ട സമരത്തിന് നല്ലവരായ ജനാധിപത്യ മതേതര വിശ്വാസികളുടെ പിന്തുണയുണ്ടായിരുന്നു. കേവലമൊരു രാഷ്ട്രീയ സമരമല്ല. സമൂഹത്തിനോടുള്ള ഉത്തരവാദിത്തമാണ് യൂത്ത്‌ലീഗ് നിര്‍വ്വഹിച്ചു. ഇത് ഇന്ത്യയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഇത് വിശ്വാസപരമായ ഉത്തരവാദിത്വമാണ്.

പൗരത്വ നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച അന്നു മുതല്‍ അതിനെതിരായുള്ള പ്രതിഷേധ പരിപാടികള്‍ അണയാതെ നിലനിര്‍ത്തി സംഘി ഭരണത്തിനെതിരെ മതേതര കൂട്ടായ്മ സൃഷ്ടിക്കാന്‍ മുസ്‌ലിം യൂത്ത് ലീഗിന് കഴിഞ്ഞു. ഫിബ്രവരി ഒന്നി ന് സമരം തുടങ്ങുമ്പോള്‍ ഇത് എത്ര ദിവസം മുമ്പോട്ട് കൊണ്ട് പോകും എന്ന ആശങ്ക എല്ലാവരിലുമുണ്ടായിരുന്നു. എന്നാല്‍ സമരം ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍, സമരം ലക്ഷ്യം കാണാന്‍ യുഗാന്തരങ്ങള്‍ വേണ്ടി വന്നാലും അത്രയും കാലം സമരത്തിന് ഞങ്ങള്‍ തയ്യാര്‍ എന്നുള്ള യുവാക്കളുടെ അടങ്ങാത്ത ആവേശമായിരുന്നു കാണാനായത്. മഹാമാരി മൂലം സമരം നിര്‍ത്തേണ്ടി വന്നപ്പോള്‍ ലക്ഷ്യമെത്താതെ നിര്‍ത്തേണ്ടി വന്നതിലുള്ള സങ്കടമൊന്ന് മാത്രമായിരുന്നു സമരഭടന്മാരുടെ മുഖത്തുണ്ടായിരുന്നത്. ഇത്തരത്തിലൊരു യുവജനസംഘ ശക്തി മലയാളക്കരക്കൊന്നാകെ അഭിമാനമാണ്.
സമരഭൂമിയില്‍ വിശ്രമമില്ലാതെ പ്രാഗല്‍ഭ്യം തെളിയിച്ച നേതൃത്വം നല്‍കുന്ന യൂത്ത് ലീഗ് നേതാക്കളേയും പ്രവര്‍ത്തകരേയും കണ്ടു. ശഹീന്‍ബാഗ് സ്‌ക്വയറില്‍ അലിഞ്ഞ് ചേര്‍ന്നവര്‍ ഒന്നും പ്രതിക്ഷിച്ച് വന്നവരല്ല. എല്ലാം സമര്‍പ്പിച്ച വന്നവരാണവര്‍. അവരുടെ ഉദ്ദേശ്യ ശുദ്ധി രാജ്യത്തെ സ്‌നേഹിക്കുന്ന നല്ലവരായ മതേതര സമൂഹം തിരിച്ചറിയുന്നുണ്ട്.

പോരാട്ടം അവസാനിക്കുന്നില്ല. പ്രത്യേക സാഹചര്യം ഉണ്ടായപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചാലും വിജയം കാണുന്നത് വരെയുള്ള പോരാട്ടത്തിന് മുസ്‌ലിം യൂത്ത് ലീഗിന് സാധിക്കും എന്ന നിശ്ചയദാര്‍ഢ്യമാണ് ഓരോ ചുവടിലും അവര്‍ പ്രകടമാക്കിയത്. അത്രയധികം ആത്മാര്‍ത്ഥയുള്ള യുവാക്കള്‍ അണി നിരന്ന യുവജന പ്രസ്ഥാനമാണ് മുസ്‌ലിം യൂത്ത് ലീഗ് എന്ന് കൂടി ഈ സമരം തെളിയിച്ചു.

SHARE