പേര് തന്നെ പ്രശ്‌നമാകുന്ന ഫാത്തിമമാര്‍

ലുഖ്മാന്‍ മമ്പാട്

”…കാള്‍ സാഗനെപോലെ ഒരു ശാസ്ത്ര സാഹിത്യകാരനാകണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍, എഴുതാന്‍ സാധിച്ചതാകട്ടെ ഇങ്ങനെയൊരു കത്തും…”
-രോഹിത് വെമുലയുടെ മരണക്കുറിപ്പില്‍നിന്ന്
ഐ.ഐ.ടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാതലത്തില്‍ ഒന്നാം റാങ്ക് നേടിയ കൊല്ലത്തുകാരി ഫാത്തിമ, ചെന്നൈ ഐ.ഐ.ടിയില്‍ മരണത്തിലേക്ക് വീഴാനുള്ള കാരണം കേള്‍ക്കുമ്പോഴാണ് ഓരോ ‘ഇന്ത്യക്കാരന്റെ’യും ഉറക്കംകെടുക. ‘ഫാത്തിമ എന്ന പേര്തന്നെ പ്രശ്‌നമാണ് വാപ്പിച്ചാ’ എന്ന് അവള്‍ പറഞ്ഞിരുന്നതായി പിതാവ് അബ്ദുല്‍ ലത്തീഫ് മാധ്യമങ്ങള്‍ക്ക്മുമ്പില്‍ വിങ്ങിപ്പൊട്ടുമ്പോള്‍ സന്തോഷിക്കുന്ന ഉന്നതന്മാരുമുണ്ടെന്ന് ഓര്‍ക്കണം. ഫാത്തിമ എന്ന പേരുകാരി സ്ഥിരമായി ഒന്നാം സ്ഥാനത്ത് എത്തുന്നത് ചില അധ്യാപകര്‍ക്ക് പ്രശ്‌നമായിരുന്നുവെന്നും പിതാവ് കൂട്ടിച്ചേര്‍ക്കുന്നു. നമ്മുടെ നാട് ആകെ മാറിപ്പോയെന്നും മുസ്‌ലിമാണെന്ന് തിരിച്ചറിയുന്നത് ഒഴിവാക്കാന്‍ മകള്‍ തലയില്‍ തട്ടം പോലും ഇടാറുണ്ടായിരുന്നില്ലെന്നുമാണ് ഉമ്മ വെളിപ്പെടുത്തിയത്. എം.എ ഹ്യുമാനിറ്റീസിന് ബനാറസില്‍ പോകാനായിരുന്നു അവളുടെ താല്‍പര്യമെങ്കിലും ഭയംമൂലം പിന്തിരിപ്പിക്കുകയായിരുന്നെന്നും മാതാവ് കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ എട്ടിന്, സുദര്‍ശന്‍ പത്മനാഭന്‍ ഈസ് ദ കോസ് ഓഫ് മൈ ഡെത്ത്. പി.എസ്: ചെക്ക് സാംസങ് നോട്‌സ് എന്ന കുറിപ്പോടെ യാത്രയാവുന്നതിന്റെ തലേന്ന് അവളുടെ സ്വപ്‌നങ്ങളിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു പ്രക്ഷോഭത്തിന് തിരികൊളുത്തിയിരുന്നത് ആകസ്മികമാകാം. മുസ്‌ലിം അസിസ്റ്റന്റ്് പ്രൊഫസറെ സംസ്‌കൃത വിഭാഗത്തില്‍ നിയമിച്ചതിന് എതിരെയാണ് എ.ബി. വി.പി സമരം ആരംഭിച്ചത്.
സംസ്‌കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി ഫിറോസ്ഖാന്റെ നിയമനത്തിനെതിരെ രംഗത്തുവന്നവര്‍ ഒരു മുസ്‌ലിമിന് ഒരിക്കലും ഞങ്ങളുടെ ധര്‍മം പഠിപ്പിക്കാനാകില്ലെന്നും ആരോപിക്കുന്നു. എന്നാല്‍, അപേക്ഷിച്ച 29 പേരില്‍നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയതെന്നും അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തതില്‍ ഫിറോസ്ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്‌കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി വ്യക്തമാക്കുന്നു. അതേസമയം, ഒരു മുസ്‌ലിം ആയതിനാല്‍ തനിക്ക് സംസ്‌കൃതം പഠിപ്പിക്കാനാകില്ലെന്ന് പറയുമ്പോള്‍ ഏറെ അപമാനം തോന്നിയെന്നും ജയ്പൂരില്‍ പഠനത്തിനായി ചേര്‍ന്നപ്പോള്‍ ബാച്ചിലെ ഏക മുസ്‌ലിമായിരുന്നെങ്കിലും ഒരിക്കലും അങ്ങനെ തോന്നല്‍ തനിക്കുണ്ടായിട്ടില്ലെന്നും ഇപ്പോള്‍ കടുത്ത വിവേചനമാണ് നേരിടേണ്ടിവരുന്നതെന്നും ഫിറോസ് സങ്കടപ്പെടുന്നു.
കേരളത്തിലെ എത്രയോ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഉള്‍പ്പെടെ അറബി പഠിപ്പിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള അമുസ്‌ലിം അധ്യാപകരുണ്ട്. പള്ളി ദര്‍സില്‍ ഓതിപഠിച്ച് പട്ടിക്കാട് ജാമിഅ നൂരിയയില്‍നിന്ന് മതപഠനത്തില്‍ ബിരുദം നേടിയ ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉള്‍പ്പെടെ സംസ്‌കൃതത്തിലും ബിരുദം നേടിയ എണ്ണം പറഞ്ഞ സംസ്‌കൃത പണ്ഡിതരായ നിരവധി മുസ്‌ലിംകളും കേരളത്തിലുണ്ട്. എന്നിട്ടും, ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ ക്ഷണിച്ചുള്ള വിജ്ഞാപനത്തെവരെ ‘അറബി പഠിച്ചാലേ അമ്പലത്തില്‍ ഇനി ജോലി കിട്ടൂ, സംസ്‌കൃതം പഠിക്കാന്‍ പാടില്ല’ എന്ന് എഫ്.ബി യില്‍ വര്‍ഗീയ വിഷം വിസര്‍ജിക്കുന്ന മുന്‍ ഡി.ജി. പി ടി.പി സെന്‍കുമാറുമാരോട് മത്സരിക്കുകയാണ് ഭരണ കക്ഷിയായ സി.പി.എം പോലും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നതെന്നു പറയുന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റേത് ഒരു വാക്കുപിഴയല്ല. കേരളത്തിലെ ഇസ്‌ലാമിസ്റ്റ് തീവ്രവാദികളുമായി മാവോയിസ്റ്റുകള്‍ക്ക് ചങ്ങാത്തമുണ്ടെന്നും അത് വെറും ചങ്ങാത്തമല്ലെന്നും സി.പി.എം ജില്ലാസെക്രട്ടറി പറയുമ്പോള്‍, പി.ബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഴു പേരെ പൊലീസിനെ ഉപയോഗിച്ച് വെടിവെച്ച് കൊന്നതിനെ ന്യായീകരിക്കല്‍ മാത്രമല്ല, അമിത്ഷായുടെ സ്വന്തക്കാരാണെന്ന് അദ്ദേഹത്തോട് പറയാതെപറയുകയുമാണ്. വാളയാറില്‍ രണ്ട് ദലിത് പിഞ്ചു ബാലികമാര്‍ ലൈംഗിക പീഡനത്താല്‍ ജീവനൊടുക്കിയ കേസ് അട്ടിമറിച്ച കേരള സര്‍ക്കാറും ഭരണപാര്‍ട്ടിയും ഇസ്‌ലാമിക ഭീകരവാദത്തെയും മാവോയിസത്തെയും ഒരേ തൊഴുത്തില്‍കെട്ടി കൈവിട്ട വോട്ടുകറക്കാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് ‘ആരോഗ്യം’ സംരക്ഷിക്കലല്ല, കമ്യൂണിസ്റ്റ് നൈതികത നിലനിര്‍ത്തലാണ് അടിയന്തിരമായ അനിവാര്യത എന്ന് തിരിച്ചറിയാതെ ആ ആശയത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും സി.പി.എമ്മില്‍ പ്രതീക്ഷക്ക് വകയില്ല.
യു.എ.പി.എ ചുമത്തി ഒരു മാസത്തോളമായി ജയിലിലും കോടതിയിലും കഴിയുന്ന ഇപ്പോഴും സി.പി.എം അംഗത്വം തുടരുന്ന രണ്ടു മുസ്‌ലിം നാമധാരികളായ വിദ്യാര്‍ത്ഥികളെ കയ്യൊഴിയാന്‍ സി.പി.എമ്മിന് ഈ മുട്ടാപ്പോക്കൊന്നും മതിയാവില്ലെന്നതാണ്‌നേര്. കാരണം, കോഴിക്കോട്ടെ സി. പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ പ്രമുഖയായ സഖാവ് സാവിത്രി ടീച്ചറുടെ കൊച്ചുമകനാണ് അലന്‍. സി.പി.എം നേതാവ് ഷുഹൈബിന്റെയും സബിതയുടെയും മകന്‍. വലിയമ്മ സജിത മഠത്തില്‍ നാടക സിനിമ മേഖലകളില്‍ പ്രശസ്തയും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളുമാണ്. അലന്റെയും താഹയുടെയും വീടുകളില്‍ നിന്ന് പൊലീസ് കുറ്റകരമായി കണ്ടെടുത്ത പുസ്തകങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒ അബ്ദുറഹിമാന്റെ ലേഖന സമാഹാരം മാത്രമല്ല, സി.പി.എം ഭരണഘടനയുമുണ്ട്.
ആധുനിക കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെയും അല്‍ഗൊരിഥം എന്ന ആശയത്തിന്റെയും പിതാവായി അറിയപ്പെടുന്ന രഹസ്യ ഭാഷയിലുള്ള സന്ദേശം ചോര്‍ത്താനായി ‘ക്രിപ്‌റ്റോഗ്രാഫി’ സംവിധാനങ്ങള്‍ വികസിപ്പിച്ച അലന്‍ മാതിസണ്‍ ട്യൂറിംഗില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ടാവും മത-ജാതി രഹിത വിവാഹവും ജീവിതവും മുറുകെപിടിക്കുന്ന ഷുഹൈബും സബിതയും മകന് അലന്‍ എന്നു പേരിട്ടിട്ടുണ്ടാവുക. ആ പേരിന് അറബി നാമത്തോട് സാമ്യത വന്നുപോയത്‌പോലും രാഷ്ട്രീയ ആയുധമാക്കുന്ന സി.പി.എമ്മിന്റെ എട്ടുകാലി നയം, ജാതീയതയുടെ പറുദീസയായ ചെന്നൈ ഐ.ഐ.ടി.യിലെത്തുമ്പോള്‍ ഒന്നുകൂടി രൂക്ഷമാകുമെന്ന് മാത്രം. ഐ.ഐ.ടിയില്‍ അധ്യാപകര്‍ ദലിതുകള്‍ക്കും മുസ്‌ലിംകള്‍ക്കും ഇന്റേണല്‍ മാര്‍ക്കുകള്‍ മനപൂര്‍വം കുറയ്ക്കുകയാണെന്നും സവര്‍ണാധിപത്യമാണ് അവിടെയൊക്കെ കാണാന്‍ കഴിയുന്നതെന്നും മദ്രാസ് ഐ.ഐ.ടിയിലെ മുന്‍ ഗണിതശാസ്ത്ര അധ്യാപിക പ്രൊഫ. വസന്ത കന്തസാമി ‘നക്കീരന്‍’ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്.
‘ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടി സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നത്. റിസര്‍വേഷന്‍പോലും കൊടുക്കുന്നില്ല. ജാതിക്കോട്ടയാണ് അവിടം. 28 വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. ഫാത്തിമയുടേത് ആത്മഹത്യ എന്ന് വിളിക്കരുത്. അത് ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍’ ആണ്. ദലിത് വിദ്യാര്‍ത്ഥികള്‍ക്ക് അവിടെ മുറി ലഭിക്കാന്‍പോലും പ്രയാസമാണ്. ‘മനു’വിന്റെ നിയമങ്ങളാണ് അവിടെ പ്രാവര്‍ത്തികമാക്കപ്പെടുന്നത്. സ്ത്രീകളും ദലിതരും വിദ്യ അഭ്യസിക്കരുതെന്നാണല്ലോ പറയുന്നത്. ക്വാളിഫിക്കേഷന്‍ ഉണ്ടായിട്ടുപോലും ദലിത് അധ്യാപകര്‍ക്ക് പ്രൊഫസര്‍ഷിപ്പ്‌പോലും കൊടുക്കില്ല’. വസന്ത കുമാരി പൊട്ടിത്തെറിക്കുന്നു. ചെന്നൈ എന്‍.ഐ.ടിയില്‍ ഈ വര്‍ഷത്തെ അഞ്ചാമത്തെ ആത്മഹത്യയാണ് ഫാത്തിമയുടേത്. ഐ.ഐ.ടിയിലെ എം.എ ഒന്നാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിയായ കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റല്‍ മുറിയിലായിരുന്നു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമൂലം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ഐ.ഐ.ടി അധികൃതര്‍ പറയുന്നത്. എന്നാല്‍, ഒടുവില്‍ കഴിഞ്ഞ പരീക്ഷയിലും ഒന്നാം സ്ഥാനത്ത് ഫാത്തിമ തന്നെയാണ്. ചെറു പ്രായത്തിലേ ക്വിസ് മത്സരത്തില്‍ വിജയിക്കുന്ന ഒട്ടേറെ കനപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്ന ശരാശരിക്കും മുകളിലുള്ള മിടുമിടുക്കിയായ ഫാത്തിമയുടെ വിയോഗത്തിന് മതപരമായ വിവേചനവും അധിക്ഷേപവുമല്ലാതൊരു കാരണവുമില്ലെന്ന് കുടുംബം ഉറപ്പിച്ച് പറയുന്നു.
പത്തു വര്‍ഷത്തിനിടെ രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ സമാന കാരണങ്ങളാല്‍ 52 വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. 2015ല്‍ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ത്ഥി രോഹിത്‌വെമുല ജീവന്‍ വെടിഞ്ഞതും ജെ. എന്‍.യുവില്‍ കാണാതായ മുഹമ്മദ് നജീബും തുടങ്ങി എത്രയോ സംഭവങ്ങളില്‍ ഒന്നായി ഫാത്തിമയെയും മാറ്റിയെടുക്കാന്‍ അവര്‍ക്ക് സാധിച്ചേക്കും. രാജ്യത്തിന്റെ പൊതു സാഹചര്യത്തിന്റെ മാപിനിയായ ക്യാമ്പസുകളും സ്വത്വഭീതിയിലേക്കു മാറുന്നുവെന്നതിനൊപ്പം ആത്മാഭിന വളര്‍ച്ചയെത്താതെ ദലിതനും മുസ്‌ലിമും വാടിക്കൊഴിയുന്നുവെന്നതും ഗൗരവത്തോടെ ചിന്തിക്കേണ്ട ഒന്നാണ്. ഇതിലേറെ തീക്ഷ്ണമായ കാലത്ത് ‘അഭിമാനകരമായ അസ്തിത്വം’ കൊടിനാട്ടി ഹരിതവഴിത്താര വിളക്കുമരമായി മുന്നിലുണ്ട്. ഫാത്തിമയുടെ വിടവാങ്ങല്‍ വാചകങ്ങള്‍ അത്രമേല്‍ പാവമായിരുന്നു അവളെന്ന് നമ്മെ കണ്ണീരണിയിക്കും. ‘ഐ ലവ്‌യു, ഉമ്മ ആന്റ് ചക്കു. ഐ ലവ് യു, വാപ്പിച്ച ആന്റ് തുമ്പു. യു ആര്‍ ദ ഒണ്‍ലി പ്യൂപിള്‍ ഇന്‍ ദിസ് എന്റയര്‍ വേള്‍ഡ് ഹു ഹാവ് മെയ്ഡ് മി ഹാപ്പി. ഐ വില്‍ ആള്‍വേയ്‌സ് ബി വിത്ത് യു. ഐ ഹാവ് ആള്‍വെയ്‌സ് ലവ്ഡ് യു. മൈ ഫാമിലി ഈസ് മൈ ലൈഫ്. ഐ ഹാവ് ആള്‍വെയ്‌സ് ലിവിഡ് ഫോര്‍ യു. മൈവാപ്പിച്ച, മൈ ഉമ്മ, മൈ ചക്കു ആന്റ് തുമ്പു’.

SHARE