ജനാധിപത്യത്തിന്റെ ജീവനാഡി അപകടത്തിലോ

അഡ്വ. മുഹമ്മദ് ഷാ

2012 സെപ്തംബറില്‍ ബി.ജെ.പി ലീഗല്‍ സെല്‍ നടത്തിയ അഭിഭാഷകരുടെ കോണ്‍ഫറന്‍സില്‍ അന്ന് രാജ്യസഭ’ പ്രതിപക്ഷ നേതാവും ബി.ജെ.പി.യുടെ നിയമ മേഖലയിലെ അന്തിമവാക്കുമായിരുന്ന അരുണ്‍ ജെയ്റ്റിലിയുടേയും ബി.ജെ.പി പ്രസിഡണ്ടായിരുന്ന നിതിന്‍ ഗഡ്കരിയുടേയും വാക്കുകള്‍ കടമെടുത്തുകൊണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌യുടെ രാജ്യസഭാ പ്രവേശനത്തെ അവലോകനം ചെയ്യാം.
അരുണ്‍ ജയ്റ്റിലി പറഞ്ഞ വാക്കുകള്‍:
വിരമിക്കലിനുശേഷം ലഭിക്കേണ്ട പദവികളോടുളള ആഗ്രഹം ജഡ്ജിമാരുടെ വിരമിക്കലിനു മുന്‍പുളള വിധിന്യായങ്ങളെ സ്വാധീനിക്കും.’
വിരമിക്കലിനുശേഷം ലഭിക്കുന്ന പദവികളിലെ ആകര്‍ഷണം രാജ്യത്തെ ജുഡീഷ്യറിയുടെ നിഷ്പക്ഷതയെ പ്രതികൂലമായി ബാധിക്കും എന്നതുകൊണ്ട് ഈ പ്രവണത അവസാനിപ്പിക്കേണ്ട കാലമായിരിക്കുന്നു. ‘
വിരമിക്കലിനുശേഷം രണ്ടു വര്‍ഷത്തെ കൂളിംഗ് സമയം അനിവാര്യമാണ്. കാരണം അല്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ടോ അല്ലാതെയോ കോടതികളെ സ്വാധീനിക്കാനാകും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വമുളള ജൂഡീഷ്യറിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് വിലങ്ങുതടിയാണ് ഇത്തരം നിയമനങ്ങള്‍.’
ജുഡീഷ്യറി ജനാധിപത്യത്തിന്റെ ജീവനാഡിയാണ്. ജനങ്ങള്‍ക്കതില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ അവര്‍ക്ക് ജനാധിപത്യത്തിലുളള വിശ്വാസം നഷ്ടപ്പെടും. ‘
കോടതിവിധികളിലൂടെയാണ് വിരമിക്കലിനുശേഷമുളള ജോലികള്‍ തരപ്പെടുത്തുന്നത്. എനിക്ക് വളരെ മോശമായ അനുഭവമുണ്ടായിട്ടുണ്ട്. മന്ത്രിയായിരിക്കെ വിരമിച്ച ന്യായാധിപന്‍മാരുടെ കാര്യത്തില്‍ ഞാന്‍ ജാഗ്രത കാണിച്ചിരുന്നു. അവര്‍ എനിക്ക് ബയോഡാറ്റ നല്‍കുമോ എന്നു ഞാന്‍ പേടിച്ചിരുന്നു. ‘
മുന്‍കാലങ്ങളില്‍ ഇത്തരം അപചയം ജുഡീഷ്യറിയി ലുണ്ടായിരുന്നു. എന്നാല്‍ ഇന്നതാവര്‍ത്തിക്കാന്‍ പാടില്ല. ഈ വിഷയം എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരുപോലെ ബാധകമാണ്. ‘
രണ്ടുതരം ജഡ്ജിമാരുണ്ട്. നിയമം അറിയാവുന്നവരും നിയമ മന്ത്രിയെ അറിയാവുന്നവരും . ‘
നിതിന്‍ ഗഡ്കരി പറഞ്ഞ വാക്കുകള്‍:
എല്ലാ ഉത്തരവാദിത്വത്തോടെയും ഞാന്‍ പറയുന്നു വിരമിക്കുന്നതിനു മുന്‍പുതന്നെ ഏതുപദവിയില്‍ എത്തണമെന്ന് സുപ്രീംകോടതി ജഡ്ജിമാരും ഹൈക്കോടതി ജഡ്ജിമാരും തീരുമാനിച്ചിട്ടുണ്ടാവും. അതുകൊണ്ട് ഞാന്‍ അഭിപ്രായപ്പെടുന്നു വിരമിക്കലിനുശേഷം രണ്ടു വര്‍ഷം യാതൊരു നിയമനങ്ങളും പാടില്ല അതല്ലെങ്കില്‍ സര്‍ക്കാരിന് നേരിട്ടോ അല്ലാതെയോ കോടതികളെ സ്വാധീനിക്കാനാകും. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വമുളള ജൂഡീഷ്യറിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നതിന് വിലങ്ങുതടിയാണ് ഇത്തരം നിയമനങ്ങള്‍.’
…………………
ഇവിടെ ഭരണഘടനയുടെ 80(3) അനുഛേദപ്രകാരം, സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം തുടങ്ങിയ കാര്യങ്ങളില്‍ അറിവും പ്രവര്‍ത്തിപരിചയവുമുളള 12 ആളുകളെ നാമനിര്‍ദേശം ചെയ്യാനുളള അധികാര മുപയോഗിച്ച്, മുന്‍പ് അഭിഭാഷകനും ജഡ്ജിയുമായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തിരിക്കുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സായി വിരമിച്ചത് 2019 നവംബര്‍ 17 നാണ്. അദ്ദേഹത്തെ രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്തത് 2020 മാര്‍ച്ച് 16 നും. ‘ഭരണഘടനയുടെ 74 ാം അനുഛേദപ്രകാരം കേന്ദ്ര ക്യാബിനറ്റിന്റെ ശുപാര്‍ശ പ്രകാരമാണ് രാഷ്ട്രപതി പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി യുടെ മുന്‍പ്രസിഡണ്ടായിരുന്ന നിതിന്‍ ഗഡ്കരി കേന്ദ്ര ക്യാബിനറ്റിലുണ്ട് എന്നത് ഒരു വിരോധാഭാസമാണ്. എത്രത്തോളമാണ് ഒരു രാഷ്ട്രീയ നേതാവിന് തന്റെ നിലപാടിനോടുളള പ്രതിബദ്ധത ഉളളത് എന്നത് ബോധ്യമാകാനുളള അവസരങ്ങളാണിത്.
വിരമിക്കലിനുശേഷമുളള പദവികള്‍ സ്വതന്ത്രനീതിന്യായ വ്യവസ്ഥിതിക്ക് വിലങ്ങുതടിയാകും എന്ന നിലപാട് മുന്‍പ് വ്യക്തമായി അറിയിച്ച ആളാണ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി. 2018 ജനുവരി മാസത്തില്‍ ഇന്‍ഡ്യന്‍ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലെ 4 മുതിര്‍ന്ന ജഡ്ജിമാര്‍ പത്രസമ്മേളനം നടത്തി ജുഡീഷ്യറി അപകടത്തിലാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അന്നത്തെ ചീഫ് ജസ്റ്റിസ്സായ ജസ്റ്റിസ്സ് ദീപക് മിശ്രയുടെ വിവാദമായ കേസുകളിലെ ഇടപെടലുകള്‍ പ്രതിപാദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ സ്വതന്ത്രവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നവര്‍ പറയുകയുണ്ടായി. വളരെ പ്രധാനപ്പെട്ട കേസുകള്‍ ഒരു പ്രത്യേക ബഞ്ചിലേക്കയക്കുന്നു എന്ന ആരോപണമാണ് അന്നുന്നയിച്ചിരുന്നത്. രാജ്യത്തോടുള്ള ഞങ്ങളുടെ ഉത്തരവാദിത്വമാണ് പത്രസമ്മേളനത്തിലൂടെ ഞങ്ങള്‍ നടത്തുന്നത് എന്നാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞത്. ആ 4 മുതിര്‍ന്ന ജഡ്ജിമാരില്‍ 3 പേരും ചീഫ് ജസ്റ്റിസ്സ് ആകാതെ വിരമിച്ചു. എന്നാല്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഒരു വര്‍ഷത്തിലേറെ ഇന്‍ഡ്യയുടെ ചീഫ് ജസ്റ്റിസ്സായി പ്രവര്‍ത്തിച്ചു.
ഇവിടെയാണ് ഒരു വ്യക്തിയുടെ മന:സാക്ഷിയോടെങ്കിലുമുളള ഉത്തരവാദിത്വം പ്രസക്തമാക്കുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ക്കും വിധിന്യായങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിക്കുക എന്നതിനേക്കാള്‍ വലിയ ഒരു തെറ്റ് ഒരു ജഡ്ജിയെ സംബന്ധിച്ചില്ല.
മനുഷ്യാവകാശ കമ്മീഷനുകള്‍, കണ്‍സ്യൂമര്‍ കമ്മീഷനുകള്‍, ട്രൈബ്യൂണലുകള്‍ തുടങ്ങിയവയൊക്കെ പ്രത്യേകനിയമങ്ങളിലൂടെ രൂപീകരിക്കപ്പെടുന്നതാണ്. ആ നിയമങ്ങളൊക്കെ ഈ പദവികള്‍ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിമാര്‍ക്കും ഹൈക്കോടതി ജഡ്ജിമാര്‍ക്കും മാത്രം വഹിക്കാവുന്ന പദവികളായി മാത്രം നിഷ്‌കര്‍ച്ചിരിക്കുന്നു. ആ പദവികള്‍പോലും റിട്ടയര്‍മെന്റിന്റെ 2 വര്‍ഷത്തിനുശേഷം മാത്രം നല്‍കാന്‍ പാടുളളൂ എന്നതാണ് അരുണ്‍ ജെയ്റ്റിലിയുടേയും നിതിന്‍ ഗഡ്കരിയുടേയും അഭിപ്രായം. ഇവിടെ റിട്ടയേര്‍ഡ് ജഡ്ജിമാര്‍ക്ക് കൊടുക്കാവുന്ന പദവിയാണെന്ന് പോലും പ്രദിപാദിക്കാത്ത ഭരണഘടനയുടെ 80(3) അനുഛേദപ്രകാരമുള്ള രാജ്യസഭാംഗം എന്ന പദവി കേന്ദ്രസര്‍ക്കാരിന്റെ അധികാരമുപയോഗിച്ച് റിട്ടയര്‍ ചെയ്ത് 4 മാസത്തിനകം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് നല്‍കിയിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇന്ത്യന്‍ ചരിത്രത്തില്‍ അത്തരം ഒരു നിയമനം ഒരു റിട്ടയേര്‍ഡ് ജഡ്ജിക്ക് അനുഛേദം 80 (3) പ്രകാരം നല്‍കുന്നത് ആദ്യമായിട്ടാണ്. രാജ്യസഭയിലേയ്‌ക്കോ ലോക്‌സഭയിലേയ്‌ക്കോ മല്‍സരിച്ച് ജയിച്ചുവരുന്ന ഒരാള്‍ നേരിട്ടോ നേരിട്ടല്ലാതെയോ ജനങ്ങളുടെ ഇംഗിതമനുസരിച്ച് തെരഞ്ഞെടുക്കുന്നതായി കണക്കാക്കാം. എന്നാല്‍ അനുഛേദം 80 (3) ന്റെ നിയമനം സര്‍ക്കാരിന്റെ ഔദാര്യം മാത്രമാണ് എന്നത് ഭരണഘടന വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഇവിടെ ഭരണഘടന ധാര്‍മ്മികതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചിരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇത് ശരിയെന്ന് പറഞ്ഞ് തുടങ്ങിയാല്‍ ജുഡീഷ്യല്‍ സിസ്റ്റത്തിന്റെ ഏറ്റവും അപകടകരമായ അപജയത്തിലേക്ക് ഈ രാജ്യം നീങ്ങുന്നു എന്നു പറയേണ്ടിവരും.
ഇത്തരം പദവിയിലേക്കുളള ആഗ്രഹം വിധി ന്യായങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും സര്‍ക്കാര്‍ നേരിട്ടോ അല്ലാതെയോ കോടതിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നുമുളള അരുണ്‍ ജെയ്റ്റിലിയുടെ വാക്കുകള്‍ പ്രസക്തമാകുന്നതിവിടെയാണ്. ഇത്തരം പദവികള്‍ നല്‍കിയാല്‍ സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വ്വമുളള ജൂഡീഷ്യറിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യ മാക്കാന്‍ സാധിക്കില്ല എന്ന വാക്കുകളും പ്രസക്ത മാവുകയാണ്.
സ്വതന്ത്ര ഇന്ത്യയിലെ പ്രഗല്‍ഭരായ ഭരണഘടന വിദഗ്ദരില്‍ ഒരാള്‍ രാജ്യസഭയുടെ പ്രതിപക്ഷ നേതാവായിരുന്നുകൊണ്ട് ബി.ജെ.പി.യുടെ വളര്‍ന്നുവരുന്ന അഭിഭാഷക സമൂഹത്തിന് നല്‍കിയ ഒരു പാഠമാണ് ജൂഡീഷ്യറിയുടെ നിഷ്പക്ഷതയുടെ അനിവാര്യത. ഇന്ത്യയിലെ ഇന്നത്തെ ‘ഭരണപക്ഷത്തിന് ആ വാക്കുകള്‍ നിയമപരമായ കാര്യങ്ങളില്‍ മരണം വരെ അവസാന വാക്കായിരുന്നു എന്നത് പ്രത്യേകം ഓര്‍ത്തിരിക്കേണ്ടതുണ്ട്. ഒരു അഭിഭാഷകനെന്ന നിലക്ക് അരുണ്‍ ജെയ്റ്റിലിയുടെ ഇക്കാരത്തില്‍ മേല്‍പ്പറഞ്ഞ അഭിപ്രായം നിയമപരമായി ശരിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഈ ആശയങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ സമീപകാല വിധികള്‍ വീണ്ടും വായിക്കുമ്പോള്‍ അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതി പിന്‍വലിക്കുന്നതിലൂടെയോ ഈ നിയമനം ഏറ്റെടുക്കേണ്ടതില്ല എന്ന ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ തീരുമാനത്തിലൂടെയോ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലും ജനാധിപത്യത്തിലുമുളള വിശ്വാസം നിലനിര്‍ത്താനാകുകയുളളൂവെന്നും കരുതുന്നു. വീണ്ടും ആവര്‍ത്തിക്കുന്നു, ജുഡീഷ്യറി ജനാധിപത്യത്തിന്റെ ജീവനാഡിയാണ്, ജനാധിപത്യം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്.

SHARE