കംഗാരു കോടതികള്‍ക്കായി ശ്രമിക്കുന്ന ബി.ജെ.പി


അഡ്വ. അഹമ്മദ് മാണിയൂര്‍

നിയമ നിര്‍മ്മാണങ്ങളും സര്‍ക്കാര്‍ നടപടികളും ജനതാല്‍പര്യത്തിനെതിരാകുമ്പോള്‍ നീതിന്യായ കോടതികള്‍ ഇടപെട്ട് തിരുത്തുന്ന പതിവ് ജനാധിപത്യ രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇംഗ്ലണ്ടിലും അമേരിക്കയിലും അങ്ങിനെ ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലും അത്തരത്തില്‍ കോടതി ഇടപെടലുകളിലൂടെ നിയമങ്ങളും തീരുമാനങ്ങളും ദുര്‍ബ്ബലപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. ജനപക്ഷത്തുനിന്നുകൊണ്ടുള്ള അത്തരം കോടതി ഇടപെടലുകളെ ജുഡീഷ്യല്‍ ആക്റ്റിവിസം എന്നാക്ഷേപിച്ച് തളര്‍ത്താനും നീക്കങ്ങള്‍ നടന്നിട്ടുണ്ട്. നീതിന്യായ വ്യവസ്ഥിതിയുടെ നീതിബോധവും സത്യസന്ധതയുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ കോടതികളെ ഭരിക്കുന്നവരുടെ ഇംഗിതം നടപ്പിലാക്കുന്ന കംഗാരു കോടതികളാക്കി മാറ്റാനുള്ള നീക്കങ്ങള്‍ തകൃതിയായി നടന്നുവരുന്നു. അതിന്‌വേണ്ടി പരോക്ഷമായും പ്രത്യക്ഷമായും പ്രലോഭനങ്ങളും മുന്നറിയിപ്പുകളും നല്‍കാനും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മടിക്കുന്നില്ല. ആഗോള ചിന്തയും പ്രാദേശിക പ്രവര്‍ത്തനങ്ങളുമുള്ള അപൂര്‍വ പ്രതിഭാശാലി എന്നും മറ്റും ഭരണാധികാരികളെ മുന്നിലിരുത്തി പ്രശംസിക്കുന്ന രീതികള്‍ ജഡ്ജിമാരുടെ ഭാഗത്തു തന്നെ ഉണ്ടാകുന്നത് അങ്ങിനെയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായിനടന്ന സമരത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കേന്ദ്രമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരായി ഉത്തരവ് നല്‍കിയ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയെ രായ്ക്കുരായ്മാനം സ്ഥലംമാറ്റിയ നടപടി ന്യായാധിപര്‍ക്കുള്ള ബി.ജെ.പിയുടെ വലിയ മുന്നറിയിപ്പുമാണ്. കോടതികളുടെ നീതിയിലൂന്നിയുള്ള അത്തരം നടപടികള്‍ ബി.ജെ.പി സര്‍ക്കാറുകളെ വല്ലാതെ അലോസരപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ഗോള്‍വാള്‍ക്കറിയന്‍ അജണ്ടകള്‍ സുഗമമായി നടപ്പില്‍വരുത്താന്‍ നീതിന്യായ സംവിധാനങ്ങള്‍ കംഗാരു മോഡലില്‍ ആയിരിക്കണമെന്ന് അവര്‍ ലക്ഷ്യമിടുന്നു.
ഫാസിസ്റ്റുകളുടെയും സ്വേഛാധിപതികളുടെയും നീതിന്യായ സ്ഥാപനങ്ങളാണ് കംഗാരു കോടതികള്‍. ഭരണകൂടങ്ങളുടെ ഇംഗിതത്തിനൊത്ത് വിധി പ്രസ്താവിക്കുന്ന കോടതികളെയാണ് കംഗാരു കോടതികള്‍ എന്ന് വിശേഷിപ്പിച്ചുവരുന്നത്. കുറ്റാരോപിതരായി എത്തുന്നവരെ തെളിവുകളുടെ അഭാവത്തിലും കുറ്റവിചാരണ നടത്തുന്ന അവ്യവസ്ഥാപിത കോടതികള്‍ എന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷനറിയില്‍ ഇതിന് നല്‍കിയ അര്‍ത്ഥവിവരണം.
ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമായ പ്രയോഗമല്ല ഇത്. ബ്രിട്ടീഷ് ആധിപത്യത്തില്‍പോലും ഇന്ത്യയില്‍ നീതിന്യായ നിര്‍വഹണം വലുതായൊന്നും ആക്ഷേപ വിധേയമായിരുന്നില്ല. ജനങ്ങളുടെ സിവിലിയന്‍ അവകാശങ്ങള്‍ നല്ല നിലയില്‍തന്നെ പരിരക്ഷിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് നടപ്പിലാക്കിയ നിയമങ്ങള്‍ തന്നെയാണല്ലൊ ഇപ്പോഴും ഇന്ത്യയില്‍ സിവില്‍, ക്രിമിനല്‍ നടപടികളില്‍ അടിസ്ഥാന നിയമങ്ങളായി ഉപയോഗിച്ചുവരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്കയില്‍ ഫ്യൂഡല്‍ ഏകാധിപത്യ ഭരണകൂടങ്ങളാണ് കംഗാരു കോടതികള്‍ സ്ഥാപിച്ചുതുടങ്ങിയത്. ഭരണാധികാരികള്‍ തങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ അവ്യവസ്ഥാപിതമായ രീതിയില്‍ സില്‍ബന്ധികളെ ജഡ്ജിമാരായി നിയമിക്കുകയും അവര്‍ വിചാരണ പ്രഹസനം നടത്തി പ്രതികള്‍ക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു പതിവ്. വിചാരണ നടത്തുന്ന കേസുകളുടെ എണ്ണത്തിനനുസരിച്ചായിരുന്നു അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നത്. മുസ്സോളിനി, ഹിറ്റ്‌ലര്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കംഗാരു കോടതികളുടെ സഹായത്തോടെയാണ് വംശീയ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്തത്. 1933 ജനുവരി 30 ന് ജര്‍മ്മനിയുടെ ചാന്‍സലറായി നിയമിതനായി രണ്ടു മാസത്തിനകംതന്നെ മാര്‍ച്ച് 24 ന് ഹിറ്റ്‌ലര്‍ പാസാക്കി നടപ്പില്‍വരുത്തിയ എനാബ്ള്‍മെന്റ് ആക്റ്റ് പ്രകാരം വിചാരണ കൂടാതെതന്നെ ആരെയും തടവിലിടാനും നാടുകടത്താനും വധശിക്ഷ നല്‍കാനും ഹിറ്റ്‌ലര്‍ക്ക് അധികാരം ഉണ്ടായിരുന്നു. കുപ്രസിദ്ധമായ ന്യൂ റംബര്‍ഗ് പൗരത്വ നിയമങ്ങളും തുടര്‍ന്ന് നടപ്പിലാക്കിയ വംശഹത്യകളും ഈ നിയമങ്ങളുടെ മറവിലായിരുന്നു. സമാനമായ രീതിയിലാണ് ബി.ജെ.പി ഗവണ്‍മെന്റ് ഇപ്പോള്‍ ദേശീയ സുരക്ഷാനിയമം ഉപയോഗിച്ചു കൊണ്ടിരിക്കുന്നതും. തങ്ങള്‍ക്കെതിരാണെന്ന് തോന്നുന്നവരെയെല്ലാം ദേശീയ സുരക്ഷാനിയമപ്രകാരം ജയിലിലടച്ചുകൊണ്ടിരിക്കുകയാണ്. ഒരു കൊല്ലം കഴിഞ്ഞേ ജാമ്യാപേക്ഷപോലും നല്‍കാന്‍ സാധിക്കൂകയുള്ളൂ.
ആധുനിക ലോകത്തും കംഗാരു കോടതി വിധികള്‍ ധാരാളമായി ചൂണ്ടിക്കാണിക്കാനുണ്ട്. ഇറാഖില്‍ സദ്ദാം ഹുസ്സയിന്‍, പാകിസ്താനില്‍ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, ഈജിപ്തില്‍ സയ്യിദ് ഖുത്തുബ് തുടങ്ങിയവരെ വധശിക്ഷക്കു വിധേയരാക്കിയത് ഇത്തരം കോടതി വിധികളിലൂടെയാണ്. ഇപ്പോഴും ഈജിപ്ത,് വടക്കന്‍ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളീല്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായി കംഗാരു കോടതി വിധികള്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രതീക്ഷയും സംരക്ഷണ ബോധവും നല്‍കിപ്പോരുന്ന സംവിധാനമാണ് നീതിന്യായ കോടതികള്‍. നിയമവും ഭരണകൂടങ്ങളും ഭീകരമാകുമ്പോള്‍ സാധാരണ ജനങ്ങളുടെ സംരക്ഷണ തുരുത്തായാണ് ഇന്ത്യയിലെ കോടതികള്‍ പ്രവര്‍ത്തിച്ചുപോന്നിട്ടുള്ളത്. എന്നാല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ ചില ന്യായാധിപരെങ്കിലും കംഗാരു നിലപാടുകളിലേക്ക് മാറുന്നതായി ജനങ്ങള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. 2002 ലെ ഗുജറാത്ത് കലാപം, തുടര്‍ന്നുനടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവയില്‍ ചില കോടതികളും ജുഡീഷ്യല്‍ കമ്മീഷനുകളും കൈക്കൊണ്ട നിലപാടുകള്‍ ജനങ്ങളിലെ സംശയങ്ങള്‍ ബലപ്പെടുത്തുന്നവയാണ്.
ശബരിമല കേസ്, ബാബരി മസ്ജിദ് കേസ്, പൗരത്വബില്‍ കേസ് എന്നിവയില്‍ സുപ്രീംകോടതി സ്വീകരിച്ച അയഞ്ഞ നിലപാടുകളൂം പരമോന്നത കോടതിയെ തന്നെ സംശയമുനയില്‍ നിര്‍ത്തുന്നവയാണ്. ജഡ്ജിമാരുടെ നിയമനങ്ങളില്‍ കൈകടത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര ഗവണ്‍മെന്റ് നടത്തിയ നീക്കങ്ങള്‍ ഇത്തരം ദുഷ്ട ലാക്കോടെയുള്ള തായിരുന്നു. ജഡ്ജിമാരുടെ നിയമനത്തിന് നിലവിലുള്ള കോളേജിയം സമ്പ്രദായം നിര്‍ത്തലാക്കി നിയമനങ്ങള്‍ ജുഡീഷ്യല്‍ കമ്മീഷനുകളിലൂടെ നടത്താന്‍ ഗവണ്‍മെന്റ് നടത്തിയ നീക്കങ്ങളെ പൊളിച്ചതും സുപ്രീംകോടതി തന്നെയായിരുന്നു.
ചൊല്‍പടിക്കു വഴങ്ങാത്തവരെന്ന് കണ്ട ചില ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിന്ന് തടയിടാന്‍ നീക്കങ്ങളുണ്ടാവുകയും ജഡ്ജിമാര്‍ രാജിവെച്ചു പോകേണ്ടിവരികയും ചെയ്ത സംഭവങ്ങളും ഉണ്ടായി. ഭരണഘടനാസ്ഥാപനങ്ങളെല്ലാം ഭരിക്കുന്നവരുടെ ചൊല്‍പടിക്കീഴില്‍ ആയിക്കഴിഞ്ഞിരിക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് എതിരായി പോലും ആരോപണങ്ങള്‍ ഉയര്‍ന്നു. ജനങ്ങള്‍ക്ക് ഏക കച്ചിത്തുരുമ്പായ നീതിന്യായ സ്ഥാപനങ്ങളും അങ്ങിനെ ആയാലോ ? ഫ്രഞ്ച് ഭരണകൂടത്തിന്റെ കൊളോണിയല്‍ ചിന്തകളെ വിമര്‍ശിച്ചുകൊണ്ട് വിഖ്യാതനായ ഫ്രഞ്ച് ചിന്തകന്‍ ജീന്‍ പോള്‍ സാര്‍ത്രെ എഴുതിയിട്ടുണ്ട് , ‘ഫ്രാന്‍സ് എന്നത് മഹത്തായ ഒരു രാജ്യത്തിന്റെ പേരാണ്. അത് ഒരു മാറാരോഗത്തിന്റെ പേരായി മാറിക്കൊണ്ടിരിക്കുകയാണ്’. ഇന്ത്യ എന്നത് ഒരു മഹാസംസ്‌കൃതിയുടെ പേരാണ്. അത് മനസ്സിലാക്കാന്‍ ഭരണാധികാരികള്‍ക്കു കഴിയണം.

SHARE