ജുഡീഷ്യറി വിറ്റ വകയിലെ വജ്ര മോതിരം

മുജീബ് കെ. താനൂര്‍

ബാബരി മസ്ജിദ് വിധി വന്നതിനെതുടര്‍ന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെക്കുറിച്ച് സുപ്രീംകോടതി മുന്‍ ന്യായാധിപന്‍ ജസ്റ്റിസ് മദന്‍ ലോകുര്‍ രേഖപ്പെടുത്തിയ അഭിപ്രായപ്രകടനം രാഷ്ട്രീയ മനസ്സുകളില്‍ ഇടംപിടിച്ചതായിരുന്നു. ഗൊഗോയിക്കു പട്ടില്‍പൊതിഞ്ഞ വജ്ര മോതിരം ആരോ സമ്മാനിക്കാനിരിക്കുന്നു. എന്നതായിരുന്നു ആ കമന്റ്. തന്റെ കൂടെ കോടതി മുറികളില്‍ പണിയെടുത്ത ഗൊഗോയിയെക്കുറിച്ചു എനിക്ക് പലതും പറയാനറിയാമെന്നും ലോകുര്‍ പറയുകയുണ്ടായി. അതിത്ര കണ്ടു ഗൗരവമുള്ളതായിരുന്നുവെന്നു പുതിയ രാജ്യസഭാപദവിയിലൂടെ ആളുകള്‍ക്ക് വായിച്ചെടുക്കാനാവും.
‘ഇന്ത്യയിലെ ചില ന്യായാധിപന്മാരെ മോദി ഭരണകൂടം പന്ത് തട്ടുന്നതുപോലെ പറത്തിവിടുന്നു. ചിലരെ ബാസ്‌കറ്റ് ബോള്‍ പോലെ വലക്കകത്താക്കുന്നു. ചിലരെ ഏറാന്‍മൂളികളാക്കുന്നു. ചിലരെ ഈ ലോകത്തുനിന്നുതന്നെ ഇല്ലാതാക്കുന്നു’. ജസ്റ്റിസ് ലോയയുടെ മരണം കൊലപാതകമെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ ദി ഗാര്‍ഡിയന്‍ പത്രം നിരീക്ഷകന്‍ ഡാനിയല്‍ ബ്യുഫൊയുടെ പ്രശസ്തമായ വാചകമാണിത്.
2018 നവംബര്‍ 25 ന് രാജ്യ തലസ്ഥാനം ഒരപൂര്‍വ സംഗമത്തിന് സാക്ഷ്യംവഹിക്കുകയുണ്ടായി. ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, തായ്‌ലന്റ്തുടങ്ങിയ രാഷ്ട്രങ്ങളിലെ മുഖ്യ ന്യായാധിപന്മാരുടെ സമ്മേളനം ഡല്‍ഹിയില്‍ നടക്കുകയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആസ്ഥാനമായ കോര്‍ട് നമ്പര്‍ ഒന്നിലായിരുന്നു മീറ്റിങ്. മീറ്റിങിനൊടുവില്‍ ചായ സല്‍ക്കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷനാവുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു പ്രധാനമന്ത്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതേടി അദ്ദേഹത്തിന്റെ വസതിയിലേക്ക് പോകുന്നത്. ഈ സ്ഥാപനം പണിത പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുപോലും ഈ ഓഫീസിന്റെ പടി ചവിട്ടിയിട്ടില്ല. രാത്രി 8.30 നു വന്ന നരേന്ദ്ര മോദി പത്തു മണിവരെ അവിടെ തങ്ങി. സുരക്ഷാപ്രശ്‌നമുന്നയിച്ചു മാധ്യമ പ്രവര്‍ത്തകരെയും മീറ്റിങിന് അനുവദിച്ചില്ല. ചായ സല്‍ക്കാരത്തിന് രഞ്ജന്‍ ഗൊഗോയ് പ്രധാനമന്ത്രിയെ എന്തിനു ക്ഷണിച്ചു എന്നത് അന്നേ ചോദ്യമുയര്‍ന്നിരുന്നു. റാഫേല്‍ അഴിമതിക്കെതിരെ മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ. പി നേതാവുമായ യശ്വന്ത്‌സിന്‍ഹ, വാജ്‌പേയി മന്ത്രിസഭയിലെ അംഗവും ഇന്ത്യന്‍ എക്‌സ്പ്രസ് മുന്‍ പത്രാധിപരുമായ അരുണ്‍ ഷൂരി, പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്ഭൂഷണ്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയില്‍ വിധി പറയുന്നതിന്റെ ഏതാനും ദിവസം മുമ്പായിരുന്നു ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായി അടഞ്ഞ മുറിയില്‍ ഗൊഗോയ് നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ രാഷ്ട്രീയ ധാര്‍മികതയുടെയും നീതിന്യായത്തിന്റെയും കരിഞ്ഞ ഗന്ധം വമിക്കുന്നുണ്ടായിരുന്നുവെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തക ശ്രുതി ചതുര്‍വേദി അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. ഗോഡി മീഡിയകളൊഴികെയുള്ള പല മാധ്യമങ്ങളും ഇതേവിധം പ്രതികരിക്കുകയുമുണ്ടായി.
നീതിന്യായ വ്യവസ്ഥകളിലേക്കു കേന്ദ്ര ഭരണ കൂടം അവിഹിതവും അന്യായവുമായി ഇടപെട്ടു വരുന്നു എന്നാരോപിച്ചു പത്രസമ്മേളനം നടത്തിയ ന്യാധിപന്മാരില്‍ ഒരാളായിരുന്നു ഗൊഗോയ്. എന്നാല്‍ പിന്നീട് ഗൊഗോയ് എന്ന ന്യായാധിപനില്‍ കണ്ട മാറ്റം നീതി ലോകത്തെ അമ്പരപ്പിക്കും വിധമായിരുന്നു. ഗുജറാത്തിലെ സഖിയാ ജാഫ്രി കേസില്‍ മോദിക്കനുകൂലമായി കേസ് ഇഴഞ്ഞും പിരിഞ്ഞും വഴുതിയും നീങ്ങുകയുണ്ടായി. റാഫേല്‍ ആയുധ വ്യാപാര മെഗാ അഴിമതി കേസ് ഗവണ്‍മെന്റിനനുകൂലമായി വന്നു. ബാബരി മസ്ജിദ് കേസില്‍ സര്‍ക്കാരിന് തലവേദനയില്ലാതെ വിധി പറയുകയുണ്ടായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പ്രതിയായ ജസ്റ്റിസ് ലോയ വധക്കേസ് ദുര്‍ബ്ബലപ്പെടുത്തി, കശ്മീരില്‍ 370 ാം വകുപ്പ് എടുത്തുകളഞ്ഞതിനെതിരെയുള്ള വിധിയിലും സര്‍ക്കാരിനനുകൂലമായി നിലകൊണ്ടു. തനിക്കെതിരെവന്ന പെണ്‍കേസില്‍ അദ്ദേഹം തന്നെ വിധി പറഞ്ഞു സ്വയം ക്ലീന്‍ ഇമേജുണ്ടാക്കി. ഇതെല്ലാം രാജ്യത്തെ ജനകോടികള്‍ വിശ്വസിക്കുന്ന ഒരു സംവിധാനത്തിന്റെ തലപ്പത്തിരുന്നു ആരുടെയൊക്കെയോ ഇംഗിതത്തിനുവഴങ്ങി ചെയ്തതാണെന്ന പല ന്യായാധിപന്മാരുടെയും ആരോപണം ശരിവെക്കുന്നതാണ് ഗൊഗോയിയെ തേടിയെത്തിയ പുതിയ സമ്മാനം. ബാബരി മസ്ജിദ ് വിധിയെക്കുറിച്ച് കേരളത്തിലെ പ്രമുഖ ന്യായാധിപനായ ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞത് ഇതൊരു വിധിയെന്ന് പറയാനാവില്ലായെന്നും മധ്യസ്ഥ തീരുമാനമെന്ന് വേണമെങ്കില്‍ പറയാമെന്നുമായിരുന്നു. ജസ്റ്റിസ് മുരളീധര റാവുവിനെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചു ഇന്റര്‍നാഷണല്‍ ലോയേഴ്‌സ് ബോഡി രാഷ്ട്രപതി കോവിന്ദിന് നല്‍കിയ പരാതിയില്‍ രാഷ്ട്രപതി ഉറക്കില്‍നിന്നും എഴുന്നേല്‍ക്കണം. അല്ലെങ്കില്‍ എന്നെന്നേക്കുമായി ഉറങ്ങേണ്ടതായി വരുമെന്ന് പരിഹസിക്കുകയുണ്ടായി. ഇന്ത്യയില്‍ കുറച്ചു വര്‍ഷങ്ങളായി ഇങ്ങനെയൊക്കെ കാണിക്കുന്നവര്‍ക്കുള്ളതാണ് പ്രസിഡന്റ്, സി.ജെ.ഐ, സി.ഇ.സി, രാജ്യസഭാ-ലോക്‌സഭാഅംഗത്വം പദവികളെന്നാണ് പ്രശാന്ത്ഭൂഷണ്‍ പ്രതികരിച്ചത്. രഞ്ജന്‍ ഗൊഗോയിയുടെ പേരിനു സാമ്യമുള്ള അസമില്‍തന്നെ മറ്റൊരു ഗോഗോയ് ഉണ്ട്. തരുണ്‍ ഗൊഗോയ് എന്ന ആ അഭിഭാഷകന്‍ മൂന്നു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ അസമിലെ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇനി അവിടെ പണി നിര്‍ത്തി സുപ്രീംകോടതിയില്‍ പ്രാക്ടീസ് തുടങ്ങുകയാണദ്ദേഹം. അദ്ദേഹം ഇന്നലെ നടത്തിയ പോസ്റ്റിങ് വൈറലായിരുന്നു. ‘കോറോണയേക്കാളും വലിയ മാരകമായ ഭീകര വൈറസാണ് ആര്‍.എസ്.എസ്’.
ആര്‍.എസ്.എസിന് പുതിയ രീതി നിര്‍വചിച്ചാണ് സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയകട്ജു രംഗത്തെത്തിയത്. ‘ആളുകള്‍ക്കൊക്കെ എന്തൊരു മാന്യതയും പ്രതിപക്ഷ ബഹുമാനവും. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ, വംശഹത്യയും വെറുപ്പിന്റെ പ്രത്യയശാസ്ത്രവും കൈമുതലുള്ള, ഭരണഘടന പിച്ചിക്കീറുന്ന ഒരു കൂട്ടം മതഭ്രാന്തരായ തീവ്ര ഭീകരവാദികളെ സംഘ്പരിവാരമെന്നും സംഘികളെന്നും ഓമനിച്ചു വിളിക്കുന്ന സമൂഹത്തിലെ ചില നിര്‍ദ്ദോഷികള്‍ ആ വിളി നിര്‍ത്തണം. സംഘ്പരിവാര്‍ അല്ലെങ്കില്‍ സംഘി എന്നത് ആര്‍.എസ്.എസുകാര്‍ അണികളെ ഓമനിച്ചു വിളിക്കുന്ന പേരാണ്. ഒരു കൂട്ടം അണികള്‍ എന്ന സംസ്‌കൃത വാക്കിന്റെ ഭാഷാന്തരമാണിത്. ആയുധമേന്തി കലാപം ഉണ്ടാക്കുന്നവരെയും ത്രിശൂലങ്ങളുടെ കൂര്‍ത്ത മുനകളില്‍ ഗര്‍ഭസ്ഥ ശിശുക്കളെ കോര്‍ത്തെടുക്കുന്നവര്‍, പശുക്കളേക്കാള്‍ വിശേഷാവകാശങ്ങളില്ലാതെ മനുഷ്യരെ തെരുവിലറക്കപ്പെടുന്നവര്‍…. ഇങ്ങെനെയൊക്കെ ചെയ്യുന്നവരെ ഇത്രക്കങ്ങു ബഹുമാനിക്കാണോ. ആ പേര് സമൂഹം എന്തിനാണ് ഏറ്റുപിടിച്ചു ബഹുമാനപുരസ്സരം എല്ലായിടത്തും വിളമ്പുന്നത്. ഹിന്ദുത്വ കൊടും ഭീകരവാദികളെന്നോ ആര്‍.എസ്.എസ് ഹൈന്ദവ ഭീകരതയെന്നോ അല്ലേ വിളിക്കേണ്ടത്’. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നു.
ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്ത വാള്‍സ്ട്രീറ്റ് ജേണല്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നീ പത്രങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ വാളോങ്ങിനില്‍ക്കുകയാണ്. ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ തീരുമാനിച്ചു. കലാപത്തില്‍ പൊലീസ് പങ്ക് പറഞ്ഞതിനാണ് കേസ്. എന്നാല്‍ കലാപത്തില്‍ അക്രമികള്‍ക്കു തുണയാകുന്ന പൊലീസ് നിലപാടുകളും നടപടികളും വീഡിയോ സഹിതം പുറത്തുവിട്ടാണ് ന്യൂയോര്‍ക്ക് ടൈംസ് തിരിച്ചടിച്ചത്. ദി വാള്‍ സ്ട്രീറ്റ് ജേണല്‍ സൗത്ത് ഏഷ്യന്‍ ബ്യൂറോ ചീഫ് എറിക് ബെല്‍മാനെതിരെ അമേരിക്കന്‍ എംബസിയിലാണ് കേന്ദ്ര ഭരണകൂടം പരാതി നല്‍കിയത്. അതിനുള്ള വിശദീകരണത്തില്‍ ബെല്‍മാന്‍ പറഞ്ഞത് മോദിയുടെ നേരിട്ടുള്ള പൊലീസ് വിഭാഗമാണ് ഡല്‍ഹിയില്‍ അഴിഞ്ഞാടിയത്. ഇത് അക്രമികളേക്കാള്‍ ഭീകരതയാണ് സൃഷ്ടിച്ചത് എന്നാണ്. അതിനിടയില്‍ പുതിയ വിവാദവുമായാണ് ബി.ജെ.പി എം.പി ഹര്‍നാഥ്‌സിങ് യാദവ് വന്നത്. രാജ്യത്തെ ഇരുപത്തിരണ്ടു ഭാഷകളുടെയും ലിപി ദേവനാഗിരി ആകണമെന്നാണ് അദ്ദേഹം വാദിക്കുന്നത്. പുതിയ വിവാദവും ജനശ്രദ്ധയും ഉണ്ടാകട്ടെ എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്ന് നടന്‍ നാനപടേക്കര്‍ പ്രതികരിച്ചു.

SHARE