കലാലയങ്ങളില്‍ നിയന്ത്രണം വേണ്ടത് രാഷ്ട്രീയത്തിനല്ല

കെ.എം ഇസ്മായില്‍

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ വിലക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവ്, കലാലയരാഷ്ട്രീയത്തെ വീണ്ടും ചര്‍ച്ചാവിഷയമാക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനല്ല വിലക്ക് എന്ന ന്യായീകരണവാദം ഇവിടെ അപ്രസക്തമാണ്. കാരണം, സമര നിയന്ത്രണത്തിലൂടെ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ക്കും അതുവഴി ആത്യന്തികമായി കലാലയ രാഷ്ട്രീയത്തിനും തന്നെയാണ് വിലങ്ങുവീഴാന്‍ പോകുന്നത്.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുന്ന ഏത് നീക്കവും, കലാലയങ്ങളിലായാലും പുറത്തായാലും ജനാധിപത്യവിരുദ്ധവും ഭരണഘടന വിഭാവനം ചെയ്യുന്ന പൗരസ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണ്. സമാധാനപരമായി സംഘടിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും സമരം ചെയ്യാനുമുള്ള അവകാശം ഭരണഘടന എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്നുണ്ട്. കലാലയങ്ങളിലും തൊഴില്‍ സ്ഥലങ്ങളിലും പുറത്തും പൊതുഇടങ്ങളിലെവിടെയും ഈ പൗരാവകാശങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്. സംഘടനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് നീതിപീഠങ്ങളായാലും ഭരണകൂടമായാലും കോളജ് മാനേജുമെന്റുകളായാലും ഭരണഘടനാവിരുദ്ധമാണ്. പതിനെട്ട് വയസ്സ് തികഞ്ഞ പൗരന്‍മാര്‍ക്ക് വോട്ടവകാശവും രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യവുമുള്ള രാജ്യത്ത്, അതേ പൗരന്‍മാര്‍ക്ക് ജനാധിപത്യപരമായ പ്രതിഷേധ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നനീക്കം അപഹാസ്യകരമാണ്. ഈ സ്വാതന്ത്ര്യ നിഷേധത്തിന് കോടതി മുതിരുമ്പോള്‍, നിയമവ്യവസ്ഥയുടെയും നീതിനിര്‍വഹണത്തിന്റെയും ആധാരശിലയായ ഭരണഘടനയുടെ അന്തസ്സത്ത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍, അതിന്റെ ഭരണകൂട ഭീകരതയുടെ കറുത്തമുഖം വെളിപ്പെടുത്തുകയാണ്.
രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ സമരമാര്‍ഗങ്ങളുണ്ടാവുക സ്വാഭാവികമാണ്. അവയെ വിലക്കുന്നതിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധങ്ങള്‍ക്കും കൂച്ചുവിലങ്ങിടുകയാണ് ചെയ്യുന്നത്. പഠനത്തിന് തടസ്സമാകുന്ന സമരങ്ങള്‍ പാടില്ല എന്നാണ് പറയുന്നത്. അനീതികള്‍ക്കും അവകാശ നിഷേധങ്ങള്‍ക്കുമെതിരെ സമരം ചെയ്യുകയല്ലാതെ, ജനാധിപത്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് പറയപ്പെടുന്ന ഒരു സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കലാലയ രാഷ്ട്രീയത്തില്‍നിന്ന് മറ്റെന്താണ് പഠിക്കാനുള്ളത്. കലാലയങ്ങളില്‍നിന്ന് അനീതിക്കെതിരെ പോരാടി തന്നെയാണ് നമ്മുടെ നേതാക്കളും ഭരണാധികാരികളും വളര്‍ന്നുവന്നത്. പൊതുസമൂഹത്തിലെ അഴിമതിക്കും അനീതിക്കുമെതിരെ കുറ്റകരമായ മൗനം പാലിച്ച്, പഠനത്തില്‍ മാത്രം മുഴുകി സ്വാര്‍ത്ഥജീവിതം നയിച്ച അരാഷ്ട്രീയ ജീവികളെയല്ല, നീതിയുടെ പടവാളുകളായി പൊരുതിനിന്ന സമരനായകരെയാണ് ചരിത്രം ഓര്‍ത്തുവെച്ചത്. അവരുടെ നീതിബോധവും സമരവീര്യവും തന്നെയാണ് ഇപ്പോഴും സമൂഹത്തെ മുന്നോട്ടുനയിക്കുന്നത്. രാഷ്ട്രീയരംഗത്ത് മാത്രമല്ല, ശാസ്ത്ര സാമൂഹിക മേഖലകളിലും കലാകായിക രംഗത്തുമെല്ലാം കഴിവ് തെളിയിച്ച ധാരാളം മനുഷ്യരുടെ നീതിബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉറവിടം കലാലയ രാഷ്ട്രീയവും ആ കാലഘട്ടത്തിലെ സമരാത്മക ജീവിതവും തന്നയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തനം പഠനത്തെ ബാധിക്കുന്നതായാണ് പറയപ്പെടുന്നത്. പ്രത്യക്ഷത്തില്‍ ഇത് ശരിയെന്നു തോന്നിയേക്കാം. എന്നാല്‍ ക്യാമ്പസുകളിലും പരിസരങ്ങളിലും നടക്കുന്ന ദുഷ്പ്രവണതകളെ സമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടാന്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കായിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ അനീതികള്‍, അവകാശ നിഷേധങ്ങള്‍, അന്യായമായ ഫീസ് വര്‍ധനവുകള്‍, മാനേജ്‌മെന്റുകളും സ്ഥാപന അധികാരികളും നടപ്പാക്കുന്ന പീഡനങ്ങള്‍, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ നടക്കുന്ന ഭീഷണികള്‍, മാനേജുമെന്റുകളുടെ അമിതാധികാരം, റാഗിങ്അടക്കമുള്ള ക്യാമ്പസുകളിലെ പീഡനങ്ങള്‍, അശാസ്ത്രീയ സിലബസ് പരിഷ്‌കരണം, പഠന സംവിധാനങ്ങളുടെ അപര്യാപ്തത, വിദ്യാര്‍ഥികളുടെ പൊതുവേദികളുടെ അഭാവം തുടങ്ങിയ ഒട്ടനവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍ ക്യാമ്പസിന് പുറത്തു സമരം ചെയ്തൂടെ എന്ന് ചോദിക്കുന്നവരുടെ സദ്ബുദ്ധി ഉള്‍ക്കൊണ്ടുതന്നെ പറയട്ടെ, പുറത്തുള്ള സമരങ്ങളെ അടിച്ചൊതുക്കാനെളുപ്പമാണ്. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ സമരയിടം ക്യാമ്പസ് തന്നെയാണ്. ക്യാമ്പസ് സമരങ്ങളുടെ സര്‍ഗാത്മകതയും സമരതീക്ഷണതയും സ്വീകാര്യതയും ഫലപ്രാപ്തിയും ക്യാമ്പസിന് പുറത്ത് നടത്തുന്ന സമരങ്ങള്‍ക്ക് ഒരിക്കലും ലഭിക്കുകയില്ല. സമരങ്ങള്‍ നിരോധിക്കപ്പെടുമ്പോള്‍ ക്ഷുഭിതയൗവ്വനം അനിയന്ത്രിതമായേക്കും. വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അധ്യയന തടസ്സമുണ്ടാക്കുമ്പോള്‍ അതൊഴിവാക്കാന്‍ ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം കൊടുക്കണമെന്നും ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ അഭിപ്രായപ്പെടുകയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ എത്ര ഗുരുതരമാകുമെന്നത് നിയന്ത്രണങ്ങളുള്ള ഡല്‍ഹി ക്യാമ്പസുകളിലെ പൊലീസ് ഇടപെടലുകളില്‍ നിന്ന് മനസ്സിലാക്കേണ്ടതുണ്ട്. സമരവും സര്‍ഗാത്മകതയും കൈകോര്‍ത്ത ക്രിയാത്മകതയ്‌ക്കെ പ്രതിരോധം തീര്‍ക്കാനാകൂ എന്നതാണ് വസ്തുത.
വിദ്യാര്‍ഥി പ്രതിഷേധങ്ങളെയും സമരങ്ങളെയും കുറ്റകൃത്യവും ക്രമസമാധാനപ്രശ്‌നവും പൊതുശല്യവുമായി കാണുമ്പോള്‍, ദുര്‍ബലമാകുന്നത് ജനാധിപത്യമാണ്. സമരങ്ങള്‍ പൂര്‍ണ്ണമായും വര്‍ജിക്കുന്നത് ഏകാധിപത്യ പ്രവണതകളെ ശക്തിപ്പെടുത്തുകയേയുള്ളൂ. കോര്‍പറേറ്റുകളുടെ പ്രീതിക്കായി ടൈ കെട്ടുന്ന ന്യൂ ജനറേഷനെയല്ല, അനീതിക്കെതിരെ കലാലയങ്ങളില്‍ സമരസജ്ജരാകുന്ന നീതിമാന്‍മാരെയാണ് വേണ്ടത്. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നതും പ്രവര്‍ത്തിക്കുന്നതും ഉത്തമ ലക്ഷ്യങ്ങളുമായാണ്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സമൂഹം ഏറ്റെടുത്താണ് പല നവോത്ഥാന പ്രസ്ഥാനങ്ങളുമുണ്ടായത് എന്ന ചരിത്രം മറന്നുപോകരുത്.
കലാലയങ്ങള്‍ സംഘര്‍ഷരഹിതവും ജനധിപത്യപരമായ രാഷ്ട്രീയ സംഘടനാസ്വാതന്ത്ര്യവും സമരസ്വാതന്ത്ര്യവും സര്‍ഗാത്മകവും സംവാദാത്മകവുമാകണം. അത്തരം കലാലയങ്ങള്‍ രൂപപ്പെടാന്‍, മാറുന്ന കാലത്തിനനുസരിച്ച പരിവര്‍ത്തനങ്ങളുണ്ടാവണം. നിയന്ത്രണങ്ങള്‍ ജനാധിപത്യവിരുദ്ധവും ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാകാതിരിക്കാനാണ് ഭരണകൂടവും കോടതികളും നിഷ്‌കര്‍ഷ പുലര്‍ത്തേണ്ടത്. ഭാവി തല്‍മുറ സാമൂഹ്യ ബോധം ഉള്ളവരാകണം. രാഷ്ട്രീയ ബോധമുള്ളവരാകണം. ജനാധിപത്യത്തിന്റെ ബാല പാഠങ്ങള്‍ അവര്‍ ചെറുപ്രായത്തിലേ പഠിച്ച് പക്വതയാര്‍ജ്ജിക്കണം. അവര്‍ തികഞ്ഞ ജനാധിപത്യ വിശ്വാസികളാകണം. അവര്‍ സഹിഷ്ണുതയുള്ളവരും സമാധാന പ്രിയരുമാകണം. പക്വമാര്‍ന്ന ജനാധിപത്യ സമൂഹം ഇവിടെ വളര്‍ന്നുവരണം. രാജ്യത്തിന്റെ ഭാവി, ഭാവിതലമുറയിലാണ്. അവര്‍ കേവലം പുസ്തകപ്പുഴുക്കളും സ്വാര്‍ത്ഥമതികളും അരാഷ്ട്രീയ വാദികളുമാകരുത്. സഹജീവി സ്‌നേഹവും രാഷ്ട്രീയ ബോധവും ജനാധിപത്യ ബോധവുമുള്ളവരാകണം. വരും തലമുറ രാജ്യസ്‌നേഹമുള്ള ഉത്തമ പൗരന്‍മാരാകണം. അതിന് സര്‍ഗാത്മകവും സമാധാന പൂര്‍ണ്ണവുമായ കലാലയങ്ങള്‍ ഉണ്ടാകണം. അവിടെ അനീതിക്കെതിരെ വിരല്‍ ചൂണ്ടാനാകണം. അതിന് കലാലയങ്ങളില്‍ രാഷ്ട്രീയവുമുണ്ടാകണം. വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയവും രാഷ്ട്രീയപ്രവര്‍ത്തവും വേണം. നാടുനേരിടുന്ന പൊതുവിഷയങ്ങളിലും വിദ്യാര്‍ത്ഥി മേഖലയിലെ വിഷയങ്ങളിലും ഇടപെടാന്‍ തീര്‍ച്ചയായും അവര്‍ക്കവകാശവും കടമയുമുണ്ട്.

SHARE