വെള്ളക്കാരെ ഓടിച്ച ഒരുപിടി ഉപ്പ്

കെ.പി ജലീല്‍

ലോകംകണ്ട ഏറ്റവും വലിയ സമാധാന പോരാളിയുടെ മറ്റൊരു ഓര്‍മദിനം കൂടിയാണ് ഇന്ന്. അന്നുവരെയും ഭൂലോകം ദര്‍ശിച്ചിട്ടോ സങ്കല്‍പിച്ചിട്ടുപോലുമോ ഇല്ലാത്ത രാഷ്ട്രീയ സിദ്ധാന്തത്തിന് തുടക്കമിട്ട മഹാത്മാവിന്റെ ഓര്‍മപുതുക്കാന്‍ പര്യാപ്തമാണ്, അദ്ദേഹത്തിന്റെയും ആധുനികഇന്ത്യയുടെയും പോരാട്ട ചരിത്രത്തിലെ നിര്‍ണായകമായ, ഇന്നേക്ക് 90 തികയുന്ന ചരിത്രപ്രസിദ്ധമായ ദണ്ഡിയാത്ര. ഉപ്പുസത്യഗ്രഹമെന്നും ദണ്ഡിയാത്ര എന്നും ചരിത്രത്താളുകളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സമാധാനപരമായ നിയമലംഘന പോരാട്ടത്തിന് ലോകത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ സമാനമായി മറ്റൊന്നും ഇന്നുവരെയും രൂപപ്പെടുത്തപ്പെട്ടിട്ടില്ല. ഗാന്ധിജി എന്ന് ലോക ജനതയും മഹാത്മാവെന്ന് ഇന്ത്യക്കാരും ഹൃദയത്തോട് ചേര്‍ത്ത് അഭിസംബോധന ചെയ്ത മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതവഴിത്താരയിലെ നിത്യസ്മാരകമാണ് ഉപ്പുസത്യഗ്രഹം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുമടകളെന്ന് വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നേര്‍ക്ക് എറിയപ്പെട്ട ഒരുപിടി ഉപ്പാണ് ഗാന്ധിജി സ്വമേധയാ ആവിഷ്‌കരിച്ചതും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നെഞ്ചോട് ചേര്‍ത്ത് ഏറ്റെടുത്തതുമായ ഉപ്പുസത്യഗ്രഹം. ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയില്‍നിന്ന് കെട്ടുകെട്ടിക്കുന്നതില്‍ ഗാന്ധിജിയുടെ അനിര്‍വചനീയമായ അര്‍ത്ഥതലങ്ങളുള്ള സത്യഗ്രഹ സമരത്തിനും അതിന്റെ ഭാഗമായ ഉപ്പുസത്യഗ്രഹത്തിനും നിര്‍ണായക പങ്കുണ്ടെന്ന് ചരിത്രം നമ്മോട് വിളിച്ചുപറയുന്നു.
ദക്ഷിണാഫ്രിക്കയില്‍ ബാരിസ്റ്റര്‍ ജോലിക്കായി ചെന്നപ്പോള്‍ അവിടെ ഇന്ത്യക്കാര്‍ക്കും കറുത്തവര്‍ഗക്കാര്‍ക്കും നേരിടേണ്ടിവന്നിരുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളുമാണ് ഗാന്ധിജിയെ പൊതുരംഗത്തേക്ക് തള്ളിവിട്ടത്. മറ്റേതൊരു സാധാരണ മനുഷ്യനും പ്രതികരിക്കുന്നതുപോലെ മാത്രമേ ആദ്യകാലത്ത് തനിക്ക് നേരിട്ട പ്രയാസങ്ങളില്‍ പ്രതികരിച്ചിരുന്നുള്ളൂവെങ്കിലും 1907 മാര്‍ച്ച് 29നാണ് ട്രാന്‍സ്വാള്‍ നഗരത്തിലെ ഇന്ത്യാവിരുദ്ധ നിയമത്തിനെതിരായി ആദ്യമായി ഗാന്ധിജി തന്റെ സത്യഗ്ര സിദ്ധാന്തം പുറത്തെടുക്കുന്നത്. സദാഗ്രഹം എന്ന പേരാണ ്ആദ്യം സഹപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചതെങ്കിലും പിന്നീട് ഗാന്ധിജി തന്നെ അത് ‘സത്യഗ്രഹം’ എന്ന് പേരു മാറ്റുകയായിരുന്നു. സത്യാഗ്രഹം എന്നും ഇതിനെ വിളിക്കുന്നവരുണ്ട്.
1916ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ഗാന്ധിജി ഇന്ത്യയില്‍ ആദ്യമായി തന്റെ സത്യഗ്രഹ സമരമുറ പ്രയോഗിക്കുന്നത് നിസ്സഹകരണ പ്രസ്ഥാന കാലത്തായിരുന്നു. 1920-22 കാലഘട്ടമായിരുന്നു തൊട്ടടുത്തത്. അക്കാലത്താണ് കേരളത്തില്‍ മലബാറിലടക്കം 1921ല്‍ മാപ്പിളകലാപം എന്നറിയപ്പെട്ട ബ്രിട്ടീഷ് വിരുദ്ധ-കാര്‍ഷിക സമരം അരങ്ങേരറിയത്. ഇതിനെ ആഗോളതലത്തിലെ ഖിലാഫത്ത് പ്രസ്ഥാനവുമായി കൂട്ടിയോജിപ്പിച്ച് മുസ്്‌ലിംകളെ വിശ്വാസത്തിലെടുക്കുന്നതിന് ഗാന്ധിജി സവിശേഷമായ പാടവം പ്രദര്‍ശിപ്പിച്ചു.
ഗുജറാത്തിലെ തന്റെ ആശ്രമമായിരുന്ന സബര്‍മതിയില്‍നിന്ന് 384 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ദണ്ഡി കടപ്പുറത്തെത്തി അവിടെ കടല്‍തീരത്ത് ഉപ്പുകുറുക്കിയ നിയമലംഘന പ്രതീകാത്മക സമരമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ സുപ്രധാനമായ ഉപ്പുസത്യഗ്രഹം. സബര്‍മതിയില്‍നിന്ന് ദണ്ഡിവരെ കാല്‍നടയായി നടത്തിയ യാത്രയില്‍ ഗാന്ധിജിയുടെ ശിഷ്യന്മാരായ 78 പേരാണ് പങ്കെടുത്തത്. ഇവരില്‍ ബഹുഭൂരിപക്ഷവും 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. കേരളത്തില്‍നിന്ന് മൂന്നു പേരും ഇവരിലുണ്ടായിരുന്നു. ഉപ്പുസത്യഗ്രഹത്തിന് ദണ്ഡിയാത്രയെന്നും ദണ്ഡിമാര്‍ച്ചെന്നും പേരുവന്നത് ദണ്ഡികടപ്പുറത്താണ് ആ ചരിത്രത്തിലെ പോരാട്ട കാഹളം മുഴങ്ങിയത് എന്നതുകൊണ്ടാണ്. 1929 ഡിസംബര്‍ 19ന് ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക യോഗമാണ് പൂര്‍ണ സ്വരാജ് പ്രഖ്യാപനം നടത്തിയത്. ഇതേതുടര്‍ന്ന് എന്തെങ്കിലും ചെയ്യണമെന്ന ചിന്ത കോണ്‍ഗ്രസിലും ഗാന്ധിജിയടക്കമുള്ളവരിലും അങ്കുരിച്ചു. ഗാന്ധിജി ഉപ്പിനെതിരായ ബ്രിട്ടീഷുകാരുടെ നിയമം കോണ്‍ഗ്രസ്‌യോഗത്തില്‍ ഉന്നയിക്കുകയും ദണ്ഡിയാത്രക്കായി അനുമതി ലഭിക്കുകയും ചെയ്തു. 1930 മാര്‍ച്ച് 12നാണ് ചരിത്രത്തിലെ ആ സുപ്രധാന അധ്യായത്തിന് തുടക്കം. സബര്‍മതിയില്‍നിന്ന് പുറപ്പെട്ട യാത്രയില്‍ ഊര്‍ജസ്വലരായ ഗാന്ധിശിഷ്യന്മാരാണ് ഉണ്ടായിരുന്നത്. 240 മൈലുകള്‍ 24 ദിവസം 10 മൈലുകള്‍ വീതം താണ്ടി നടന്നുതീര്‍ക്കുക. ഇതായിരുന്നു ഗാന്ധിജിയുടെ പദ്ധതി. ഇതിനായി സത്യഗ്രഹികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സര്‍വാത്മനാ മുന്നോട്ടുവന്നു. യാത്രാസംഘം പോകുന്ന വഴികളിലെല്ലാം നിരനിരയായി ഗ്രാമീണര്‍ തടിച്ചുകൂടിയിരുന്നു. സര്‍വരോടും കൈവീശിയും പുഞ്ചിരിച്ചും പ്രത്യഭിവാദ്യം ചെയ്തുമായിരുന്നു ഗാന്ധിജിയുടെയും സംഘത്തിന്റെയും നടത്തം. ഒരു കൈയില്‍ നീളമുള്ള വടിയും മറുകൈയില്‍ തോളിലൂടെ ചുറ്റിയ ഷാളില്‍ പിടിച്ചുമാണ് ഗാന്ധിജി നടന്നത്. മറ്റുള്ളവര്‍ക്ക് അദ്ദേഹത്തിനോടൊപ്പമെത്താന്‍ പലപ്പോഴും ഓടേണ്ടിവന്നു. ഏപ്രില്‍ 6ന് ദണ്ഡിയില്‍ സമാപിച്ച യാത്ര അതോടെ ലോക ചരിത്രത്തിലെ തിളങ്ങുന്ന സ്വാതന്ത്ര്യസമര അധ്യായമായി മാറി. രാവിലെ 6.30ന് ഗാന്ധിജി സഹപ്രവര്‍ത്തകര്‍ നിര്‍നിമേഷരായി നോക്കിനില്‍ക്കെ, ക്യാമറാ#ാഷുകള്‍ തിളങ്ങവെ, കുനിഞ്ഞ് ഒരുകൈകൊണ്ട് മണല്‍വാരി സമീപത്തുവെച്ച് അത് കുറുക്കി ഉപ്പുണ്ടാക്കി.
ബ്രിട്ടീഷുകാരുടെ മനുഷ്യത്വ വിരുദ്ധമായ ഉപ്പുനിയമമാണ് ഗാന്ധിജിയെ ഈ തനിമയാര്‍ന്ന സത്യഗ്രഹസമരത്തിന് നിര്‍ബന്ധിതമാക്കിയത്. ബ്രിട്ടീഷുകാര്‍ ഇറക്കുമതിചെയ്യുന്ന ഉപ്പ് കൂടിയ നികുതി കൊടുത്ത് സാധാരണക്കാരും പട്ടിണിപ്പാവങ്ങളും വാങ്ങണമെന്നായിരുന്നു നിയമം. ഇന്ത്യക്കാര്‍ക്ക് ഉപ്പുകുറുക്കി അതുല്‍പാദിപ്പിക്കാനുള്ള അവകാശം ഇല്ലാതായതോടെ ജനങ്ങള്‍ അവരുടെ നിത്യോപയോഗ വസ്തുവായ ഉപ്പ് കിട്ടാതെ പലയിടത്തും വലഞ്ഞു. ഇതാണ് ഗാന്ധിജി തന്റെ സമര മുറക്കുള്ള സുവര്‍ണാവസരമായി ഉപയോഗിച്ചത്. ഒന്നാമത്, ഉപ്പ് എല്ലാ ഇന്ത്യക്കാരുടെയും നിത്യോപയോഗ വസ്തുവാണ്. മറ്റൊന്ന് ഇതിനുവേണ്ടിയുള്ള സമരത്തിലൂടെ പണ്ഡിതനോ പണക്കാരനോ പാമരനോ പാവപ്പെട്ടവനോ എന്നില്ലാതെ എല്ലാ ഇന്ത്യക്കാരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഈ ചിന്തയും തീരുമാനവും ശരിക്കും ഏശുകതന്നെ ചെയ്തു. ബ്രിട്ടീഷ് വൈസ്രോയി ഇര്‍വിന്‍ പ്രഭുവിന് ഇതു സംബന്ധിച്ച് ഗാന്ധിജി നിരവധി കത്തുകളെഴുതുകയും അതൊന്നും ചെവിക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കിയതോടെ അന്തിമ സമരത്തിന് കോണ്‍ഗ്രസും താനും തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്ത ഗാന്ധിജി ഉപ്പുസത്യഗ്രഹത്തെക്കുറിച്ചും വ്യക്തമായും ദീര്‍ഘമായും തന്നെ ഇര്‍വിന്‍പ്രഭുവിന് എഴുതിയിരുന്നു. എന്നിട്ടും സമാധാനപരമായ സമരമെന്നതിനാല്‍ അതിനെ ഗൗനിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം തയ്യാറായില്ല. എന്നാല്‍ സംഗതി മാറിമറിയുന്നത് ഗാന്ധിജി ഉന്നമിടുകയും ജനത കാംക്ഷിക്കുകയും ചെയ്ത രീതിയില്‍തന്നെ രാജ്യം ഉപ്പുസത്യഗ്രത്തില്‍ സജീവമായി പങ്കുകൊണ്ടു. വിദേശ മാധ്യമങ്ങളില്‍ ഗാന്ധിജിയുടെ ഉപ്പുകുറക്കലിന്റെ ചിത്രസഹിതവാര്‍ത്തകള്‍ വന്നതോടെ ബ്രിട്ടീഷുകാരുടെ അനീതിക്കെതിരെ ലോകം ഉണര്‍ന്നു. ഇന്ത്യന്‍ നേതാക്കളുമായി നടന്നുവരുന്ന വട്ടമേശ സമ്മേളനം അനിശ്ചിതമായി നിലച്ച സമയമായിരുന്നു അത്. എന്നാല്‍ ദണ്ഡിയാത്ര ഉണ്ടാക്കിയ ദേശീയ വികാരവും വീര്യവും അന്നാദ്യമായി നാമൊന്നാണെന്നും പ്രയത്‌നിച്ചാല്‍ സ്വാതന്ത്ര്യം അകലെയല്ലെന്നുമുള്ള ചിന്ത ജനതയിലുണര്‍ത്തി. ഗാന്ധിജിയെ ബ്രിട്ടീഷുകാര്‍ പിന്നീട് അറസ്റ്റ് ചെയ്യുകയുണ്ടായി. ദണ്ഡി കടപ്പുറത്തിന് തൊട്ടകലെ താല്‍ക്കാലികകൂടാരത്തില്‍ കഴിയുകയായിരുന്ന മഹാത്മാവിനെ ബ്രിട്ടീഷ് പട്ടാളം മെയ് 4-5ന് അര്‍ധരാത്രി എത്തിയാണ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. വിചാരണ കൂടാതെ ജയിലിലും ഇട്ടു.
ഇതിനുമുമ്പ് തന്നെ ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലുമെല്ലാം ഉപ്പുസത്യഗ്രഹത്തിന്റെ അനുരണനങ്ങള്‍ തിമിര്‍ത്താടി. കേരളത്തില്‍ പയ്യന്നൂരില്‍ കെ.കേളപ്പന്റെയും മാധവന്‍നായരുടെയും നേതൃത്വത്തില്‍ ഉപ്പുകുറുക്കി. ഏപ്രില്‍ 22നായിരുന്നു ഇത്. കോഴിക്കോട് കെ. മൊയ്തുമൗലവിയുടെയും നേതൃത്വത്തില്‍ ഉപ്പുസത്യഗ്രഹം നടന്നു. ഗാന്ധിജിയുടെ അറസ്റ്റിനുമുമ്പുതന്നെ ഏപ്രിലില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. സരോജിനി നായിഡുവിനും കാരാഗൃഹവാസം തേടിയെത്തി. ഇത് തല്‍കാലത്തേക്ക് കോണ്‍ഗ്രസിനുമേല്‍ നാഥനില്ലാത്ത അവസ്ഥ സൃഷ്ടിച്ചെങ്കിലും ജനങ്ങള്‍ പിന്നീട് നാടെമ്പാടും സത്യഗ്രഹ സമരവുമായി മുന്നോട്ടുപോയി. നില്‍ക്കക്കള്ളിയില്ലാതെ 1931 ജൂലൈയില്‍ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയെ പുറത്തിറക്കി. ഇതോടെയാണ് ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന ഉപ്പുസത്യഗ്രഹത്തിന് ശമനമുണ്ടാകുന്നത്. എന്നാല്‍ ഈ സമരാധ്യായമുണ്ടാക്കിയ തീപ്പൊരി പിന്നീട് ക്വിറ്റിന്ത്യാ സമരത്തിലും മറ്റും നിന്ന് ജ്വലിച്ചു. ഗാന്ധിജിയുടെ സമാധാനപരമായ പോരാട്ടത്തിനും ദീര്‍ഘദര്‍ശനത്തിനുള്ള ഒന്നാന്തരം തെളിവായി ഇന്നും ചരിത്രത്തില്‍ ഉപ്പുസത്യഗ്രഹവും ദണ്ഡിയാത്രയും നിലകൊള്ളുന്നത് ഇതുകൊണ്ടാണ്. ഒന്‍പതു പതിറ്റാണ്ടിനുശേഷം സ്വതന്ത്ര ഇന്ത്യയില്‍ സ്വന്തം ഭരണകൂടത്തിന്റെ കിരാത നിയമങ്ങള്‍ക്കെതിരെ സഹന പോരാട്ടം നടത്തുന്നതിന് രാജ്യത്തെ പതിതകോടികള്‍ക്ക് ഇന്ധനം നല്‍കുന്നത് ദണ്ഡിയിലെ ആ ഒരു പിടി ഉപ്പാണ്. ചരിത്രത്തിലെ മറ്റൊരു കാവ്യനീതി!

SHARE