ഹിന്ദുത്വ കൂട്ടുകെട്ടിന്റെ വഴിപിരിയല്‍

വിശാല്‍ ആര്‍.

മൂന്നര പതിറ്റാണ്ടിന്റെ സൗഹൃദത്തില്‍നിന്ന് വഴി പിരിഞ്ഞാണ് ശിവസേന എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. പരസ്പരം തര്‍ക്കിക്കുമ്പോഴും, കടുത്ത വിമര്‍ശനങ്ങള്‍ ചൊരിയുമ്പോഴും എക്കാലവും ബി.ജെ.പിയുടെ വിശ്വസ്തരായിരുന്നു ശിവസേന. അതിനു കാരണം ഹിന്ദുത്വത്താല്‍ കൂട്ടിയോജിപ്പിക്കപ്പെട്ടതായിരുന്നു അവരുടെ ബന്ധമെന്നതു തന്നെയാണ്. മറ്റെല്ലാവരും അകറ്റിനിര്‍ത്തിയപ്പോഴും ബി.ജെ.പിക്ക് കൂട്ടായി ശിവസേന ഉണ്ടായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനും അതിനുശേഷവും കൂട്ടായി. അതാണ് ഇപ്പോള്‍ ചരിത്രമാകുന്നത്.

1984 ല്‍ ബി.ജെ.പി രൂപീകരിക്കപ്പെട്ട് നാല് വര്‍ഷം മാത്രമായപ്പോഴാണ് മഹാരാഷ്ട്രയില്‍ ആദ്യമായി ശിവസേന ആ പാര്‍ട്ടിയുമായി സഹകരിക്കുന്നത്. കോണ്‍ഗ്രസ് വിരുദ്ധതയായിരുന്നു ആ ഘട്ടത്തില്‍ ഇരു പാര്‍ട്ടികളെയും കൂട്ടി യോജിപ്പിച്ച ഘടകം. അന്ന് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ സംഘടന സംവിധാനങ്ങള്‍ കാര്യമായി ഉണ്ടായിരുന്നില്ല. 1984 ലെ തെരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ചത് ബി.ജെ.പിയുടെ ചിഹ്നത്തിലുമായിരുന്നു. അന്ന് ബി.ജെ.പി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച നേതാവായിരുന്നു മനോഹര്‍ ജോഷി. വിവിധ ദേശീയ വിഷയങ്ങളില്‍ സമാനമായ അഭിപ്രായമായിരുന്നു ശിവസേനക്കും ബി.ജെ.പിക്കും. 370ാം വകുപ്പ്, അയോധ്യ, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ ബി.ജെ.പിയുടെ അതേ നിലപാട് ശിവസേനയും സ്വീകരിച്ചു. ഹിന്ദുത്വ വിഷയങ്ങളില്‍ ശിവസേന ബി.ജെ.പിയെ കടത്തിവെട്ടുന്ന സമീപനമാണ് പലപ്പോഴും സ്വീകരിച്ചത്. എന്നാല്‍ ഒരേ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെ സൗഹര്‍ദത്തിനിടയിലും ഈ പാര്‍ട്ടികള്‍ തമ്മിലുള്ള മല്‍സരവും ശക്തമായി നടന്നു. ഹിന്ദുത്വവും മറാത്ത വാദവും ഇരു പാര്‍ട്ടികളും തങ്ങള്‍ക്കാവുംവിധം ഉപയോഗിച്ചു. 1989 ലെ ഇരു പാര്‍ട്ടികളും സഖ്യകക്ഷികളായി മല്‍സരിച്ചു. ബഹുഭൂരിപക്ഷം സീറ്റുകളിലും അന്ന് ബി.ജെ.പിയായിരുന്നു മല്‍സരിച്ചത്.

1995ല്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്‌ശേഷവും മുംബൈ കലാപത്തിനുശേഷവും നടന്ന തെരഞ്ഞെടുപ്പിലാണ് ശിവസേന ബി.ജെ.പി സഖ്യം ആദ്യമായി മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത്. ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനവും ബി.ജെ.പിക്ക് ഉപ മുഖ്യമന്ത്രി സ്ഥാനവും ലഭിച്ചു. മന്ത്രി സ്ഥാനങ്ങളെക്കുറിച്ചുള്ള തര്‍ക്കവും മറ്റുമായി സങ്കീര്‍ണമായിരുന്നു ആ ഭരണകാലം. 1999 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈ തര്‍ക്കം പ്രതിഫലിച്ചു. ബി.ജെ.പിയും ശിവസേനയും പരസ്പരം കാലുവാരിയെന്ന ആരോപണമുണ്ടായി. സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. എന്‍.സി.പിയുമായി തെരഞ്ഞെടുപ്പിലിറങ്ങിയ ശരദ് പവാര്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണത്തിലെത്തി. 2014 വരെ ഈ സംഖ്യം ഭരണത്തില്‍ തുടര്‍ന്നു. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തിനുവേണ്ടിയായിരുന്നു ബി.ജെ.പിയും ശിവസേനയും മല്‍സരിച്ചത്. 2009 ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്ക് ശിവസേനയെക്കാള്‍ സീറ്റ് ലഭിച്ചത്.

അങ്ങനെ പ്രതിപക്ഷ നേതൃ സ്ഥാനവും ബി.ജെ.പിക്കായി. 2014 ല്‍ ഇരുപാര്‍ട്ടികളും തനിച്ച് മല്‍സരിച്ചു. ബി.ജെ.പിക്ക് 122 ഉം ശിവസേനയ്ക്ക് 63 സീറ്റുകള്‍ ലഭിച്ചു. ശിവസേനയെ അനുനയപ്പിച്ചാണ് ഫഡ്‌നാവിസിന് ആ പാര്‍ട്ടിയിലെ അംഗങ്ങളെ മന്ത്രിസഭയില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത്. അവസാന നാളുകളില്‍ കടുത്ത വിമര്‍ശനമാണ് ശിവസേന ബി.ജെ.പിക്ക് നേരെ അഴിച്ചുവിട്ടത്. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിന്മുമ്പ് ഇരു പാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. എന്നാല്‍ അനുകൂല സാഹചര്യമുണ്ടായിട്ടും നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ഇരു പാര്‍ട്ടികള്‍ക്കുമായില്ല. 105 സീറ്റ് ബി.ജെ.പിക്കും 56 സീറ്റും ശിവസേനക്കും ലഭിച്ചു. 2014 നെ അപേക്ഷിച്ച് ബി.ജെ.പിക്ക് 17 സീറ്റ് കുറഞ്ഞപ്പോള്‍ ശിവസേനക്ക് ഏഴ് സീറ്റും കുറഞ്ഞു. ഇതാണ് മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വാശിപിടിക്കാന്‍ശിവസേന അവസരമാക്കിയത്. വഴങ്ങാന്‍ തയ്യാറാകാതിരുന്ന ബി.ജെ.പിക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗം തേടുകയാണ് ശിവസേന ചെയ്തത്.

ശിവസേനഎന്‍.സി.പി സഖ്യത്തെ പരിഹസിച്ച് നേരത്തെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ജമ്മു കശ്മീരില്‍ ബി.ജെ.പിക്ക് പി.ഡി.പിയുമായി സഖ്യമാവാമെങ്കില്‍ ശിവസേനയ്ക്ക് എന്‍.സി.പിയായും കോണ്‍ഗ്രസുമായും സഖ്യമാവാമെന്നായിരുന്നു ഇതിന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് നല്‍കിയ മറുപടി.
ശിവസേന എന്‍.സി.പി സഖ്യം അധികാരത്തില്‍ വന്നാല്‍ ഏറെക്കാലം പോകില്ലെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അത്തരമൊരു സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ കണക്ക്തീര്‍ത്ത് ശിവസേനയെന്ന സമ്മര്‍ദ്ദ ശക്തിയെ എല്ലാ കാലത്തേക്കുമായി അതിജീവിക്കാന്‍ കഴിയുമെന്നും അവര്‍ കരുതുന്നു. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റങ്ങളാണ് അപ്രതീക്ഷിതമായി സംഭവിക്കുന്നത്.

വര്‍ഗീയ പ്രാദേശിക നിലപാടുകളുള്ള ശിവസേനയെ കോണ്‍ഗ്രസും എന്‍.സി.പിയും പിന്തുണക്കുന്നത് ബുദ്ധിപരമാകും. ശിവസേന എന്‍.ഡി. എ വിട്ടതുകൊണ്ടുമാത്രമല്ല, ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും എന്‍.സി.പിയുമായുള്ള സഹവര്‍ത്തിത്വത്തിലൂടെ ഇത്തരം നിലപാടുകളില്‍നിന്ന് പിന്നാക്കംപോകാന്‍ ശിവസേന നിര്‍ബന്ധിതരാകും. കൂട്ടുകെട്ടില്‍ ക്ഷയിക്കാന്‍ പോകുന്നത് ശിവസേനയാണ്. കര്‍ണാടകയിലടക്കം ജനാധിപത്യം അട്ടിമറിച്ച് ഭരണം സ്ഥാപിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടിയുമാകും.

SHARE