ഖുര്‍ആന്റെ മാസം വിട പറയുമ്പോള്‍

The Holy Quran

എ.എ വഹാബ്

ഭൂമിയിലെ മനുഷ്യജീവിതം ഏകനായ സ്രഷ്ടാവിന്റെ സമയബന്ധിത സോദ്ദേശ്യ പദ്ധതിയാണ്. ഒരു മഹാനിയോഗം. ജീവിത പ്രശ്‌നങ്ങളെ ശാന്തമായി നേരിടാനും നേര്‍വഴിയില്‍ ഉറച്ചുനില്ക്കാനും ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ പ്രപഞ്ചനാഥന്‍ പ്രവാചകന്മാര്‍ വഴി മനുഷ്യന് എത്തിച്ചു കൊടുത്തിട്ടുണ്ട്. അറിയപ്പെടുന്ന എല്ലാ വേദഗ്രന്ഥങ്ങളും അവതരിപ്പിക്കപ്പെട്ടത് റമസാന്‍ മാസത്തിലാണ്. ഈ വര്‍ഷത്തെ റമസാന്‍ നമ്മില്‍ നിന്ന് വിട പറയാന്‍ ഒരുങ്ങുമ്പോള്‍, നമുക്ക് അവതരിപ്പിക്കപ്പെട്ട ഖുര്‍ആനും നമ്മളും തമ്മിലുള്ള ബന്ധം ഒന്ന് അവലോകനം ചെയ്യുന്നത് ഉത്തമമായിരിക്കും.

‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും (ആണത്). പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത് ലഭിച്ചത്, അതിനാല്‍ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്.” (വി.ഖു.10:57-58)
നമുക്കെല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ സമ്പാദ്യമായി ഉണ്ടാകും. എന്നാല്‍ ഏറ്റവും മികച്ച സമ്പാദ്യം ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക. ഭൗതിക വിഭവ സമ്പാദ്യങ്ങളെല്ലാം കൃത്യമായി പറഞ്ഞാല്‍ ഊര്‍ജത്തിന്റെ താല്‍ക്കാലിക ദ്രവ്യ പരിണാമം മാത്രമാണ്. അവ സദാ മാറിക്കൊണ്ടേയിരിക്കുന്നു. സത്യമാര്‍ഗദര്‍ശനബോധം ഒരിക്കലും മാറില്ല, കാരണം അത് അല്ലാഹു നേരിട്ടു നല്‍കുന്ന മഹത്തായ പ്രകാശ(ഊര്‍ജ)മാണ്. ആ പദവിയിലേക്കു എത്തുന്നതിന് അല്ലാഹു ചില നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഏതൊരാളെ നേര്‍വഴിയിലേക്ക് നയിക്കുവാന്‍ അല്ലാഹു ഉദ്ദേശിക്കുന്നുവോ അവന്റെ ഹൃദയത്തെ ഇസ്‌ലാമിലേക്ക് (ദൈവാര്‍പ്പണത്തിന്) അവന്‍ തുറന്നു കൊടുക്കുന്നതാണ്…(6:125)
അല്ലാഹുവിന്റെ ഉദ്ദേശ്യം എന്നത് സത്യവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആര് എത്ര വിശ്വസിക്കുന്നു എന്ന് ഏറ്റവും നന്നായി അറിയുന്നത് അല്ലാഹുവാണ്. അതനുസരിച്ചാണ് അവരുടെ ഹൃദയങ്ങളെ സമര്‍പ്പണത്തിനു വേണ്ടി അല്ലാഹു തെരഞ്ഞെടുക്കുന്നത്. അല്ലാഹു നിശ്ചയിച്ചു എന്നു പറയുമ്പോള്‍ അതിന് യുക്തിയും നീതിയും ന്യായവും കൃത്യമായ മാനദണ്ഡവും ഒക്കെ ഉണ്ടാകും. ആര്‍ക്കെങ്കിലും ജീവിതം അല്ലാഹുവിന് സമര്‍പ്പിക്കാനുള്ള ഭാഗ്യം ലഭിച്ചാല്‍ അതില്‍ വ്യക്തിയുടെ വിജ്ഞാനത്തിനും സത്യവിശ്വാസത്തിനും പങ്കുണ്ടാവും. അതു വഴിയാണ് സമര്‍പ്പണത്തിന് അവന്‍ അര്‍ഹത നേടുന്നത്. ഈ ബോധം അഹങ്കാരത്തിനല്ല, മറിച്ച് കൂടുതല്‍ വിനയത്തിനും നന്ദി കാണിക്കാനുമാണ്.

കീഴ്‌വണക്ക ബോധം / ഇസ്‌ലാമിക ബോധം / സത്യമാര്‍ഗ ദര്‍ശന ബോധം / ദൈവാനുസരണാബോധം അങ്ങനെ ഏതു പേരില്‍ വിളിച്ചാലും അതാണ് ഖുര്‍ആന്‍ നമുക്ക് ദിവ്യകാരുണ്യമായി നല്‍കുന്നത്. ഈ ബോധം ലഭ്യമായാല്‍ മനസ് ശാന്തമാകും, സംതൃപ്തമാകും. ഭൂമിയിലാണ് ജീവിതമെങ്കിലും അത്യുന്നതങ്ങളിലെ ഉത്തുംഗ സിംഹാസനവുമായി സദാ ബാന്ധവത്തിലായിരിക്കും. ഭയക്കാതെ, പതറാതെ അല്ലാഹുവിന് സാക്ഷിയായിക്കൊണ്ട് ദൗത്യം പൂര്‍ത്തീകരിക്കും. ദിവ്യപ്രകാശത്തില്‍ ചരിക്കുന്നതിന്റെ അനന്തര ഫലമാണത്. ഇതേക്കാല്‍ മികച്ച സമ്പാദ്യം വേറെയില്ലല്ലോ.

തീര്‍ച്ചയായും ഈ ഖുര്‍ആന്‍ ഏറ്റവും ശരിയായ മാര്‍ഗം കാണിച്ചു തരുന്നു, അതനുസരിച്ച് സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുന്ന സത്യവിശ്വാസികള്‍ക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. പരലോകത്തില്‍ വിശ്വസിക്കാത്തവരാരോ അവര്‍ക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് എന്ന്(താക്കീതും നല്‍കുന്നു.) മനുഷ്യന്‍ ഗുണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് പോലെ തന്നെ ദോഷത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (17:911)
ഏറ്റവും ശരിയായ മാര്‍ഗം നന്നായി അറിയുന്നത് അല്ലാഹു ആണല്ലോ. പ്രപഞ്ചത്തെയും ജീവിതത്തെയും കുറിച്ചുള്ള ഒരു ഗൈഡ് ബുക്കാണ് യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍. ഓരോ സൃഷ്ടിയുടെയും യാഥാര്‍ത്ഥ്യത്തെക്കുറിച്ച് നന്നായി അറിയുന്നവന്‍ പറഞ്ഞു തരുന്നതാണല്ലോ ശരിയായ മാര്‍ഗ്ഗം. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം പരലോക ജീവിതം അല്ലെങ്കില്‍ സ്ഥിര ലോകജീവിതമാണ്. ഐഹിക ജീവിതം കഴിഞ്ഞശേഷമാണ് അത് ഉണ്ടാവുക, അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ ജീവിതം നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

ആ ഗ്രന്ഥം! അതില്‍ സംശയമില്ല; (അത്) , സൂക്ഷ്മത പാലിക്കുന്നവര്‍ ക്ക് മാര്‍ഗ്ഗദര്‍ശനമത്രെ. അദൃശ്യത്തില്‍ വിശ്വസിക്കുക യും, നിസ്‌കാരം നിലനിറുത്തു കയും ചെയ്യുന്നവര്‍; നാം നല്‍കിയിട്ടുള്ളതില്‍നിന്ന് അവര്‍ ചിലവഴിക്കുകയും ചെയ്യും. നിനക്ക് ഇറക്കപ്പെട്ട തിലും, നിന്റെ മുമ്പായി ഇറക്കപ്പെട്ടതിലും വിശ്വസിക്കുന്നവരും; പരലോകത്തില്‍ ദൃഢബോധ്യമുള്ളവരും. (ഇവരാണ് സുക്ഷ്മത പാലിക്കുന്നവര്‍). അവര്‍, തങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള സന്മാര്‍ഗ്ഗത്തിലാകുന്നു. അവര്‍ തന്നെയാണ് വിജയികളും! (2:25)
സൂറത്തുല്‍ ഫാത്തിഹ സൃഷ്ടിയുടെ സ്രഷ്ടാവിനോടുള്ള പ്രാര്‍ത്ഥനയാണ്. ആ പ്രാര്‍ത്ഥനക്കുള്ള ഉത്തരമാണ് ഖുര്‍ആന്‍. ആ പുസ്തകത്തില്‍ നിസ്സംശയം സൂക്ഷ്മതയുള്ളവര്‍ക്ക് / ജീവിത മാര്‍ഗദര്‍ശനം ഉണ്ട് എന്ന് അല്ലാഹു മറുപടി പറയുകയാണ്. ഗ്രന്ഥം അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബി (സ) വഴി നമ്മുടെ അടുത്ത് എത്തിച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടാണ് ആ ഗ്രന്ഥം എന്ന പ്രത്യേക പരാമര്‍ശം.

ആ സൂക്ഷ്മശാലികള്‍ / ഭക്തര്‍ ആരൊക്കെയാണെന്ന്, അവരുടെ വിശേഷണങ്ങള്‍ എന്തൊക്കെയാണന്ന് പിന്നീട് വിശദീകരിക്കുന്നു. അവര്‍ അദൃശ്യത്തില്‍ വിശ്വസിക്കുന്നു, അതിന്റെ ആദ്യ പ്രകടനപത്രികയായ നിസ്‌കാരം നിലനിര്‍ത്തുന്നു. അവര്‍ക്ക് അല്ലാഹു നല്‍കിയതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ചെലവഴിക്കുന്നു. മുഹമ്മദ് നബി(സ)ക്ക് അവതരിപ്പിച്ച ഖുര്‍ആനിലും അദ്ദേഹത്തിന് മുമ്പ് അവതരിപ്പിക്കപ്പെട്ട വേദങ്ങളിലും വിശ്വസിക്കുന്നു. പരലോക ജീവിതത്തെ സംബന്ധിച്ച് ദൃഢബോധ്യ മുള്ളവരാണവര്‍. രക്ഷിതാവില്‍ നിന്നുള്ള സന്മാര്‍ഗത്തില്‍ നിലകൊള്ളുന്ന അവര്‍ മാത്രമാണ് വിജയികള്‍. ഈ പറഞ്ഞ വിശേഷണങ്ങ ളും നമ്മുടെ ദൈനംദിന പ്രായോഗിക ജീവിതവും എങ്ങനെ ഒത്തു പോകുന്നു / എവിടെ നില്‍ക്കുന്നു എന്ന ഒരു താരതമ്യ പഠനം നടത്തുമ്പോള്‍ നമ്മുടെ സത്യ വിശ്വാസത്തിന്റെ നിലവാരം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

നാം ഒരു പര്‍വതത്തിന്മേല്‍ ഈ ഖുര്‍ആന്‍ ഇറക്കിയിരുന്നെങ്കില്‍, അത് ദൈവഭയത്താല്‍ വിഹ്വലമായി പൊട്ടിത്തകരുന്നത് നിനക്ക് കാണാ മായിരുന്നു. ഈ ഉദാഹരണ ങ്ങള്‍ ജനത്തിനു വിവരിച്ചു കൊടുക്കുന്നത്, അവര്‍ (തങ്ങളുടെ അവസ്ഥയെക്കു റിച്ച്) ചിന്തിക്കേണ്ടതിനാണ്. (59:21) ഖുര്‍ആന്റെ നേരെ മനുഷ്യന്‍ കാണിക്കുന്ന അശ്രദ്ധയും ഉദാസീനതയും ഖുര്‍ആനിക ആശയങ്ങള്‍ സ്വീകരിക്കുന്നതിലുള്ള വിമുഖതയും മനോഹരമായി ചിത്രീകരിക്കുന്ന ഒരു ഉപമയാണിത്.

അതിബൃഹത്തായ ഖുര്‍ആന്‍ ജീവിതത്തിന് പുരോഗതിയും ശാന്തിയും പ്രതീക്ഷയും നല്‍കുന്ന ഉപദേശങ്ങള്‍, മനുഷ്യന്റ എല്ലാ ഓരോ ചലനങ്ങള്‍ക്കും രക്ഷിതാവിനോട് കണക്ക് ബോധിപ്പിക്കുകയും ഉത്തരം പറയേണ്ടിവരികയും ചെയ്യുമെന്ന ഓര്‍മപ്പെടു ത്തല്‍. സല്‍കര്‍മികള്‍ക്ക് നിത്യാനന്ദമെന്ന ശുഭവാര്‍ത്ത നിഷേധിക്ക് നാശത്തിന്റെ നരകാഗ്‌നി എന്ന താക്കീത് ഇതൊക്കെ കേള്‍ക്കുന്നത്. അശ്രദ്ധയാല്‍ സ്വന്തം ഭാവി തുലച്ചു കളയുന്ന മനുഷ്യന്‍ ചിന്തിച്ച് ഗ്രഹിക്കാനും അത് വഴി നന്മകണ്ടെത്തി പ്രവര്‍ ത്തിച്ച് വിജയിക്കാനുമാണ് അല്ലാഹു ഇത്തരം ഉദാഹരണങ്ങള്‍ വിവരിക്കുന്നതെന്ന് എടുത്ത് പറയുന്നു. റമസാന്റ ഏറ്റവും പുണ്യകരമായ ഒടുവിലത്തെ ദിനങ്ങള്‍ ഉത്തമമായി പ്രയോജനപ്പെടുത്തുക.

SHARE