സംഘ്പരിവാരം ടിപ്പുവിനുനേരെ ഉയര്‍ത്തുന്ന വാള്‍

ഡോ. രാംപുനിയാനി

താനും വര്‍ഷമായി നവംബര്‍ പത്തിനോടടുക്കുമ്പോള്‍ ടിപ്പുസുല്‍ത്താനെതിരെ ബി.ജെ.പി രൂക്ഷമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ആകസ്മികമാകാം, കഴിഞ്ഞ മൂന്നു വര്‍ഷമായി കര്‍ണാടക സര്‍ക്കാര്‍ ടിപ്പു വാര്‍ഷികം ആഘോഷിച്ചുവരികയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ജീവന്‍ വെടിഞ്ഞ ഒരേയൊരു ഇന്ത്യന്‍ രാജാവാണ് ടിപ്പു. ടിപ്പു വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ ക്ഷണം നിരസിച്ച് ഈ വര്‍ഷം നവംബര്‍ പത്തിനോടടുത്തപ്പോള്‍ കേന്ദ്രമന്ത്രിയും കര്‍ണാടകയിലെ പ്രമുഖ ബി.ജെ.പി നേതാവുമായ ആനന്ദ്കുമാര്‍ വിവാദം സൃഷ്ടിച്ചു. കൂട്ടക്കുരുതി നടത്തിയ ആളാണ് ടിപ്പുവെന്നാണ് മന്ത്രിയുടെ വാദം. നികൃഷ്ടനായ മതഭ്രാന്തനും ബലാത്സംഗ വീരനുമാണ് ടിപ്പുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സ്ഥലങ്ങളില്‍ ബി.ജെ.പി പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ സ്വേച്ഛാധിപതിയായിരുന്നു ടിപ്പുവെന്ന് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ കരുതുന്നുണ്ട്. കന്നഡക്കു പകരം പേര്‍ഷ്യന്‍ ഭാഷയെ പ്രോത്സാഹിപ്പിച്ചതായും കുറ്റപ്പെടുത്തുന്നുണ്ട്. ടിപ്പു അദ്ദേഹത്തിന്റെ ജനറലിന് എഴുതിയ, ഇപ്പോള്‍ ബ്രിട്ടീഷുകാരുടെ കൈവശമുണ്ടെന്നു കരുതുന്ന കത്തില്‍ കാഫിറുകളെ നശിപ്പിക്കണം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായുള്ള സൂചനയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നു. അദ്ദേഹത്തിന്റെ പേരുമായി ചുറ്റിപ്പറ്റി ഇത്തരം ആവര്‍ത്തന വിവാദങ്ങള്‍ക്ക് ഒരു ക്ഷാമവുമില്ല. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ അദ്ദേഹം തകര്‍ത്തതായും ആയിരക്കണക്കിന് ബ്രാഹ്മണരെ വധിച്ചതായുമൊക്കെ ചില ദുര്‍ബല സ്രോതസുകളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കപ്പെടുകയാണ്.

ആര്‍.എസ്.എസ് പശ്ചാത്തലമുള്ള രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു മാസം മുമ്പ് വ്യത്യസ്തമായ അഭിപ്രായപ്രകടനം നടത്തിയത് ആകസ്മികമാകാം. ടിപ്പുവിനെ പ്രകീര്‍ത്തിച്ച് രാഷ്ട്രപതി നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ‘ബ്രിട്ടീഷുകാരോട് പൊരുതി വീരചരമം പ്രാപിച്ചയാളാണ് ടിപ്പുസുല്‍ത്താന്‍. മൈസുരുവിന്റെ പുരോഗതിക്കായി വഴിതെളിയിച്ച ഭരണാധികാരിയും യുദ്ധത്തിനായി റോക്കറ്റ് ഉപയോഗിച്ച വ്യക്തിയുമായിരുന്നു’. നിരവധി ബി.ജെ.പി വക്താക്കള്‍ ഈ പ്രസ്താവനയില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിട്ടുണ്ട്. കര്‍ണാടക സര്‍ക്കാര്‍ രാഷ്ട്രപതി ഭവന് തെറ്റായ വിവരങ്ങള്‍ നല്‍കി രാഷ്ട്രപതിയെ അട്ടിമറിക്കുകയായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.

ടിപ്പുവിനെക്കുറിച്ച് ആര്‍.എസ്.എസ്-ബി.ജെ.പിയില്‍നിന്ന് വ്യത്യസ്തമായ നിലപാടുകള്‍ വരുന്നത് സ്ഥിരം കാഴ്ചയാണ്. ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പ 2010ലെ തെരഞ്ഞെടുപ്പ് വേളയില്‍ ടിപ്പുവിന്റെ തലപ്പാവ് അണിയുകയും പ്രതീകാത്മക വാള്‍ എടുത്തുയര്‍ത്തുകയും ചെയ്തിരുന്നു. ടിപ്പുവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് 1970കളില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ അദ്ദേഹത്തെ ദേശാഭിമാനിയെന്നാണ് വിളിക്കുന്നത്. ഭാരത് ഭാരതി പരമ്പരയുടെ ഭാഗമായിരുന്നു ഈ പുസ്തകം.

മറുവശത്ത്, ബംഗളുരു വിമാനത്താവളത്തിന് ടിപ്പുവിന്റെ പേരിടുകയെന്ന ആവശ്യത്തോട് പിന്തുണ പ്രഖ്യാപിക്കുകവഴി പ്രശസ്ത കന്നഡ നാടകകൃത്ത് ഗിരീഷ് കര്‍ണാട് അദ്ദേഹത്തിന് എല്ലാവിധ പ്രശംസയും നല്‍കുന്നുണ്ട്. മഹാരാഷ്ട്രയില്‍ ശിവജിക്ക് ലഭിക്കുന്ന പദവി ടിപ്പു ഹിന്ദുവായിരുന്നുവെങ്കില്‍ കര്‍ണാടകയില്‍ ലഭിക്കുമായിരുന്നുവെന്നും കര്‍ണാട് വ്യക്തമാക്കി.

ഭഗവാന്‍ ഗിദ്‌വാനിയുടെ തിക്കഥയിലുള്ള ‘ടിപ്പുവിന്റെ വാള്‍’ എന്ന 60 എപ്പിസോഡുള്ള സീരിയലില്‍ ടിപ്പു ജനകീയ പ്രശസ്തനായിട്ടുണ്ടെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഈസ്റ്റിന്ത്യാ കമ്പനിക്ക് എതിരായി ടിപ്പു നടത്തിയ പോരാട്ടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ സീരിയല്‍. ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം പ്രദേശത്തിനു ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ ടിപ്പു അവരുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ മറാഠികളുമായും ഹൈദരബാദ് നിസാമുമായും ബന്ധപ്പെട്ടിരുന്നു. ഈ നയം ബ്രിട്ടീഷുകാരുമായുള്ള നിരവധി യുദ്ധത്തിലേക്ക് നയിച്ചു. 1799ലെ നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തിലാണ് അദ്ദേഹം വീരചരമം പ്രാപിച്ചത്. നാടന്‍ പാട്ടുകളിലൂടെ കര്‍ണ്ണാടക ജനതയുടെ മധുരസ്മരണയില്‍ അദ്ദേഹം അനശ്വരമാക്കപ്പെട്ടു. മഹാരാഷ്ട്രയിലെ ശിവജിയുടെ ജനകീയ പിന്തുണയുമായി ഇതിന് സമാനതയുണ്ട്.

എന്തുകൊണ്ടാണ് ടിപ്പു കോടതി ഭാഷയായി പേര്‍ഷ്യന്‍ ഉപയോഗിച്ചത്? അക്കാലത്ത് ഉപഭൂഖണ്ഡത്തിലെ കോടതി ഭാഷ പേര്‍ഷ്യനായതിനാലാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് തിരിച്ചറിയല്‍ വളരെ പ്രധാനമാണ്. ആശയവിനിമയത്തിനായി മഹാരാഷ്ട്രയുടെ ശിവജിയും പേര്‍ഷ്യന്‍ ഭാഷയായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മൗലാന ഹൈദര്‍ അലിയെന്ന ചീഫ് സെക്രട്ടറിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നതുപോലെ മതഭ്രാന്തനായിരുന്നില്ല ടിപ്പു. ടിപ്പുവിന്റെ നയനിലപാടുകള്‍ മതത്താല്‍ നയിക്കപ്പെടുന്നതായിരുന്നില്ല. കാമകോടിപീഠം മഠാധിപതി ശങ്കരാചാര്യക്ക് ടിപ്പു അയച്ച കത്തില്‍ അദ്ദേഹത്തെ ജഗദ്ഗുരു (ലോക ഗുരു) എന്നാണ് വിശേഷിപ്പിക്കുന്നത്. മഠത്തിന് അദ്ദേഹം വന്‍തോതില്‍ സംഭാവനയും നല്‍കിയിരുന്നു.

പട്‌വര്‍ധന്റെ മറാത്താ ആര്‍മി ശൃംഗേരി ആശ്രമം കൊള്ളയടിച്ചപ്പോള്‍ ടിപ്പുസല്‍ത്താന്‍ ആദരപൂര്‍വം ആശ്രമത്തിന്റെ പ്രതാപം പൂര്‍വസ്ഥിതിയിലാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ ഭരണകാലത്ത് പത്തു ദിവസത്തെ ദസറ ആഘോഷം മൈസൂരിലെ സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. മതപരമായ കാരണങ്ങളാല്‍ ടിപ്പു വിവേചനമൊന്നും കാണിച്ചിരുന്നില്ലെന്നും അവസാന ശ്വാസംവരെ തന്റെ സാമ്രാജ്യത്തെ സംരക്ഷിക്കുകയും ചെയ്തതായി ‘മാനിഫെസ്റ്റോ ഓഫ് ടിപ്പുസുല്‍ത്താന്‍’ എന്ന പേരില്‍ പുനപ്രസിദ്ധീകരിച്ച സര്‍ഫറാസ് ഷൈഖിന്റെ ‘സുല്‍ത്താനെ ഖുദദ്’ എന്ന പുസ്തകത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അദ്ദേഹം ചില സമുദായങ്ങളെ പീഡിപ്പിച്ചതായി ആരോപണമുണ്ട്. എന്നാല്‍ അത്തരം പീഡനങ്ങള്‍ക്കു കാരണം മതപരമായിരുന്നില്ല, തികച്ചും രാഷ്ട്രീയ കാരണമായിരുന്നു. ഈ പീഡനങ്ങളെ കുറിച്ച് ചരിത്രകാരനായ കേറ്റ് ബ്രിറ്റ്ബാങ്ക് പറയുന്നു: ‘ഇതൊരു മതപരമായ നയമായിരുന്നില്ല. മറിച്ച് ശിക്ഷയുടെ ഭാഗമായിരുന്നു.’ രാജ്യത്തോട് കൂറുപുലര്‍ത്താത്ത സമുദായത്തെയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടിരുന്നത്. ഹിന്ദു മത വിഭാഗത്തില്‍പെട്ടവരെ മാത്രമായിരുന്നില്ല, മഹ്ദാവിസ് പോലുള്ള ചില മുസ്‌ലിം മതവിഭാഗങ്ങളില്‍പെട്ടവരെയും അദ്ദേഹം ഉന്നംവെച്ചിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ കുതിരപ്പടയാളികളായി സേവനമനുഷ്ഠിച്ച് ഈ സമുദായങ്ങള്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചുവെന്നതാണ് അതിനുള്ള കാരണം. മറ്റൊരു ചരിത്രകാരന്‍ സൂസന്‍ ബേലി പറയുന്നു: ‘അദ്ദേഹത്തിന്റെ അധീന പ്രദേശത്തിനു പുറത്തുള്ള ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് ആക്രമിച്ചത്. അത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. അതേസമയം മൈസൂരിലെ ഹിന്ദുക്കളുമായും ക്രിസ്ത്യാനികളുമായും അദ്ദേഹം നല്ല ബന്ധമായിരുന്നു തുടര്‍ന്നിരുന്നത്.’

കാഫിറുകളെ കൊല്ലുന്നതിനെക്കുറിച്ചും മതപരിവര്‍ത്തനത്തെക്കുറിച്ചും ആരോപണമുള്ള, ബ്രിട്ടീഷുകാരുടെ കൈവശമുണ്ടെന്ന് പറയപ്പെടുന്ന കത്തുകളുടെ കാര്യത്തില്‍ അവരുടെ സത്യസന്ധതയെ വേര്‍തിരിച്ചറിയേണ്ടതുണ്ട്. ഒരാളുടെ വ്യക്തിത്വം അതിന്റെ പൂര്‍ണതയോടെയാണ് അളക്കേണ്ടത്. ഹിന്ദു ബ്രാഹ്മണനായ പൂര്‍ണയ്യ മുഖ്യ ഉപദേശകനായതും കാഞ്ചി കാമകോടി പീഠം മഠാധിപതി ശങ്കരാചാര്യക്ക് പൂര്‍ണ ആദരവ് നല്‍കിയതും ടിപ്പു ഹിന്ദുക്കളെ കൂട്ടക്കൊല നടത്തിയയാളാണെന്ന് പറയുന്നതിലെ അസംഭവ്യതയാണ് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ ബ്രിട്ടീഷുകാരുടെ മുന്നേറ്റത്തെ എതിര്‍ക്കുന്ന ആളായതിനാലും ബ്രിട്ടീഷുകാരെ അകറ്റിനിര്‍ത്തണമെന്നും തമ്മില്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരസ്പരം തീര്‍ക്കണമെന്നും മറാത്തികളോടും നിസാമുമാരോടും ആവശ്യപ്പെട്ട ടിപ്പുവിനോട് ബ്രിട്ടീഷുകാര്‍ വളരെ ക്രൂരമായായിരുന്നു പെരുമാറിയിരുന്നത്. ഇതിനെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ടിപ്പുവിനെ ഒറ്റപ്പെടുത്തുകയും എതിരാളികളോട് അദ്ദേഹത്തെക്കുറിച്ച് ഭീകരമായി ചിത്രീകരിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ശക്തിയില്‍ പിടിച്ചുനില്‍ക്കുകയും ബ്രിട്ടീഷുകാര്‍ വ്യത്യസ്തമായ ശക്തിയാണെന്ന് മുന്‍കൂട്ടി കാണുകയും ചെയ്ത ഈ യോദ്ധാവിനെക്കുറിച്ച് സന്തുലിതമായ ചിത്രം അവര്‍ക്ക് ആവശ്യമായിരുന്നു. അതിനാല്‍ ടിപ്പുവിന്റെ മുഴുവന്‍ മൂല്യവും ഇല്ലാതാക്കേണ്ടിയിരുന്നു. ആ അര്‍ത്ഥത്തില്‍ ഈ മണ്ണില്‍ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്‍പ്പിന്റെ വഴികാട്ടിയാണദ്ദേഹം. പ്രകീര്‍ത്തനത്തില്‍ നിന്നും ദുര്‍ഗുണ വ്യക്തിത്വത്തിലേക്ക് അദ്ദേഹത്തെ അവതരിപ്പിക്കുന്ന വര്‍ഗീയവാദികളുടെ ചാഞ്ചാട്ടത്തിന് പ്രേരിപ്പിക്കുന്നത് അവരുടെ വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമം മാത്രമാണ്, മറ്റൊന്നുമല്ല.

SHARE