ഭിന്നിപ്പിച്ച് ഭരിക്കാന്‍ കളമൊരുക്കി സംഘ്പരിവാര്‍

അഡ്വ. പ്രശാന്ത് ഭൂഷണ്‍

ഗാന്ധിയില്‍ നിന്ന് ഗൗരിയിലെത്തിനില്‍ക്കുന്ന ഫാഷിസ്റ്റ് കാലത്താണ് നാം ജീവിക്കുന്നത്. ഗാന്ധിയെ കൊന്നതാരാണന്ന് നമുക്കൊക്കെ അറിയാം. ഗൗരി ലങ്കേഷിനെ കൊന്നതാരാണെന്നറിയില്ലെങ്കിലും അവരുടെ കൊലപാതകത്തില്‍ സന്തോഷിക്കുന്നത് സംഘ്പരിവാരമാണ്. സോഷ്യല്‍ മീഡിയയില്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകം ആഘോഷിക്കുകയും ഗര്‍വ്വ് പ്രകടിപ്പിക്കുകയും ചെയ്യുന്നവരില്‍ പ്രധാനമന്ത്രി ഫോളോചെയ്യുന്നവരെയും കാണാം. പ്രധാനമന്ത്രി തങ്ങളെ ഫോളോ ചയ്യുന്നുണ്ട് എന്നവര്‍ ട്വിറ്ററില്‍ അഭിമാനത്തോടെ എഴുതിവെക്കുന്നുമുണ്ട്. ഇത്തരക്കാരെ ഫോളോ ചെയ്യുന്നു എന്നത് ഇവരെ പ്രോല്‍സാഹിപ്പിക്കുന്നതിനു തുല്യമല്ല എന്നാണ് ബി.ജെ.പിയുടെ ഐ.ടി തലവന്‍ അമിത് മാളവ്യ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ പ്രധാനമന്ത്രി അവരെ ട്വിറ്ററില്‍ ഫോളോ ചെയ്യുക മാത്രമല്ല വീട്ടില്‍ ചായസല്‍ക്കാരം നടത്തുകയും അവരോടൊപ്പം ഫോട്ടോയെടുക്കുകയും അതവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനുള്ള അവസരം ഒരുക്കികൊടുക്കുകയുമാണ് ചെയ്തത്. ബി.ജെ.പിയുടെ ട്രോള്‍ ആര്‍മിയെ തന്നെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നേരിട്ടാണെന്നത് വ്യക്തമാണ്. പതിനായിരക്കണക്കിനു സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാജ പ്രൊഫൈലുകളിലൂടെ നൂറുകണക്കിനു വ്യാജ വാര്‍ത്തകളും വിദ്വേഷം ജനിപ്പിക്കുന്ന ചിത്രങ്ങളും ദിനേന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.

എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്? എങ്ങനെയാണ് സംഘ്പരിവാരത്തിന്റെ ട്രോള്‍ ആര്‍മി പ്രവര്‍ത്തിക്കുന്നത് എന്ന് സ്വാതി ചതുര്‍വേദിയുടെ പുതുതായി പുറത്തിറങ്ങിയ ‘ഞാനൊരു ട്രോള്‍’ എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. നമ്മളെല്ലാവരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണെന്നാണ് എന്റെ അഭിപ്രായം. നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വാതി ചതുര്‍വേദി സമര്‍ത്ഥിക്കുന്നത് പ്രധാനമന്ത്രി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ പ്രചാരണങ്ങളെ നയിക്കുന്നതും നിയന്ത്രിക്കുന്നതും എന്നാണ്. ഏത് വ്യക്തിയെയാണ് ഇന്ന് തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമിക്കേണ്ടതെന്നും ഏത് തരത്തിലുള്ള വ്യാജ വാര്‍ത്തകളാണ് പ്രചരിപ്പിക്കേണ്ടതെന്നും കേന്ദ്രീകൃതമായി തീരുമാനിച്ചു നടപ്പിലാക്കിയാണ് സംഘ്പരിവാരം സോഷ്യല്‍ മീഡിയയെ തങ്ങളുടെ ആശയ പ്രചാരണത്തിനു ഉപയോഗിക്കുന്നത്. എന്നാല്‍ ട്രോള്‍ ആര്‍മി സോഷ്യല്‍ മീഡിയയിലെ വ്യക്തിഹത്യയിലോ വ്യാജപ്രചാരണങ്ങളിലോ അവസാനിക്കുന്ന ഒന്നല്ല. അവരുടെ പ്രചാരണങ്ങള്‍ നിരവധി ആക്രമണങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ നയിക്കുന്നതായാണ് കാണാന്‍ കഴിയുന്നത്. ഗൗരിലങ്കേഷും ധബോല്‍കറും പന്‍സാരെയും മത്രമല്ല രാജ്യത്തെ മുസ്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ദിനേനയുള്ള സംഘ്പരിവാര്‍ ആക്രമണങ്ങളുടെ ഇരകളാണ്.

വിയോജിപ്പികളെ നിശബ്ദമാക്കാനും ന്യൂനപക്ഷങ്ങളെ അവമതിക്കാനുമുള്ള ശ്രമങ്ങളാണ് അരങ്ങേറുന്നത്. കനയ്യകുമാറും ജെ.എന്‍.യുവുമൊക്കെ ആക്രമിക്കപ്പെട്ടതും ഇത്തരമൊരു പശ്ചാത്തലത്തിലാണ്. നാസി ജര്‍മനിയില്‍ എന്താണോ പതിറ്റാണ്ടുകള്‍ക്കുമുമ്പ് അരങ്ങേറിയത് സമാനമായ സംഭവവികാസങ്ങള്‍ക്കാണ് നമ്മുടെ രാജ്യവും സാക്ഷിയാവുന്നത്. 1930-40കളില്‍ ജര്‍മ്മനിയിലും ഇറ്റലിയിലും നാസികളും ഫാഷിസ്റ്റുകളും പയറ്റിയ അതെ പ്രത്യയശാസ്ത്രവും രീതിശാസ്ത്രവും ആയുധവുമാണ് സംഘ്പരിവാരം നമ്മുടെ രാജ്യത്തും പ്രയോഗിക്കാന്‍ ശ്രമിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത എല്ലാത്തിനേയും ഇല്ലാതാക്കുക എന്നത് ഫാഷിസത്തിന്റെ പൊതു സ്വഭാവമാണ്. ചിന്താപരമായ പ്രവര്‍ത്തനങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യാനാണ് സംഘ്പരിവാരം ഇന്ത്യയില്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ജെ.എന്‍. യുവും ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയും ബനാറസ് ഹിന്ദു സര്‍വകലാശാലയുമൊക്കെ അക്രമിക്കപ്പെട്ടത്. കാര്യങ്ങളെ വിമര്‍ശന ബുദ്ധ്യാ സമീപിക്കുന്നവരേക്കാള്‍ ഉത്തരവുകള്‍ മറു ചോദ്യമില്ലാതെ സ്വീകരിക്കാന്‍ മാത്രം ശീലിച്ച മെഷീനുകളും റോബോട്ടുകളുമാണ് ഫാഷിസ്റ്റുകള്‍ സ്വപ്‌നം കാണുന്നത്. രാജ്യം ഇന്ന് ഭരിച്ചു കൊണ്ടിരിക്കുന്നത് പൂര്‍ണ്ണമായി ഫാഷിസ്റ്റ് ഭരണകൂടമെന്നതില്‍ സംശയമില്ല. പാഠപുസ്തകത്തില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ എഴുതി ചേര്‍ത്ത് ചരിത്രത്തെ ഹിന്ദുത്വവത്കരിക്കാനും അന്ധവിശ്വാസങ്ങളെ പുനരവതിപ്പിക്കാനുമുള്ള നീക്കമാണ് നടക്കുന്നത്.

രാഷ്ട്രനിര്‍മ്മിതിക്കത്യാവശ്യമായ സ്വതന്ത്ര റെഗുലേറ്ററി സ്ഥാപനങ്ങളെ പതുക്കെ പതുക്കെ ഇല്ലാതാക്കി രാജ്യത്തെ പിറകോട്ട് വലിക്കുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. ലോക്പാല്‍ നിയമനം നടത്താതെയും കേന്ദ്ര വിജിലന്‍സ് കമ്മീഷനില്‍ അഴിമതിക്കാരെ നിയമിച്ചും സര്‍ക്കാര്‍ റെഗുലേറ്ററി സ്ഥാപനങ്ങളെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു. സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായവരെ സി.ബി.ഐ തലപ്പത്ത് നിയമിക്കുകവഴി ഏജന്‍സിയുടെ പരിമിതമായെങ്കിലും ഉണ്ടായിരുന്ന അധികാരത്തെകൂടി അപകടത്തിലാക്കിയിരിക്കുകയാണ്. നാലായിരം കോടി കള്ളപ്പണം വെളുപ്പിച്ചെടുത്തതിനു ശിക്ഷിക്കപ്പെട്ട സ്റ്റെര്‍ലിന്‍ ബയോടെക് കമ്പനിയുടെ ഡയറിയില്‍ പേര് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള രാകേഷ് അസ്താനയെപോലുള്ളവരെ സി.ബി. ഐ തലപ്പത്ത് നിയമിക്കുക വഴി അഴിമതി പുറത്ത്‌കൊണ്ട് വരേണ്ട ഏജന്‍സിയെ അഴിമതിക്കാരുടെ താവളമാക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. നീതിന്യായ സംവിധാനങ്ങളെപോലും നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. സത്യസന്ധരായ ന്യായാധിപരുടെ പേരുകള്‍ നിയമനത്തിനു സുപ്രീകോടതി കോളീജിയം സര്‍ക്കാറിലേക്ക് സമര്‍പ്പിക്കുമ്പോള്‍ നിയമന നടപടിക്രമങ്ങള്‍ വൈകിപ്പിച്ച് തങ്ങള്‍ക്ക് അനുകൂലമായവരെ കൂടി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സംഘ്പരിവാരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിലവര്‍ പലപ്പോഴും വിജയിക്കാറുമുണ്ട്.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ രാജ്യം പൂര്‍ണ്ണമായ ഫാഷിസത്തിലേക്ക് വഴുതി വീഴുകയാണോ എന്ന് സംശയിക്കാറുണ്ടായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യം പൂര്‍ണ്ണമായി എടുത്തുകളയപ്പെടുമോ എന്ന് ഭയപ്പെടാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തെ പൊതുജനാഭിപ്രായം ക്രമേണ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരാവുന്നതിന്റെ ലക്ഷണങ്ങളാണു കണ്ടുകൊണ്ടിരിക്കുന്നത്. പൊതുസമൂഹം സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ചെറുത്ത്‌നില്‍പ്പ് ശക്തമായിക്കിരിക്കുന്നതായി കാണാന്‍ സാധിക്കും. ഭൂരിപക്ഷം മുഖ്യധാരാ മാധ്യമങ്ങളെയും ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ സര്‍ക്കാര്‍ ചൊല്‍പ്പടിയിലാക്കിയിരിക്കുന്നതായി കാണാം. ചിലതിനെ റിലയന്‍സ് അടക്കമുള്ള കോര്‍പറേറ്റ് ശക്തികള്‍ വഴി വിലക്കെടുത്തെങ്കില്‍ മറ്റു ചിലതിനെ ഗവണ്‍മെന്റ്് ഏജന്‍സികള്‍ വഴി ഭീഷണിപ്പെടുത്തിയും റെയ്ഡ് നടത്തിയും ചൊല്‍പ്പിടിയിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നവമാധ്യമങ്ങളുടെ രംഗപ്രവേശം തെല്ലൊന്നുമല്ല സംഘ്പരിവാര്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരിക്കുന്നത്.

വയര്‍.ഇന്‍, സ്‌ക്രോള്‍.ഇന്‍, ക്യാച്ച് ന്യൂസ്, ക്വിന്റ്, ന്യൂസ് ലോണ്ടറി തുടങ്ങിയ വെബ്‌പോര്‍ട്ടലുകള്‍ സംഘ്പരിവാരത്തിന്റെ ദേശവിരുദ്ധതയെ തുറന്ന് കാണിക്കാന്‍ മടിയുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ക്കിടയില്‍ ചങ്കൂറ്റത്തോടെ സത്യം വിളിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയ സഹായത്തോടെ ഇത്തരം വെബ്‌പോര്‍ട്ടലുകളിലെ വാര്‍ത്തകള്‍ ജനങ്ങള്‍ക്കിടയിലേക്ക് സംഘ്പരിവാരത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്ന് കാണിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ സംഘ്പരിവാരത്തിന്റെ പിടിയില്‍ നിന്നു വഴുതിക്കൊണ്ടിരിക്കുകയാണിപ്പോള്‍. അത്‌കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ അപകടങ്ങളെപറ്റി കരുതിയിരിക്കാന്‍ അമിത്ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുന്നത്. സോഷ്യല്‍ മീഡിയയെ തികച്ചും മോശമായി തങ്ങളുടെ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചവര്‍ തന്നെ ഇന്ന് സോഷ്യല്‍ മീഡിയയുടെ ‘അപകടങ്ങളെ’ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് വൈരുധ്യം.

വ്യാജവാര്‍ത്തകളെ തുറന്ന്കാട്ടുന്ന വെബ്‌പോര്‍ട്ടലുകള്‍ സജീവമായി രംഗത്ത് വന്നതോടുകൂടി സമൂഹ മാധ്യമങ്ങളിലെ സംഘ്പരിവാര്‍ അപ്രമാഥിത്യത്തിനു ഇളക്കം തട്ടിതുടങ്ങിയിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭയക്കുന്ന വാര്‍ത്തകള്‍ വെബ്‌പോര്‍ട്ടലുകള്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത് ആശാവഹം തന്നെയാണ്. അമിത്ഷായുടെ മകന്‍ ജയ് അമിത്ഷാ നടത്തിയ അഴിമതിക്കഥകള്‍ പുറത്ത് വിടാന്‍ സിദ്ധാര്‍ഥ് വരദരാജന്റെ വയര്‍.ഇന്‍ കാട്ടിയ തന്റേടം പല മുഖ്യധാരാ പത്ര-മാധ്യമങ്ങള്‍ക്കുമില്ലാതെ പോയി എന്നത് സംഘ്പരിവാരം മാധ്യമങ്ങളെ എത്രത്തോളം നിയന്ത്രണത്തിലാക്കി എന്നത് വിളിച്ചോതുന്നുണ്ട്.

സഹാറാ ഗ്രൂപ്പില്‍ നിന്ന് 2014 ഇലക്ഷന്‍ ഫണ്ടിലേക്ക് മോദി നാല്‍പ്പത് കോടി വാങ്ങിയെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമായിരുന്നിട്ട്കൂടി മാധ്യമങ്ങളത് വാര്‍ത്തയാക്കാന്‍ തയ്യാറായില്ല. തങ്ങളില്‍ ചിലര്‍ വിഷയം കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ബന്ധിതമായത്. അമിത്ഷായുടെ മകനെതിരെയുള്ള അഴിമതി ആരോപണം ‘വയര്‍.ഇന്‍’ പുറത്ത് വിട്ടതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും തുടര്‍ന്ന് ബി.ജെ.പി പ്രതിരോധത്തിലാവുകയുമാണുണ്ടായത്. സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന സമ്മര്‍ദ്ദം ഒന്ന് മാത്രമാണ് പിയൂഷ് ഗോയലിന് പത്രസമ്മേളനം നടത്തി വിഷയം വിശദീകരിക്കേണ്ടിടത്തേക്ക് വരെ കാര്യങ്ങളെത്തിച്ചത്. ബി.ജെ.പിയുടെയും സംഘ്പരിവാരത്തിന്റെയും കൊള്ളരുതായ്മകള്‍ തുറന്ന് കാട്ടപ്പെടുകയും പൊതുജനങ്ങള്‍ക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം. രാജ്യം വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മ നാട്ടില്‍ സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നോട്ട് നിരോധനവും വളരെ മോശം രീതിയില്‍ നടപ്പാക്കിയ ചരക്ക് സേവന നികുതിയുമൊക്കെ രാജ്യത്തെ വലിയ സാമ്പത്തിക അസ്ഥിരതയിലേക്കാണ് തള്ളിവിട്ടിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയും മറ്റും സൃഷ്ടിച്ചിട്ടുള്ള ഭരണ പ്രതിസന്ധി ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ തന്നെ ഭരണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാന്‍ കാരണമായിട്ടുണ്ട്. വികസനത്തെ മുന്‍നിര്‍ത്തി തെരഞ്ഞടുപ്പ് പ്രചാരണം നടത്താന്‍ ബി.ജെ.പിക്ക് 2019ല്‍ കഴിയില്ല. കാരണം ബി.ജെ.പിയുടെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. അവര്‍ പകരം ഉയര്‍ത്താന്‍ ശ്രമിക്കുക വര്‍ഗീയ വിഷയങ്ങളാണ്. ഹിന്ദുവിനേയും മുസ്‌ലിമിനേയും തമ്മിലടിപ്പിച്ച് ഭരണം പിടിക്കാനാണവര്‍ ശ്രമിക്കുക. ഇതിനെതിരെ ശക്തമായ പൊതുസമൂഹ കൂട്ടായ്മകള്‍ ഉയര്‍ന്നുവരണം.

ബി.ജെ.പി അനുകൂല ചാനലുകള്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന വാര്‍ത്തകളാണ് പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം നീക്കങ്ങളെ ചെറുത്ത്‌തോല്‍പ്പിക്കേണ്ടതായിട്ടുണ്ട്. സാമൂഹ്യ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദിര്‍ നടത്തിയ മൊഹബ്ബത്തെ കാരവണ്‍ പ്രശംസനീയമായ നീക്കമാണ്. താഴെ തട്ടില്‍ ഹിന്ദു-മുസ്‌ലിം യോജിപ്പ് ഉണ്ടാക്കിയെടുക്കാന്‍ കഴിയണം. ജില്ലാ തലങ്ങളില്‍ അമന്‍ കമ്മറ്റി (സമാധാന കമ്മറ്റി) രൂപീകരിക്കാന്‍ ശ്രമിക്കണം. രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന കര്‍ഷക പ്രസ്ഥാനങ്ങളേയും വിദ്യാര്‍ത്ഥി -യുവജന മുന്നേറ്റങ്ങളേയും യോജിപ്പിച്ചുനിര്‍ത്തി ഫാഷിസ്റ്റ് ശക്തികളെ എതിര്‍ക്കാന്‍ സാധിക്കണം. സംഘ്പരിവാരത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ കാണിക്കുന്നത് രാജ്യം അതിന്റെ മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചു വര്‍ഗീയ ശക്തികളെ ചെറുത്ത് തോല്‍പ്പിക്കും എന്നു തന്നെയാണ്.

(ഡല്‍ഹി കെ.എം.സി.സി സി.എച്ച് മെമ്മേറിയല്‍ ലക്ചറില്‍ നടത്തിയ പ്രസംഗം. തയാറാക്കിയത്: ഷംസീര്‍ കേളോത്ത്)

SHARE