പ്രതിസന്ധികളെ ‘അവസരങ്ങളാ’ക്കി കേന്ദ്രം

എം. ഉബൈദുറഹ്മാന്‍

‘പ്രതിസന്ധികള്‍ ഒരിക്കലും തന്നെ പാഴാകാനിട വരുത്തരുത്’ എന്ന ഉപദേശം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെതായാണ് ഗണിക്കപ്പെടുന്നത്. പ്രസ്തുത ഉപദേശം ആരുടേതാണെങ്കിലും, മറ്റേതു ഫാസിസ്റ്റ് ഭരണകൂടത്തെയും പോലെ കേന്ദ്രം ഭരിക്കുന്നവരും ഇത് അക്ഷരാര്‍ത്ഥത്തില്‍ അംഗീകരിക്കുന്നതും പിന്തുടരുന്നതുമാണ് കോവിഡ് പ്രതിസന്ധി കാലത്തെ അവരുടെ ചെയ്തികളെല്ലാം തന്നെ തെളിയിക്കുന്നത്. രാജ്യം മുഴുവനായും കോവിഡ് ഭീതിയിലാണ്ടു കിടക്കുമ്പോള്‍ അവസരം മുതലെടുത്ത് തങ്ങളുടെ അജണ്ടകള്‍ ഓരോന്നോരാന്നായി നടപ്പിലാക്കുന്ന തിരക്കിലാണ് കേന്ദ്ര സര്‍ക്കാറിപ്പോള്‍ . കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള പ്രത്യേക സാമ്പത്തിക പാക്കേജ് അവതരിപ്പിക്കുക എന്ന പേരില്‍ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ യഥാര്‍ത്ഥത്തില്‍ നടത്തിയത് പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കാനും, പ്രതിരോധമടക്കമുള്ള തന്ത്ര പ്രധാന മേഖലകളില്‍ സ്വകാര്യ, വിദേശ നിക്ഷേപം (എഫ്. ഡി. ഐ) അനുവദിച്ചു കൊണ്ടു മുള്ള പ്രഖ്യാപനങ്ങളായിരുന്നു. സാധാരണ ഗതിയില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും മുടിനാരിഴ കീറിയുള്ള പരിശോധനകള്‍ക്കും സംവാദങ്ങള്‍ക്കുമെല്ലാം വിധേയമാകേണ്ട അതീവ നിര്‍ണായകമായ കാര്യങ്ങളാണ് കോവിഡിന്റെ മറവില്‍ വളരെ സമര്‍ത്ഥമായി സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനിക്കുന്നതും നടപ്പാക്കിക്കൊണ്ടിരിക്കുന്നതും.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വന്‍ പട്ടണങ്ങളില്‍ നിന്നു കുടിയിറക്കപ്പെട്ട ദരിദ്ര ജനകോടികള്‍ ഭക്ഷണമോ കുടിവെള്ളമോ കിട്ടാതെ വീട് തേടിയുള്ള യാത്രയില്‍ വിവരണാതീതമായ ദുരിതങ്ങള്‍ക്കും ക്രമസമാധാനപാലകരില്‍ നിന്നുള്ള മര്‍ദ്ദനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന വേളയിലാണ് ബഹുരാഷ്ട്ര ഭീമന്‍മാരെ താലോലിക്കുന്ന ഇത്തരം ‘ഉത്തേജക’ പാക്കേജുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് വേണ്ടി ‘ലോണ്‍ മേള’ പ്രഖ്യാപനമല്ലാതെ മറ്റൊന്നും ചെയ്യാത്ത കേന്ദ്ര സര്‍ക്കാര്‍ ഇരുപതിനായിരം കോടി മുടക്കി പുതിയ പാര്‍ലമെന്റ് മന്ദിരവും പ്രധാനമന്ത്രിക്കായുള്ള ആഡംബര വീടുമുള്‍ക്കൊള്ളുന്ന ‘സെന്‍ട്രല്‍ വിസ്റ്റ’ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പോകുന്നതും കോവിഡ് മഹാമാരി കൊണ്ട് രാജ്യം നട്ടം തിരിയുന്ന ഇതേ വേളയില്‍ തന്നെ.

പ്രൗഢിയും വാസ്തുശില്പചാരുതയും കൊണ്ട് സമ്പുഷ്ടമായ നിലവിലെ പാര്‍ലമെന്റ് സമുച്ചയം ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തിന്റെ ജ്വലിക്കുന്ന പ്രതീകവും രാജ്യത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക, നിയമനിര്‍മാണ ചരിത്രസ്മൃതികളുടെ അവിഭാജ്യ ഭാഗവുമാണ്. മദ്ധ്യപ്രദേശിലെ പൗരാണികവും പ്രസിദ്ധവുമായ ചൗസത് യോഗിനി ക്ഷേത്രത്തിന്റെയും മുഗള്‍ സൗധങ്ങളുടെയും റോമന്‍ മാതൃകകളുടേതുമടക്കമുള്ള വാസ്തുശില്പ രീതികള്‍ സമഞ്ജസമായി സമ്മേളിപ്പിച്ച നിലവിലെ ഇന്ത്യന്‍ പാര്‍ലമെന്റ് ഹൗസ് രൂപകല്‍പ്പപന ചെയ്തത് പ്രസിദ്ധ ബ്രിട്ടീഷ് വാസ്തു ശില്പി സര്‍.എഡ്വിന്‍ ലുട്യന്‍ ആയിരുന്നു. 1923-ല്‍ നിര്‍മാണം തുടങ്ങിയ സമുച്ചയത്തിന്റെ പ്രവൃത്തി 1927 – ലാണ് പൂര്‍ത്തിയായത്. ഇന്ത്യക്കാരെ രണ്ടാം കിട ജനതയായി മാത്രം പരിഗണിച്ച വംശ വെറിയനായാണ് ലൂട്യനെ ചരിത്രം അടയാളപ്പെടുത്തുന്നതെങ്കിലും അദ്ദേഹം രൂപകല്പന ചെയ്ത ഡല്‍ഹി പട്ടണം രാജ്യ തലസ്ഥാനത്തിന്റെ വാസ്തു ശില്‍പ ഭൂമികയുടെ കേന്ദ്രസ്ഥലി ആയിത്തീര്‍ന്നു എന്നതില്‍ സംശയമില്ല. സൗത്ത്, നോര്‍ത്ത് ബ്ലോക്കുകള്‍ക്കും ഗാംഭീര്യം തുടിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തിനുമിടയിലായി പ്രൗഢമായി തലയുയര്‍ത്തിനില്‍ക്കുന്ന രാഷ്ട്രപതി ഭവനും അവിടുന്നങ്ങോട്ട് ഇന്ത്യാഗേറ്റു വരെ നീണ്ടു കിടക്കുന്ന രാജപാതയും നമ്മുടെ ശ്രേഷ്ഠ പൈതൃകത്തിന്റെ ഭാഗമത്രെ.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തിലായിരുന്നു പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നതിനെക്കുറിച്ചുള്ള ഗൗരവതരമായ ആലോചനയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള നീക്കങ്ങള്‍ സംശയാസ്പദമാം വണ്ണം ധൃതഗതിയിലായിരുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലും ഒരു രാജ്യത്തെ സുപ്രധാന പൈതൃക സൗധവുമായ പാര്‍ലമെന്റ് മന്ദിരം ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി തരംതാഴ്ത്തി തല്‍സ്ഥാനത്ത് മറ്റൊന്ന് നിര്‍മിക്കുമ്പോള്‍ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കുക എന്നതും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുക എന്നതും സാമാന്യ ജനാധിപത്യ മര്യാദകളില്‍ പെട്ടതാണ്. ഇത് ഒഴിവാക്കാനായിരിക്കണം ഈ ആരോഗ്യ അടിയന്തിരാവസ്ഥാ കാലം തന്നെ തുടര്‍ നടപടികള്‍ നീക്കാന്‍ സര്‍ക്കാര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെതടക്കം ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും ക്ലിയറന്‍സ് സര്‍ക്കാര്‍ അനായാസേന സംഘടിപ്പിച്ചെടുത്തത് രാജ്യം കോവിഡിനെ നേരിടുന്ന ആശങ്കാജനകമായ ഈ സാഹചര്യത്തിലാണ്. ലഭ്യമായ വിവരങ്ങളനുസരിച്ച് ഒരു കൂറ്റന്‍ പാര്‍ലമെന്റ് മന്ദിരവും എല്ലാ മന്ത്രാലയങ്ങളും ഉള്‍ക്കൊള്ളുന്ന പടുകൂറ്റന്‍ പാര്‍ലമെന്റ് സിക്രട്ടറിയേറ്റും രാജ്പഥില്‍ പ്രധാനമന്ത്രിക്ക് ഒരു ആഡംബര വീടുമാണ് വിസ്റ്റ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സൗത്ത് ബ്ലോക്കിനടുത്ത് ഡല്‍ഹൗസി റോഡിലുള്ള 15 ഏക്കര്‍ സ്ഥലത്താണ് പ്രധാനമന്ത്രിയുടെ പുതിയ വാസസ്ഥലം നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക വേളയില്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ തക്കവണ്ണം വേഗതയില്‍ പ്രവൃത്തി നീക്കാനാണത്രെ നിര്‍മാണ കമ്പനിക്ക് സര്‍ക്കാര്‍ കൊടുത്ത നിര്‍ദ്ദേശം . രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്യാന്‍ പൗരന്‍മാരെ സദാ ഉപദേശിക്കുന്ന പ്രധാനമന്ത്രിക്ക് എന്തിനാണ് രാജ്പഥില്‍ തന്നെ ഒരു രമ്യഹര്‍മം എന്നതും, രാജ്യം അഭൂതപൂര്‍വമായ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന, രാജ്യത്തെ ദരിദ്ര ജനകോടികള്‍ നിത്യവൃത്തിക്കു പോലും ക്ലേശിക്കുന്ന ഈ മഹാമാരി കാലത്ത് തന്നെ ഈ ധൂര്‍ത്തിന് മുതിരണമോ എന്നതും നിലവാരമില്ലാത്ത ചോദ്യങ്ങളായി മാത്രമേ ഭരണതലപ്പത്തുള്ളവര്‍ കാണാന്‍ തരമുള്ളൂ. കാരണം അവരുടെ മുന്‍ഗണനകള്‍ വേറെയാണല്ലോ.

സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് വേണ്ടിയുള്ള നടപടിക്രമങ്ങളെ മൊത്തം ചൂഴ്ന്നു നില്‍ക്കുന്നത് ദുരൂഹുതകളും സുതാര്യതക്കുറവുമാണ്. ഒരു പുതിയ ഭരണ സിരാകേന്ദ്രം പണിയുമ്പോള്‍ പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങള്‍ എല്ലാം തന്നെ കാറ്റില്‍ പറത്തിയാണ് സര്‍ക്കാര്‍ ഗുജറാത്തിലെ ഒരു സ്ഥാപനവുമായി കരാറുറപ്പിച്ചത്. സാധാരണ ഗതിയില്‍ ഇത്തരം ദേശീയ സൗധങ്ങള്‍ നിര്‍മിക്കുകയോ പുനര്‍ നിര്‍മിക്കുകയോ ചെയ്യുന്നതിന് മുന്നോടിയായി ഒരു Open Design Competition സംഘടിപ്പിക്കുക പതിവാണ്. ന്യൂയോര്‍ക്കിലെ WTO കേന്ദ്ര നിര്‍മാണം , പാരീസിലെ നോര്‍ടര്‍ഡാം കതീഡ്രല്‍ പുനരുദ്ധാരണം എന്തിനധികം ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി കലാ കേന്ദ്രം വരെ നിര്‍മിക്കുന്നതിന്റെ ആദ്യ പടിയായി ഇത്തരം ഒരു ഡിസൈന്‍ കോംപിറ്റിഷന്‍ സംഘടിക്കപ്പെട്ടിരുന്നു.

അനീഷ് കപൂറിനെ പോലെയുള്ള രാജ്യാന്തര പ്രശസ്തരായ വാസ്തു ശില്പ വിദഗ്ധരുടെ അഭിപ്രായം പോലും ഇക്കാര്യത്തില്‍ ആരാഞ്ഞില്ല എന്നത് പോവട്ടെ, ഇവിടെ ഏറ്റവും വലിയ തുക കാണിച്ച ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുകയും പ്രധാനമന്ത്രിക്ക് നേരിട്ട് അറിയാവുന്നതുമായ എച്ച്. സി. പി. ഡിസൈന്‍, പ്ലാനിംഗ് & മാനേജ്‌മെന്റിനാണ് സെന്‍ട്രല്‍ വിസ്റ്റ നിര്‍മാണച്ചുമതല ലഭിച്ചിരിക്കുന്നത്. പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ അഭിപ്രായത്തില്‍ ‘ചരിത്രത്തോടും, പൈതൃകത്തോടും സദാ മുഖം തിരിഞ്ഞു നില്‍ക്കുന്ന’ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമാണിത്. അഹമ്മദാബാദ് നഗരത്തിന്റെയും വാരാണസിയുടെയും പൈതൃക മുഖം വികൃതമാക്കിയ ഇതേ സ്ഥാപനത്തിന് തന്നെ നിര്‍മാണ ചുമതല ഏല്‍പിച്ചതിന് പിന്നിലും സര്‍ക്കാറിന് എന്തെങ്കിലും ലക്ഷ്യം കാണണം. പുതിയ സെന്‍ട്രല്‍ വിസ്റ്റ ഉയരുമ്പോള്‍ ചരിത്രമുറങ്ങുന്ന പഴയ കെട്ടിടങ്ങള്‍ പൈതൃക സൗധങ്ങളായി നിലനിര്‍ത്തുമോ അതോ പൊളിച്ചു മാറ്റുമോ എന്നതിലുമുണ്ട് സംശയങ്ങളും ദുരൂഹതകളുമേറെ.

പുതിയ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് സര്‍ക്കാര്‍ കാരണമായി പറയുന്നത് നിലവിലെ പാര്‍ലമെന്റ് മന്ദിരത്തിന്റെ സ്ഥല പരിമിതിയാണ്. ശരിയായിരിക്കാം. അതിന് പ്രൗഢ പാരമ്പര്യമുള്ള, രാഷ്ട്ര ചരിത്രത്തിലെ പല നിര്‍ണായക ഘട്ടങ്ങള്‍ക്കും സാക്ഷിയായ, രാഷ്ട്രത്തിന് ഊടും പാവും നല്‍കിയ മഹോന്നതരായ രാഷ്ട്ര നേതാക്കളുടെ പാവനസ്മരണകള്‍ തുടിച്ചു നില്‍ക്കുന്ന ഈ ഒരു പൈതൃക സൗധം ഉപേക്ഷിക്കല്‍ മാത്രമേ വഴിയുള്ളൂ എന്നതാണ് ചോദ്യം. എന്തുകൊണ്ട് നിലവിലെ മന്ദിരത്തിന് അതേ മാതൃകയില്‍ ഒരു അനക്‌സ് പണിത് വിസ്താരം വര്‍ദ്ധിപ്പിച്ചു കൂടായെന്ന് രാജ്യത്തെ പ്രശസ്ത വാസ്തുശില്പ വിദഗ്ധരുടെ ചോദ്യത്തിനു വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര പ്രചോദനവും ഊര്‍ജ സ്രോതസ്സുമായ സംഘ് പരിവാറിനെയും മനസ്സിലാക്കിയവര്‍ക്കറിയാം സെന്‍ട്രല്‍ വിസ്റ്റ സംബന്ധമായ സര്‍ക്കാര്‍ നീക്കങ്ങളെല്ലാം തന്നെ കൃത്യവും സൂക്ഷ്മവുമായി ചിട്ടപ്പെടുത്തപ്പെട്ട ഒരു തിരക്കഥക്കനുസൃതമായാണ് നീങ്ങുന്നതെന്ന്. ല്യൂടന്‍ വിഭാവനം ചെയ്ത നിലവിലെ പാര്‍ലമെന്റ് സമുച്ചയം പ്രതിനിധാനം ചെയ്യുന്നതും പ്രതീക വല്‍ക്കരിക്കുന്നതും വൈവിധ്യതയിലൂന്നിയ ഇന്ത്യന്‍ സംസ്‌കൃതിയെയാണ്. പാര്‍ലമെന്റ് സമുച്ചയത്തില്‍ സ്ഥാപിക്കപ്പെട്ട മുപ്പതോളം മഹാരഥന്‍മാരുടെ ശില്‍പങ്ങളും കെട്ടിടത്തിന്റെ പല ഭാഗങ്ങളിലായി ഉല്ലേഖനം ചെയ്യപ്പെട്ട പുരാണങ്ങളില്‍ നിന്നും ഉപനിഷത്തുക്കളില്‍ നിന്നും വിശുദ്ധ ഖുര്‍ആനില്‍ നിന്നുമൊക്കെയുള്ള വചനങ്ങളും രാഷ്ട്രത്തിന്റെ ഉത്കൃഷ്ടമായ ബഹുസ്വര സംസ്‌കൃതിയുടെയും മതനിരപേക്ഷ പാരമ്പര്യത്തിന്റെയും പ്രതീക സാക്ഷ്യമത്രെ.

ഗതകാല ചരിത്രത്തെ ഓര്‍മപ്പെടുത്തുന്ന പ്രൗഢമായ പൈതൃകങ്ങളും തിരുശേഷിപ്പുകളും തകര്‍ക്കുകയെന്നുള്ളത് സംഘികളുടെ മുഖ്യ അജണ്ടകളില്‍ പെട്ടതാണ്. ചരിത്രത്തെ കുഴിച്ചു മൂടാനും അതിന്റെ ശ്മശാനപറമ്പില്‍ സംഘി ദര്‍ശനശാസ്ത്രത്തിന് ഇണങ്ങുന്ന രൂപത്തില്‍ പുതിയ ‘ചരിത്രം’ നിര്‍മിച്ചെടുക്കാനും ഇതിലും എളുപ്പമുള്ള മാര്‍ഗങ്ങളില്ലല്ലോ. ഇത്തരം അജണ്ടകള്‍ക്ക് സമാന്തരമായിത്തന്നെയാണ് രാഷ്ട്ര ശില്പികളായ നേതാക്കളെ തമസ്‌ക്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും രാജ്യത്ത് നടന്നു വരുന്നത്. മതനിരപേക്ഷ, പുരോഗമന ചിന്താഗതികളുടെ ആള്‍രൂപവും ആധുനിക ഇന്ത്യയുടെ മഹാശില്‍പിയുമായിരുന്ന പ്രഥമ പ്രധാന മന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ ചരിത്രത്തില്‍ നിന്ന് തന്നെ നിഷ്‌കാസിതനാക്കാന്‍ പ്രധാനമന്ത്രിയും സംഘ് പരിവാരങ്ങളും കുറച്ചൊന്നുമല്ല ഗൃഹപാഠം ചെയ്യുന്നതും വിയര്‍പ്പൊഴുക്കുന്നതും. രാഷ്ട്ര മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പണ്ഡിറ്റ് നെഹ്റുവിനെ ഈ തലമുറയിലുള്ളവര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ലെന്ന് മോദിക്ക് നന്നായറിയാം. ഡല്‍ഹിയിലെ ഭരണ സിരാകേന്ദ്രം പുതുക്കിപണിയുക വഴി ആധുനിക ഇന്ത്യയുടെ ശില്‍പി എന്ന പദവി വരും തലമുറയെങ്കിലും തനിക്ക് ചാര്‍ത്തിത്തരുമെന്ന വ്യാമോഹമായിരിക്കും സെന്‍ട്രല്‍ വിസ്റ്റ പദ്ധതിക്ക് മോദിയെ പ്രേരിപ്പിച്ചത്.

SHARE