ഉപാധിയില്ലാത്ത സ്‌നേഹം

ടി.പി.എം ബഷീര്‍

പിറവിയുടെ അമ്പത്തൊന്നാണ്ട് പൂര്‍ത്തിയാകുന്ന ഘട്ടത്തിലും സംഘപരിവാരത്തിന്റെ കോടതിയില്‍ മലപ്പുറം ജില്ല പ്രതിക്കൂട്ടിലാണ്. പാലക്കാട് ജില്ലയിലെ തിരുവാഴാംകുന്ന് വനമേഖലയിലാണ് ഗര്‍ഭിണിയായ ആന അതിദാരുണമാം വിധം ചെരിഞ്ഞത്. മലപ്പുറം ജില്ലയുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സംഭവം മലപ്പുറത്തിന്റെ ക്രൂരതയുടെ അടയാളമായി വിശേഷിപ്പിച്ചും മലപ്പുറത്തെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളുടെ നാടായി അധിക്ഷേപിച്ചും ബി.ജെ.പി എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധിയാണ് ആദ്യം വിഷം തുപ്പിയത്. നിജസ്ഥിതി പരിശോധിക്കാതെ ദേശീയ മാധ്യമങ്ങള്‍ ഈ വിഷപ്രയോഗം ഏറ്റെടുത്തു. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് ഹിമാചല്‍ പ്രദേശില്‍ വെടിമരുന്ന് നിറച്ച ഭക്ഷണം നല്‍കി ഗര്‍ഭിണിയായ ഒരു പശുവിനെ ക്രൂരമായി കൊന്നത്. എന്നാല്‍ സംഘപരിവാരകേന്ദ്രങ്ങളില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. മൃഗസ്‌നേഹമാണ് മനേക സൃഷ്ടിച്ച ‘മലപ്പുറം ആനക്കലഹ’ത്തിന്റെ താല്‍പ്പര്യമെങ്കില്‍ ഇക്കാര്യത്തിലും രൂക്ഷമായ പ്രതികരണം ഉണ്ടാവണമായിരുന്നു. പശുവിന്റെ പേരില്‍ നിരവധി മുസ്‌ലിംകളെയും ദലിതുകളെയും അടിച്ചുകൊന്ന സംഘികള്‍ ഹാഷ് ടാഗുമായി വരേണ്ടിയിരുന്നു. എന്നാല്‍ പശുവിനെ കൊന്നത് ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലായതിനാലും പ്രതി ഒരു മുസ്‌ലിം അല്ലാത്തതിനാലും അവര്‍ക്ക് മൃഗസ്‌നേഹം നിര്‍ഗളിച്ചില്ല. ഗോമാതാവിനു വേണ്ടി ഒരു ഗോപുത്രനും കണ്ണീരൊഴുക്കിയില്ല.

അരനൂറ്റാണ്ട് മുമ്പ് തുടങ്ങിയതാണ് ഈ നുണബോംബുകളുടെ നിര്‍മാണം. മലപ്പുറത്തിനെതിരെ നിര്‍മ്മിച്ചു വിട്ട നുണക്കഥകള്‍ എത്രയാണ്? ജില്ലക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെല്ലാം തീര്‍ത്തും അസംബന്ധമായിരുന്നുവെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പട്ടതാണ്. അരനൂറ്റാണ്ടുകാലത്തെ ജീവിതസാക്ഷ്യത്തിലൂടെ മലപ്പുറം ജില്ല അത് തെളിയിച്ചതുമാണ്. എന്നാലും മലപ്പുറം ജില്ലക്കെതിരെ ഇടയ്ക്കിടെ അധിക്ഷേപം ചൊരിയുമ്പോള്‍ സംഘി മനസ്സുകളില്‍ ഒരു രതിസുഖം നിറയുന്നുണ്ട്. അവരുടെ ജില്ലാ വിരുദ്ധ മനോരോഗത്തിന് അല്പം ശാന്തി ലഭിക്കുന്നുണ്ട്. മലപ്പുറം എന്ന ദേശവും ആ ഭൂമികയിലെ ജനങ്ങളും ഇങ്ങനെ നിരന്തരമായി വിചാരണ ചെയ്യപ്പെടാന്‍ മാത്രം ചെയ്ത തെറ്റ് എന്താണ്? രാജ്യത്തെ അധീനപ്പെടുത്തിയ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ചതിന്റെ നേരവകാശികളായതോ? ഒരു തുള്ളി വെള്ളം പോലും കിട്ടാതെ വലഞ്ഞ്, ഒരിറ്റ് ശ്വാസം കിട്ടാതെ പിടഞ്ഞ്, ഒരു തീവണ്ടി വാഗണില്‍ അട്ടിയിട്ട് കുത്തിനിറച്ച മനുഷ്യര്‍ പരസ്പരം കടിച്ചുകീറി കണ്ണു തുറിച്ചു മരിച്ചുവീണ ‘വാഗണ്‍ ട്രാജഡി’യുടെ ഇരകളായി ചരിത്രത്തില്‍ ജ്വലിച്ചു നില്‍ക്കുന്നതോ? ജന്മദേശത്തു നിന്ന് വേരോടെ പിഴുതെറിഞ്ഞ് അന്തമാനിലെ കൊടുംകാടിനുള്ളില്‍ കൊണ്ടുപോയി തള്ളിയിട്ടും, സെല്ലുലാര്‍ ജയിലില്‍ അനേകരെ പീഡിപ്പിച്ച് കൊന്നിട്ടും മാപ്പിള വേരറ്റ് പോയില്ല എന്നതോ? ജാതിയുടെയും മതത്തിന്റെയും പേരില്‍ വൈരാഗ്യത്തിന്റെ കനലെരിയുന്ന വര്‍ഗീയ മനസ്സുകള്‍ക്ക് കീഴ്‌പ്പെടാതെ സഹോദര്യത്തിന്റെയും മൈത്രിയുടെയും തുരുത്തായി ഈ ദേശത്തെ നിലനിര്‍ത്തിയതോ? എന്താണ് സംഘി ഫാസിസ്റ്റുകളുടെ പ്രശ്‌നം?

മലപ്പുറം ജില്ലയെ അതിന്റെ ഭ്രൂണാവസ്ഥയില്‍ തന്നെ നശിപ്പിച്ചു കളയുന്നതിനുവേണ്ടി എത്രമാത്രം മാരകമായ നുണകളാണ് സംഘപരിവാരം പ്രചരിപ്പിച്ചത്? അന്ന് ജില്ലാ വിരുദ്ധസമിതിയുടെ കണ്‍വീനര്‍ ആയി പ്രവര്‍ത്തിച്ച ഒ രാജഗോപാല്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് പ്രചരിപ്പിച്ചതത്രയും കെട്ടുകഥകള്‍ ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ മനസാക്ഷി സമ്മതിക്കുന്നുണ്ടാവണം. സംഘികൂടാരത്തിനുള്ളില്‍ അത് തുറന്നു പറയാനാവില്ല എന്ന് മാത്രം.

മലപ്പുറം ജില്ലാ വിരുദ്ധ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കേളപ്പന്‍ നടത്തിയ പ്രസംഗം ഇങ്ങനെയാണ്, ‘മലപ്പുറം ജില്ലയില്‍ വളരെ നീളത്തില്‍ കടല്‍ക്കരയുണ്ട്. കടല്‍ തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും മുസ്‌ലിംകളാണ്. അവര്‍ ഇന്നുതന്നെ പാകിസ്ഥാനുമായി കച്ചവടം നടത്തുന്നുണ്ട്. ഇവിടുത്തെ പൊലീസുകാര്‍ക്ക് അത് തടുക്കാന്‍ സാധിച്ചിട്ടില്ല. മേലില്‍ ഒട്ടും സാധ്യവുമല്ല. രാജ്യരക്ഷാപരമായ ഇക്കാരണം കൊണ്ടാണ് താന്‍ ജില്ലയെ എതിര്‍ക്കുന്നത്. ഇപ്പോള്‍ കലക്ടറും മറ്റും ഹിന്ദുക്കള്‍ ആണെങ്കിലും അടുത്തുതന്നെ തല്‍സ്ഥാനങ്ങളില്‍ മാപ്പിളമാര്‍ കയറിക്കൂടും.’ (ചന്ദ്രിക, ജൂണ്‍ 7, 1969 )
സംഘപരിവാരം ഈ ജില്ലയ്‌ക്കെതിരെ നടത്തിയ പ്രചരണങ്ങള്‍ ഇങ്ങനെയായിരുന്നു.

‘മലപ്പുറം പ്രദേശത്ത് അമുസ്‌ലിംകളുടെ ഇടയില്‍ വലിയ ഭീതിയും ആശങ്കയും ഉണ്ട്. മുസ്‌ലിം ലീഗിനെ നിയന്ത്രിക്കുന്ന വലിയ ജന്മിമാര്‍ ഹരിജനങ്ങളുടെ ഭൂമി കയ്യേറുന്നതായി റിപ്പോര്‍ട്ടുണ്ട്. പൊലീസ് അധികാരങ്ങള്‍ ജില്ലാ കൗണ്‍സിലുകള്‍ക്ക് കൊടുക്കുന്ന ബില്‍ നിയമമാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ മോശമാകും. മുസ്‌ലിം ലീഗിന് ഭൂരിപക്ഷമുള്ള ജില്ലാ കൗണ്‍സിലിന് പൊലീസ് അധികാരം കൂടി കിട്ടിയാല്‍ ഉള്ള സ്ഥിതി ഊഹിക്കാം. ഇത് രാഷ്ട്രത്തിന്റെ മുഴുവന്‍ ശ്രദ്ധയില്‍പ്പെടേണ്ട കാര്യമാണ്’ (മാതൃഭൂമി ജൂണ്‍ 4,1969)
‘നിര്‍ദിഷ്ടമായ മലപ്പുറം ജില്ല രൂപവത്കരിക്കപ്പെട്ടാല്‍ അത് ഒരു കൊച്ചു പാകിസ്താന്‍ ആയിരിക്കും. മലപ്പുറത്തെ അമുസ്‌ലിംകളെ മുസ്‌ലിംകള്‍ ശല്യപ്പെടുത്തി വരുന്നുണ്ട്. ആയിരക്കണക്കിന് അമുസ്‌ലിംകളെ മതപരിവര്‍ത്തനം ചെയ്ത് മുസ്‌ലിംകളാക്കുന്ന ഒരു ഇസ്‌ലാമിക സംഘടന പൊന്നാനിയില്‍ ഉണ്ട്. മലപ്പുറം ജില്ല ഒരു കടലോര പ്രദേശമാണ്. ജില്ലാ രൂപീകരണത്തോടെ അവിടെ തീരദേശ ബന്ധം സ്ഥാപിക്കുന്നതിന് സാധ്യതയില്ലെന്ന് പറഞ്ഞുകൂടാ.’ (മാതൃഭൂമി, ജൂണ്‍ 6,1969)

ഈ ഭയത്തോടു കൂടിത്തന്നെയാണോ കേളപ്പനും പരമേശ്വരനും അവസാനം വരെ ജീവിച്ചത്? ഈ ഭയം മറ്റു പലരെയും ഭയപ്പെടുത്താന്‍ സൃഷ്ടിച്ചതായിരുന്നുവെന്ന് ഇന്ന് ജീവിച്ചിരിക്കുന്ന രാജഗോപാല്‍ തിരിച്ചറിയുന്നുണ്ടാകുമോ? പാകിസ്താന്‍, രാജ്യരക്ഷ, മതപരിവര്‍ത്തനം, ഹിന്ദു പീഡനം തുടങ്ങിയ സ്‌ഫോടനാത്മകമായ പ്രയോഗങ്ങളാണ് മലപ്പുറം ജില്ലക്കെതിരെ അന്ന് ഉന്നയിക്കപ്പെട്ടത്. എല്ലാം വ്യര്‍ത്ഥമായിരുന്നു എന്ന് അരനൂറ്റാണ്ട് കാലത്തെ ജില്ലയുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മലപ്പുറം ജില്ലാ കൗണ്‍സില്‍ നിലവില്‍ വന്നപ്പോഴും അതിനുശേഷം ജില്ലാ പഞ്ചായത്ത് രൂപീകരിച്ച കാലം മുതല്‍ ഇന്നുവരെയും മുസ്‌ലിം ലീഗ് തന്നെയാണ് നേതൃത്വം നല്‍കിയത്. മാത്രമല്ല സി.എച്ച്. മുഹമ്മദ് കോയ സാഹിബ് കേരളത്തില്‍ ആഭ്യന്തര വകുപ്പ് മന്ത്രി എന്ന നിലയില്‍ പൊലീസിന്റെ അധികാരം കയ്യാളിയിട്ടുണ്ട്. കേളപ്പന്‍ പറഞ്ഞതുപോലെ ഒന്നും സംഭവിച്ചിട്ടില്ല. ഒരു മുസ്‌ലിം ജന്മിയും ഹരിജനങ്ങളുടെ ഭൂമി കയ്യേറിയിട്ടില്ല എന്ന് മാത്രമല്ല എത്രയോ മുസ്‌ലിം ഭൂവുടമകള്‍ കുടിയന്മാരായ പട്ടികജാതിക്കാര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ ഭൂമി വിട്ടു കൊടുത്ത ചരിത്രമാണുള്ളത്. കുടിയന്മാര്‍ക്ക് വേണ്ടി മദിരാശി നിയമസഭയില്‍ മുസ്‌ലിം ലീഗ് നേതാവ് ഉപ്പി സാഹിബ് നടത്തിയ പോരാട്ടവും കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമത്തെ മുസ്‌ലിംലീഗ് പാര്‍ട്ടി പിന്തുണച്ചതും ചരിത്രത്തിന്റെ ഭാഗമാണ്.

മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ദുരുപദിഷ്ടമായ ആരോപണങ്ങളുന്നയിച്ച് പ്രക്ഷോഭം നടത്തിയിട്ടും അതിന് പ്രാദേശിക പിന്തുണ ലഭിക്കാതെ വന്നതിനാലും ജനസംഘത്തിന്റെ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബെ, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ധാരാളം പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിനു മുമ്പില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കാളികളായിട്ടും മലപ്പുറം ജില്ലാ വിരുദ്ധ സമരം ലക്ഷ്യം കാണാതെ പോകുന്നു എന്ന് മനസ്സിലായതിനാലും സമരത്തെ ശക്തിപ്പെടുത്താന്‍ കണ്ടെത്തിയ പ്രഹരശേഷിയുള്ള ആയുധമായിരുന്നു തളിക്ഷേത്ര സമരം. നിര്‍ദ്ദിഷ്ട മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് അങ്ങാടിപ്പുറത്തെ തളി ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ ഹിന്ദു – മുസ്‌ലിം വര്‍ഗ്ഗീയ സംഘര്‍ഷവും ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയുമായിരുന്നു ഈ പ്രക്ഷോഭത്തിന്റെ ലക്ഷ്യം.

തളിക്ഷേത്ര സമരം ഹിന്ദു -മുസ്‌ലിം കലാപമായി വളരാനുള്ള സാധ്യതയും വളര്‍ത്താനുള്ള ശ്രമവും ഉണ്ടായിരുന്നു. മലപ്പുറം ജില്ലയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാനോ ആരാധന നടത്താനോ സ്വാതന്ത്ര്യമില്ല എന്ന പ്രചാരണവും ദേശവ്യാപകമായി ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇത് തിരിച്ചറിഞ്ഞ പക്വമതികള്‍ പ്രശ്‌നം പരിഹരിക്കാന്‍ രംഗത്തിറങ്ങി. ഈ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് പാണക്കാട് പൂക്കോയ തങ്ങള്‍ ഇടപെടുകയും ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്‌നേഹവും ശാന്തിയും നിറയുന്ന വിധത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കുകയും ചെയ്തു. പ്രശ്‌നം രമ്യമായി പരിഹരിച്ചതില്‍ പൂക്കോയ തങ്ങളുടെ പങ്കിനെപ്പറ്റി രാജഗോപാല്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതി. ‘പക്വമതികളായ മുസ്‌ലിംലീഗിന്റെ ചില നേതാക്കന്മാര്‍ കൈക്കൊണ്ട നിലപാട് സമുദായ സംഘര്‍ഷം ഉണ്ടാവാതിരിക്കാന്‍ സഹായിച്ചു എന്നതും സ്മരണീയമാണ്. ആദരണീയനായ പൂക്കോയ തങ്ങളുടെ നിലപാട് അതായിരുന്നു’ (ജീവിതാമൃതം- ഒ.രാജഗോപാല്‍, പേജ് 106)

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ഇരുട്ടിന്റെ മറവില്‍ അഗ്നിക്കിരയാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുകയുണ്ടായി. തന്റെ പിതാവിന്റെ മാതൃകയില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഒരു കലാപത്തിനുള്ള സാധ്യത തടയുകയും ചെയ്തു. ഈ അരനൂറ്റാണ്ടുകാലത്തിനിടയില്‍ ജില്ലയില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാരം പലപ്പോഴായി നടത്തിയിട്ടുണ്ട്. അതെല്ലാം ലക്ഷ്യം കാണാതെ പോവുകയായിരുന്നു. അത്തരം ശ്രമങ്ങള്‍ തടയുന്നതില്‍ ജില്ലയുടെ രാഷ്ട്രീയ-സാംസ്‌കാരിക നേതൃത്വം ജാഗ്രതയോടെ നടത്തിയ ഇടപെടലുകളാണ് വര്‍ഗീയകലാപങ്ങള്‍ ഇല്ലാത്ത, സാമുദായിക സൗഹാര്‍ദം നിലനില്‍ക്കുന്ന പ്രദേശമായി മലപ്പുറം ജില്ലയെ കാത്തു സൂക്ഷിച്ചത്.

ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഭിന്നിപ്പിച്ചു കൊണ്ടാണ് സംഘിഫാസിസം വളരാന്‍ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി കെട്ടിപ്പടുത്ത സാമൂഹിക ജീവിതമാണ് മലപ്പുറം ജില്ലയുടെ തനിമ. പരസ്പരം മനസ്സിലാക്കാനോ ഇടപഴകാനോ കഴിയാത്ത വിധം മുസ്‌ലിം ഗല്ലികളോ ഹിന്ദു ഗല്ലികളോ ഇവിടെയില്ല. ഇടകലര്‍ന്ന് ജീവിക്കുകയും അപരന്റെ വിശ്വാസാചാരങ്ങളെ മാനിക്കുകയും ആഘോഷങ്ങളില്‍ പരസ്പരം പങ്കു ചേരുകയുമാണ് ഇവിടുത്തെ രീതി. അന്യന്റെ വേദനകളില്‍ ആശ്വാസമായിത്തീരുകയാണ് തന്റെ ധര്‍മ്മമെന്ന് ഓരോരുത്തരും വിശ്വസിക്കുന്നു. ഉപാധികളില്ലാത്ത സ്‌നേഹമാണ് എല്ലാവരും പങ്കിടുന്നത്. ഇത് പ്രകടനപരതയല്ല; ആത്മനിബദ്ധമാണ്.

സ്‌നേഹവും സൗഹാര്‍ദവും സഹവര്‍ത്തിത്വവും ഈടുവയ്പ്പായ ആ സാമൂഹികജീവിതം തന്നെയാണ് ഫാസിസത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കുന്നത്. ഈ പ്രതിരോധം തകര്‍ക്കാനാണ് മലപ്പുറം ജില്ലക്കെതിരെ തുടര്‍ച്ചയായി നുണബോംബുകള്‍ നിര്‍മ്മിക്കുന്നത്. പക്ഷേ ഇക്കാലമത്രയും തപസ്സിരുന്നിട്ടും അവര്‍ക്ക് വിജയിക്കാനായിട്ടില്ല. ഇന്ത്യയിലെ സംഘപരിവാരത്തിന് കീഴ്‌പ്പെടുത്താനാവാത്ത പ്രതിരോധത്തിന്റെ നെടുങ്കോട്ടയായി മലപ്പുറം ജില്ല തുടരുക തന്നെ ചെയ്യും.

SHARE