ഈ ജീവനും വിലപ്പെട്ടതാണ്


എം ഉബൈദുറഹ്മാന്

ട്രൈവന്‍ മാര്‍ട്ടിന്‍ എന്ന ആഫ്രോ അമേരിക്കന്‍ കൗമാരക്കാരന്റെ കൊലപാതകത്തില്‍ പ്രതിയായ ജോര്‍ജ് സിമമര്‍മാനെ അമേരിക്കന്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് 2013 ല്‍ ആയിരുന്നു ‘Black lives matter’ എന്ന മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനത്തിന് അമേരിക്കയില്‍ തുടക്കം കുറിച്ചത്. എന്നാല്‍ ഈ പ്രസ്ഥാനത്തിന് അന്താരാഷ്ട്ര മാനം കൈവരുന്നതും അതൊരു ശക്തമായ ബഹുജന കൂട്ടായ്മയായി രൂപാന്തരം പ്രാപിക്കുന്നതും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടന്ന ആഫ്രോ അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തോടെയാണ്. ട്രംപ് സര്‍ക്കാറിന്റെ ഭരണത്തില്‍ പൊതുവെ അസംതൃപ്തരായിരുന്ന ശരാശരി അമേരിക്കക്കാര്‍ക്ക് കോവിഡാനന്തരം, ആകെയുള്ള ജീവനോപാധികളും നഷ്ടമായപ്പോള്‍ തങ്ങളുടെ അടക്കിപ്പിടിച്ച ക്ഷോഭം ബഹിര്‍ഗമിപ്പിക്കാനുള്ള ഒരു നിമിത്തം കൂടെയായി ഫ്‌ലോയിഡ് വധം. അതെന്തായാലും, അമേരിക്ക നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ജനാധിപത്യ , സമത്വ, സ്വതന്ത്ര്യ സങ്കല്പങ്ങളുടെ കാപട്യം ലോകസമക്ഷം വെളിവാകാന്‍ ഈ സംഭവവും അതിനെ തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളും ഇട വരുത്തിയിരിക്കുയാണ്. മാത്രവുമല്ല, യു.എസ് പ്രക്ഷോഭത്തിന്റെ അലയൊലികള്‍ ഭൂഖണ്ഡാതിര്‍ത്തികള്‍ ഭേദിച്ച് ഭൂഗോളമാകെ വ്യാപിക്കുകയും ചെയ്തിരിക്കുന്നു. അമേരിക്കയില്‍ വിവിധയിടങ്ങളിലായി സ്ഥാപിക്കപ്പെട്ടിരുന്ന ക്രിസ്റ്റഫര്‍ കൊളംബസിന്റെ ധാരാളം പ്രതിമകളാണ് വംശീയ വിരുദ്ധ പ്രക്ഷോഭകര്‍ തകര്‍ത്തെറിഞ്ഞത്. ബ്രിട്ടനിലെ ബ്രിസ്റ്റലില്‍ കഴിഞ്ഞ ദിവസമായിരുന്നു പതിനായിരത്തോളം വരുന്ന പ്രകടനക്കാര്‍ പതിനേഴാം നൂറ്റാണ്ടിലെ അടിമവ്യാപാരിയായിരുന്ന എഡ്വാര്‍ഡ് കോള്‍സ്റ്റന്റ പ്രതിമ പിഴുതെടുത്ത് ഏവന്‍ നദിയിലെറിഞ്ഞത്. 84000 ആഫ്രിക്കക്കാരെയാണ് കോള്‍സ്റ്റണ്‍ അടിമക്കച്ചവടത്തിനായി ആഫ്രിക്കന്‍ വന്‍കരയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്നതെന്നും യാത്രാ മധ്യേ 19000 പേര്‍ മരണമടഞ്ഞു എന്നുമാണ് ചരിത്രം. ഇത്തരത്തില്‍ കൊളോണിയല്‍ ഭൂതകാലത്തിന്റെയും വംശീയതയുടെയും അഭിശപ്തമായ സ്മരണകളുയര്‍ത്തുന്ന നിരവധി പേരുടെ പ്രതിമകളാണ് അമേരിക്കയിലും യൂറോപ്പിലുമായി തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

‘കറുത്തവരുടെ ജീവന്‍ വിലപ്പെട്ടതാണ്’ (black lives matter’) , ‘നീതിയില്ലെങ്കില്‍ സമാധാനമില്ല'(no justice , no peace) എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആഫ്രിക്കന്‍ വംശജരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് യൂറോപ്പിലും അമേരിക്കയിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന കൂറ്റന്‍ റാലികള്‍ക്ക് ലോകത്തിന്റെ അഷ്ട ദിക്കുകളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കൗതുകകരമായ കാര്യം ഇന്ത്യയിലെ ചില കേന്ദ്രങ്ങളും അമേരിക്കയിലെ വെളുത്ത വംശജര്‍ കറുത്തവരോട് കാണിക്കുന്ന കടുത്ത അതിക്രമങ്ങളെ ശക്തമായി അപലപിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു എന്നുള്ളതാണ്. സ്വന്തം നാട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ മുഖ്യ പ്രായോജകരായി നടത്തിക്കൊണ്ടിരിക്കുന്ന ‘അപാര്‍ത്തീഡ്’ സമ്പ്രദായം കണ്ടില്ലെന്ന് നടിക്കുന്ന ഇക്കൂട്ടര്‍ അന്യ ദേശങ്ങളില്‍ നടമാടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും, ഉച്ചനീചത്വങ്ങളിലും ‘ധാര്‍മിക രോഷം’ കൊള്ളുമ്പോള്‍ കണ്ടു നില്‍ക്കുന്നവരില്‍ അത് പരിഹാസമാണ് ഉളവാക്കുന്നത്.

2014 ന് ശേഷം ഇന്ത്യയില്‍ ത്വരിതഗതിയില്‍ സംജാതമായിക്കൊണ്ടിരിക്കുന്ന അനാരോഗ്യകരവും അതിലുപരി അപകടകരവുമായ സാമൂഹിക അവസ്ഥയെ പഠന വിധേയമാക്കുന്ന ആര്‍ക്കും മനസിലാകും രാജ്യത്തെ ചില സംസ്ഥാനങ്ങളിലെങ്കിലും ദലിതുകളും ന്യൂനപക്ഷങ്ങളും നേരിടുന്ന അവസ്ഥ അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരുടെ ഭീഷണമായ അവസ്ഥയില്‍ നിന്നും ഏറെയൊന്നും വിഭിന്നമല്ലെന്ന്. മോദിയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവോടെ ഈ നാടിന്റെ ഈടുവെയ്പുകളായ ജനാധിപത്യം ബഹുസ്വരത, മതനിരപേക്ഷ മൂല്യങ്ങള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം രാജ്യം പിറകോട്ട് സഞ്ചരിക്കുന്ന നടുക്കമുളവാക്കുന്ന കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ മുഖമുദ്രയായ ബഹുസ്വര സംസ്‌കൃതിയെ അപനിര്‍മിച്ച് പകരം ഒരു ഏകശിലാ സംസ്‌കാരം പ്രതിഷ്ഠിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് രാജ്യമൊട്ടാകെ നടന്നുവരുന്നത് എന്നത് രാജ്യത്തിനകത്തും പുറത്തും നിരന്തരമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതിന്റെ ഭാഗമായി പൗരന്റെ സര്‍വവിധ സ്വാതന്ത്ര്യത്തിലും സര്‍ക്കാര്‍ കൈകടത്തി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ആറേഴ് വര്‍ഷത്തിനുള്ളില്‍ പശു മാംസത്തിന്റെ പേരില്‍ ഉത്തര്‍ പ്രദേശിലെ മുഹമ്മദ് അഖ്‌ലാഖ് അടക്കം ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതങ്ങളില്‍ മരിച്ചവര്‍ നിരവധിയാണ്.

അമേരിക്കയില്‍ സര്‍ക്കാര്‍ ഒത്താശയോടെ വെളുത്ത വംശീയത അരങ്ങു തകര്‍ക്കുമ്പോള്‍ ഇങ്ങ് ഇന്ത്യയില്‍ ഫാഷിസത്തിന്റെ മറുരൂപമായ സവര്‍ണ ഹിന്ദുത്വ ആദര്‍ശങ്ങളാണ് സര്‍ക്കാര്‍ അതിന്റെ ഓരോ ചുവട് വെയ്പിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാറിന്റെ അനുഗ്രഹാശിസ്സുകളോടെ നടത്തുന്ന ഇത്തരം നീചകൃത്യങ്ങള്‍ക്ക് മനസാ പിന്തുണ നല്‍കുന്നവര്‍ക്ക് വെളുത്ത വംശീയതയുടെ കാടത്തത്തെ എതിര്‍ക്കാന്‍ എന്ത് ധാര്‍മികാവകാശം? ചുരുക്കത്തില്‍ അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ എത്രത്തോളം ദുര്‍ബല സ്ഥിതിയിലാണോ അത്രത്തോളം തന്നെ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു ഇന്ത്യയിലെ ദലിത് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവസ്ഥയും . സിഎഎയെ തുടര്‍ന്ന് ദേശീയ തലത്തില്‍ ആളിക്കത്തിയ ഷഹീന്‍ ബാഗ് പ്രക്ഷോഭത്തിന്റ അന്തസ്സത്ത തന്നെ ഒരര്‍ത്ഥത്തില്‍ minortiy lives matter എന്നതായിരുന്നു എന്ന് പറയാം.

വംശവെറിയും മനുഷ്യാവകാശ ലംഘനങ്ങളും ഒരു ഭാഗത്തുള്ളപ്പോള്‍ തന്നെ ജനാധിപത്യത്തിന്റെ മര്‍മമായി കണക്കാക്കുന്ന സംവാദ സാധ്യതകള്‍ക്ക് അമേരിക്കയില്‍ മങ്ങലേറ്റിട്ടില്ല എന്നതും, സര്‍ക്കാറിനെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടികള്‍ അമേരിക്ക കൈക്കൊണ്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സംഘി ആശയ ആദര്‍ശങ്ങളെ നഖശിഖാന്തം വിമര്‍ശിച്ച ഗൗരി ലങ്കേഷ്, ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ധബോല്‍ക്കര്‍, എം. എം. കല്‍ബുര്‍ഗി എന്നീ ഇന്ത്യന്‍ ബുദ്ധിജീവികള്‍ക്ക് നമ്മുടെ നാട്ടിലുണ്ടായ ദുര്‍വിധി ഇനിയും നമുക്ക് മറക്കാറായിട്ടില്ല. എതിര്‍ ശബ്ദമുയര്‍ത്തിയ ആനന്ദ് ടെല്‍ടുംഡെ അടക്കമുളളവരെയും ലോക്ക്ഡൗണ്‍ കാലത്ത് അഴികള്‍ക്കുള്ളിലാക്കി പ്രതികാരം തുടര്‍ന്നു കേന്ദ്ര സര്‍ക്കാര്‍.

വര്‍ണത്തിന്റെ പേരില്‍ ചില പൗരന്‍മാരെങ്കിലും പരസ്പരം പുലര്‍ത്തുന്ന വിവേചനത്തെക്കാള്‍ മാരകമാണ് പൗരത്വത്തിന് മതത്തെ മാനദണ്ഡമാക്കാന്‍ പോകുന്നതിന്റെ ആദ്യ പടിയായി ഇന്ത്യാ ഗവണ്‍മെന്റ് 2019 ഡിസംബര്‍ 12 – ന് നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമം അഥവാ സി. എ എ. ഈ അപരിഷ്‌കൃത നിയമത്തിനെതിരെ പ്രതിഷേധിച്ച, ഒരു പ്രത്യേക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ മാത്രം ജയിലിലടച്ച് പ്രതികാരം തീര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രീതിയെ കാടത്തം നിറഞ്ഞ വര്‍ഗീയത അല്ലെങ്കില്‍ വംശീയത എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കും? സി.എ.എ സമരത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി തുറുങ്കലിലടക്കപ്പെട്ട സഫൂറ സാഗര്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞിട്ടും കോവിഡിന്റെ മറവില്‍ അവരെ തുറുങ്കിലടയ്ക്കാന്‍ കാട്ടിയ തിടുക്കം കാണിക്കുന്നത് ഇതിന് ഉത്തരവിട്ടവര്‍ക്കും ഡെറിക് ഷവന്റെ വൈകൃത മനസ് തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നാണ്. മാതൃത്വത്തിന് ഉന്നതമായ സ്ഥാനം കല്പിച്ചിരുന്ന ഇന്ത്യയിലിപ്പോള്‍ ചില വിഭാഗങ്ങളില്‍ പെട്ടവരുടെ മാതൃത്വത്തിന് മാത്രമേ പവിത്രത കല്‍പിക്കപ്പെടുന്നുള്ളൂ എന്നല്ലേ സഫൂറ സാഗര്‍ സംഭവം നല്‍കുന്ന സന്ദേശം .

സഫൂറയിലേക്ക് തിരിച്ച് വന്നാല്‍, ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്നുള്ള ഈ ഗവേഷണ വിദ്യാര്‍ത്ഥിക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസ്ഓര്‍ഡറുണ്ടെന്നും, ഡല്‍ഹിയിലെ എല്ലാ ജയിലുകളില്‍ നിന്നും കോവിഡ് സ്ഥിരീകരിക്കപ്പെട്ട സ്ഥിതിക്ക് അവര്‍ക്ക് രോഗബാധ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്നും അവരുടെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയിട്ടും ജാമ്യം അനുവദിക്കാന്‍ കോടതി തയ്യാറായില്ല. സഫൂറ സാഗറിന് ജാമ്യം നിഷേധിച്ച വേളയിലായിരുന്നല്ലോ ഗര്‍ഭിണിയായ ആന ചരിയാനിടയായ ദൗര്‍ഭാഗ്യകരമായ സംഭവവുമുണ്ടായത്. ഈ സംഭവത്തെ മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തോട് ചേര്‍ത്ത് ചിലര്‍ രാജ്യത്തുണ്ടാക്കിയ പുകിലും പുക്കാറും മേല്‍ പറഞ്ഞതിനോട് കൂട്ടി വായിക്കുമ്പോള്‍ മനസിലാകും വംശീയത അമേരിക്കന്‍ സമൂഹത്തെ ബാധിച്ചതിലധികം, വര്‍ഗീയത ഈ രാജ്യത്തെ പാവനമായ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നടങ്കം കീഴ്‌പ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്ന്.

കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തബ്‌ലീഗി ജമാഅത്തിനെ കരുവാക്കി ഇസ്‌ലാമിനെ മൊത്തത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്താനും രോഗത്തെ ‘കൊറോണ ജിഹാദ്’ എന്ന് നാമകരണം ചെയ്യാന്‍ നടത്തിയ നീക്കവും ഇതേ ലക്ഷ്യം മുന്നില്‍ കണ്ടു തന്നെയായിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തിന്റെയും പ്രേരകം ‘റെയ്‌സിസം’ അല്ലാതെ മറ്റൊന്നായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ലോക പ്രശസ്ത രാഷ്ട്രീയ ചിന്തകനും ഭാഷാ ശാസ്ത്രജ്ഞനുമായ നോം ചോംസ്‌കിയുടെ പ്രസ്താവം ശ്രദ്ധേയമാകുന്നത്: ‘ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ തന്നെ രാജ്യത്തെ ജനാധിപത്യ, മതനിരപേക്ഷ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിചിത്രമായ സ്ഥിതി വിശേഷമാണ് ഇന്ത്യയിലുള്ളത്’.

പ്രതൃക്ഷത്തില്‍ ഫാസിസ്റ്റ് അജണ്ടയില്ലാത്ത, എന്നാലോ തനി ഫാസിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാര്‍. ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യത്തെ തകര്‍ത്ത് പകരം അവരുടെ വംശീയ ആദര്‍ശ സംഹിത രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്നും കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന് മുമ്പ് പ്രതിരോധത്തിനുള്ള ലഭ്യമായ ഇടങ്ങളെല്ലാം തന്നെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഇന്ത്യന്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്യുന്നു.
ജനിതക കാരണങ്ങളാല്‍ തൊലിയുടെ നിറം ഇരുണ്ടതായിപ്പോയതിന്റെ പേരില്‍ ശ്വാസം മുട്ടിച്ചു കൊല്ലുന്ന നടപടി നിഷ്ഠൂരവും അപലപനീയവും തന്നെയാണ്. അതെവിടെയായാലും. അതേ അളവില്‍ തന്നെ സംസ്‌കാര ശൂന്യമാണ് ഒരാള്‍ ജാതിയുടെ താഴെ ശ്രേണിയില്‍ ജനിച്ചു എന്ന കാരണം കൊണ്ടോ, ദരിദ്രനായതുകൊണ്ടോ സവര്‍ണരില്‍ നിന്നും ഭരണകൂടത്തില്‍ നിന്നും നേരിടുന്ന പീഡനാനുഭവങ്ങളും. സ്ഥാപനവല്‍ക്കരിക്കപ്പെട്ട വിവേചനത്തിന് മുസ്‌ലിംകളും ദലിതുകളും പട്ടിക വര്‍ഗക്കാരും ഈ രാജ്യത്ത് വിധേയരായിക്കൊണ്ടിരിക്കുന്നു എന്നത് നഗ്നമായ യാഥാര്‍ത്ഥ്യമാണ്.

വര്‍ഗീയത, വംശീയത, വര്‍ണ വിവേചനം, അപരവല്‍കരണം തുടങ്ങിയ അനഭിലഷണയീമായ പ്രവണതകള്‍ സമൂഹത്തില്‍ നാമ്പു പൊട്ടുമ്പോള്‍ തന്നെ അതിനെ ചെറുത്ത് തോല്‍പ്പിക്കേണ്ടത് സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും കടമയുമാണ്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്ത്യയിലും അമേരിക്കയിലും ഇത്തരം നിഷേധാത്മക പ്രവണതകളെ നശിപ്പിക്കുന്നതിനു പകരം നിലവിലെ സര്‍ക്കാറുകള്‍ അവക്ക് സര്‍വ വിധ പ്രോത്സാഹനവും നല്‍കി താലോലിക്കുന്ന വൈചിത്ര്യമാണ് നാം കാണുന്നത്. ആധുനികതയുടെ മൂല്യങ്ങളും, ജനാധിപത്യ, മത നിരപേക്ഷ കാഴ്ചപ്പാടും വച്ചുപുലര്‍ത്തുന്ന ഓരോരുത്തര്‍ക്കും ഇനി കരണീയമായിട്ടുള്ളത് നോം ചോംസ്‌കി ആഹ്വാനം ചെയ്തതു പോലെ ലഭ്യമായ പ്രതിരോധത്തിനായുള്ള ഇടങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നത് മാത്രമാണ്. അപ്പോള്‍ മാത്രമേ വക്രമായ ജാതി, മത, വംശീയ ചിന്തകളില്‍ നിന്ന് മാറി മനുഷ്യന്‍ എന്ന വിശാല പരികല്പനയിലേക്ക് നമുക്ക് നമ്മെ തന്നെ നയിക്കുവാനും all lives matter എന്നതിന്റെ അന്തസ്സത്ത ആത്മാര്‍തമായി ഉള്‍ക്കൊള്ളാനും സാധിക്കുകയുള്ളൂ.

SHARE