അനന്യ വാജ്‌പേയി
ഹിന്ദുത്വ രാഷ്ട്രത്തിനെതിരായുള്ള പോരാട്ടം ഒരേ സമയം തിരഞ്ഞെടുപ്പുകള്‍,നിയമനിര്‍മാണ സഭകള്‍, നീതിന്യായ കോടതികള്‍, വാര്‍ത്താ മാധ്യങ്ങള്‍ , സാമൂഹ്യ പ്രസ്ഥാനങ്ങള്‍, ഏറ്റവും പ്രധാനമായി സര്‍വകലാശാലകള്‍ തുടങ്ങി പല തലങ്ങളിലായി വേണം നടക്കാന്‍. ജനാധിപത്യ വ്യവസ്ഥയെയും രാജ്യത്തെ നിരവധി ജനാധിപത്യ സ്ഥാപനങ്ങളെയും ഫാഷിസ്റ്റുകള്‍ മുഴുവനായി അപഹരിക്കുന്നതിനെ തടയാന്‍ ഈ രാജ്യത്ത് അവശേഷിക്കുന്ന ഏറ്റവും അവസാനത്തെ പ്രതിരോധ നിരയാണ് നമ്മുടെ സര്‍വകലാശാലകള്‍. ഇന്ന് രാജ്യത്തങ്ങോളമിങ്ങോളം സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ സമരങ്ങളല്ലാതെ ഫാഷിസത്തെ പ്രതിരോധിക്കാന്‍ നമ്മുടെ മുമ്പില്‍ മറ്റു കാര്യമായ മാര്‍ഗങ്ങളൊന്നും തന്നെയില്ല. ഈ യുവത പതറിയാല്‍ എല്ലാ പ്രതീക്ഷകളും അതോടെ അവസാനിക്കുകയായി. രക്ഷിതാക്കള്‍, അധ്യാപകര്‍, വോട്ടര്‍മാര്‍, പൗരന്‍മാന്‍ തുടങ്ങി എല്ലാ നിലയിലും ഈ വിദ്യാര്‍ത്ഥി സമൂഹത്തെ സര്‍വാത്മനാ പിന്തുണക്കേണ്ടത് നമ്മുടെ ബാധ്യതയത്രെ.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതില്‍ പിന്നെ രാജ്യത്ത് നില നില്‍ക്കുന്നത് ഒരു അപ്രഖ്യാപിത അടിയന്തിരാവസ്ഥ തന്നെയാണ്. ഓഗസ്റ്റ് 5 ന് ഭരണഘടനയുടെ 35 എ വകുപ്പ് റദ്ദാക്കിയും 370 ാം വകുപ്പ് എടുത്ത് കളഞ്ഞും കാശ്മീരില്‍ സാധാരണ ജനജീവിതം സ്തംഭിപ്പിക്കുകയായിരുന്നു സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഇത് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖലകളിലൊട്ടാകെ വ്യാപിച്ചു കൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണിന്നുള്ളത്. വാര്‍ത്താ വിനിമയ ബന്ധം വിഛേദിക്കല്‍, നിശാനിയമങ്ങള്‍ പ്രഖ്യാപിക്കല്‍, കനത്ത തോതിലുള്ള അര്‍ധസൈനിക വിന്യാസം തുടങ്ങിയവ ഭീതിതമാംവണ്ണം സാധാരണമായിക്കൊണ്ടിരിക്കുന്നു.
ഒരേ സംസ്ഥാനത്തിന്റെ ഭാഗങ്ങളായിരുന്ന ജമ്മു, കാശ്മീര്‍, ലഡാക്ക് തുടങ്ങിയ പ്രദേശങ്ങള്‍ വിഭജിക്കപ്പെട്ടു എന്ന് മാത്രമല്ല, അവിഭക്ത കാശ്മീരിലെ രാഷ്ട്രീയ, പൗര സമൂഹ നേതൃത്വത്തെ മുഴുവനായി കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ട് ഇന്നേക്ക് നാലര മാസം പിന്നിടുന്നു. ഏഴര ലക്ഷം പട്ടാളക്കാരെ മുമ്പേ തന്നെ വിന്യസിച്ചിരുന്ന കാശ്മീരിലേക്ക് അര ലക്ഷം പട്ടാളക്കാരെ കൂടെ കൂടുതലായി അയച്ചു. നീണ്ട 136 ദിവസം തുടര്‍ച്ചയായി ഇന്റര്‍നെറ്റ് സൗകര്യം വിഛേദിക്കപ്പെട്ട ഒരേ ഒരു പ്രദേശം ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഒന്നാമത്തെ ജനാധിപത്യരാജ്യം എന്നുള്ള ‘ഖ്യാതി’ യും നാം സ്വന്തമാക്കി. ഈ അസാധാരണ സാഹചര്യം എന്നവസാനിക്കുമെന്നതിനെ കുറിച്ച് ഒരുറപ്പും കേന്ദ്ര അധികാരികളുടെ ഭാഗത്ത് നിന്ന് ഇത് വരെ ഉണ്ടായിട്ടില്ല.
കാശ്മീരിനെ തുടര്‍ന്ന് വന്ന മറ്റൊരു സംഭവമായിരുന്നു തകര്‍ക്കപ്പെട്ട ബാബ്‌രി മസ്ജിദ് നിലനിന്ന അതേ സ്ഥലത്ത് തന്നെ ക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള പരമോന്നത കോടതിയുടെ വിധി. മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുണ്ടായിരുന്ന കാശ്മീരില്‍ അവരെ എല്ലാ ബാഹ്യ ബന്ധങ്ങളും അറുത്തു മുറിച്ച് ബന്ധികളാക്കി വെച്ചതിനും, നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവിലും അവരുടെ ഒരാരാധനാ കേന്ദ്രം നഷ്ടപ്പെടുത്തിയതിനും പുറമെ ഇപ്പോള്‍ ഇതാ വന്നിരിക്കുന്നു 20 കോടിയോളം വരുന്ന ഇന്ത്യയിലെ മുസല്‍മാന്‍മാരുടെ നിലനില്‍പിനെ തന്നെ ചോദ്യം ചെയ്യുന്ന പൗരത്വ ഭേദഗതി ആക്റ്റും, ദേശീയ പൗരത്വ രജിസ്റ്ററെന്ന ഭീഷണിയും. രാഷ്ട്ര പൗരന്‍മാരായി കണക്കാക്കുക, സ്വത്ത് കൈവശം വെക്കുക, വോട്ടര്‍ പട്ടികയില്‍ അംഗങ്ങളാവുക, ഇന്ത്യക്കാരായി അറിയപ്പെടുന്നതിനുള്ള ഏതെങ്കിലും രേഖ കൈവശം വെക്കുക മുതലായവയില്‍ നിന്നെല്ലാം പരിപൂര്‍ണമായി മുസല്‍മാന്‍മാരെ തടയാന്‍ ലക്ഷ്യം വെച്ചുള്ള ആസൂത്രിതവും, വ്യവസ്ഥാപിതവുമായ ഈ ‘ഒഴിവാക്കല്‍ പ്രക്രിയ’ ആസാമില്‍ നിന്നാണ് തുടങ്ങിയതെങ്കിലും രാജ്യം മുഴുവന്‍ അത് വ്യാപിപ്പിക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ് സര്‍ക്കാര്‍.
അതേസമയം, സര്‍വകലാശാലകളുടെ നേര്‍ക്കുള്ള കടന്നാക്രമണം ഒന്നാം മോദി സര്‍ക്കാറിന്റെ കാലം മുതല്‍ക്ക് തന്നെ തുടര്‍ന്നു പോരുന്നതാണ്. ജെ.എന്‍.യു, ഡല്‍ഹി സര്‍വകലാശാല, പൂനയിലെ ഫിലിം& ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മുംബയിലെ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി അനേകം സര്‍വകലാശാലകളിലെ ക്യാമ്പസുകളില്‍ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ മറ്റു ചില അജണ്ടകളായിരുന്നു നടപ്പിലാക്കാന്‍ ശ്രമിച്ചത്. ക്യാമ്പസ് ആക്രമണങ്ങള്‍ക്ക് പിന്നിലെ പ്രധാന ഫാഷിസ്റ്റ് അജണ്ടകളില്‍ ചിലതായിരുന്നു താഴെ പറയുന്നവ: 1. ഉന്നത വിദ്യാഭ്യാസത്തിനായുള്ള പൊതു സ്ഥാപനങ്ങളെ തകര്‍ക്കുകയും സ്വകാര്യവത്കരിക്കുകയും ചെയ്യുക; 2. വിമര്‍ശന ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന മാനവിക, സാമൂഹ്യ ശാസ്ത്ര വിജ്ഞാന ശാഖകളെ , വിശേഷിച്ചും ചരിത്ര പഠനത്തെ, സിലബസില്‍ നിന്നൊഴിവാക്കുക; 3. ഇടതുപക്ഷ, മതേതര, ലിബറല്‍ ബുദ്ധിജീവികളുടെ താവളങ്ങള്‍ തകര്‍ക്കുക 4. ദലിതുകള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ , ദരിദ്രര്‍ തുടങ്ങിയവരുള്‍ക്കൊള്ളുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും പുറന്തള്ളുക;5. ഇടത് പക്ഷ,ദലിത്, സ്ത്രീപക്ഷ സമര പ്രസ്ഥാനങ്ങളില്‍ക്കൂടി നേടിയെടുത്ത സര്‍വവും ഇല്ലാതാക്കുക; അവസാനമായി, എല്ലാ സമഗ്രാധിപത്യ സര്‍ക്കാറുകള്‍ക്കും ഭീഷണിയായ സ്വതന്ത്രമായ ആവിഷ്‌കാരത്തിനും, വിയോജിപ്പിനും, പ്രതിരോധത്തിനും ഉള്ള ഇടങ്ങള്‍ അടച്ചു പൂട്ടുക. ഡിസംബര്‍ 14,15 മുതല്‍ ജാമിഅ മില്ലിയ , അലിഗര്‍ യൂണിവേഴ്സ്റ്റികള്‍ യുദ്ധഭൂമികളായി മാറുന്ന കാഴ്ചയായിരുന്നു നാം കണ്ടത്. കേന്ദ്ര സര്‍ക്കാരും , ഉത്തര്‍ പ്രദേശിലെ ബി.ജെ. പി സര്‍ക്കാറും ഈ ക്യാമ്പസുകളിലേക്കയച്ച പോലീസ് സേന ചെയ്തു കൂട്ടിയ അതിക്രമങ്ങള്‍ക്കതിരില്ല. ലാത്തി ചുഴറ്റിയും, കണ്ണീര്‍ വാതകം പ്രയോഗിച്ചും, ലൈബ്രറികളിലും, ടോയ് ലറ്റ് മുറികളിലും കടന്നു ചെന്നും ,വിദ്യാര്‍ത്ഥികളെ ചവിട്ടിയും തൊഴിച്ചും പോലീസുകാര്‍ ‘നീതി നടപ്പാക്കി’. ഈ പൈശാചികമായ ആക്രമണങ്ങളെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും, ധാരാളം പേര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്തു. മിക്കവരും രാത്രിക്ക് രാത്രി തന്നെ ക്യാമ്പസ് വിടാന്‍ നിര്‍ബന്ധിതരായി. ഈ ക്രൂരതകളെല്ലാം അഴിച്ചു വിട്ടത് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ പൗരത്വ ബില്ലിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചു എന്ന ഒരേ ഒരു കാരണമായിരുന്നു.
ഇവിടെ നാം കാണുന്നത് മോദി ഷാ ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ, സര്‍വകലാശാലാ വിരുദ്ധ അജണ്ടകള്‍ പരസ്പരം സമ്മേളിക്കുന്നതായിരുന്നു. അലീഗറും ജാമിഅ മില്ലിയയും ന്യൂനപക്ഷ സ്ഥാപനങ്ങളായത് കൊണ്ട് മുസ്‌ലിംകളെ ഒരേ സമയം ക്രൂര പീഡനങ്ങള്‍ക്ക് വിധേയമാക്കാനും, ദേശീയ, മതനിരപേക്ഷ, ഉദ്ഗ്രഥിത മുസ്‌ലിം രാഷ്ട്രീയ പൈതൃകത്തെ അപമാനിക്കാനും നിരാകരിക്കാനുമുള്ള അവസരങ്ങള്‍ സര്‍ക്കാറിന് ഒരേ സമയം ലഭ്യമായി. ഈ ക്യാമ്പസുകളില്‍ ഭൂരിപക്ഷമായ ന്യൂനപക്ഷ വിഭാഗത്തെയാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പിന്തിരിപ്പന്‍ ഭരണകൂടം ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തം. അവരുടെ രാജ്യ സ്‌നേഹം സംശയിക്കപ്പെടേണ്ടതും, അവകാശങ്ങള്‍ വകവെച്ചു കൊടുക്കേണ്ടതല്ലെന്നുമാണ് സര്‍ക്കാര്‍ പക്ഷം. ഏറ്റവും ഒടുവിലായി അവരുടെ പൗരത്വാവകാശങ്ങളെയും ചോദ്യം ചെയ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ വാക്കുകളെ പരാവര്‍ത്തനം ചെയ്താല്‍,പ്രക്ഷോഭകാരികളുടെ വസ്ത്രങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി അവര്‍ ആരാണെന്നറിയാന്‍ . ഒരു സമൂഹം എന്ന നിലക്കുള്ള അവരുടെ ഭൗതിക സ്വത്വവും, സാന്നിധ്യവും ഹിന്ദുത്വ രാഷ്ട്രത്തിന്നപമാനമായി സംഘപരിവാറുകാര്‍ കാണുന്നു. ഭൂരിപക്ഷാധിപത്യ ദേശീയതയെ നിര്‍ധാരണം ചെയ്ത് അര്‍ജുന്‍ അപ്പാദുരൈ പറഞ്ഞതുപോലെ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തി വിടുന്നത് ‘ന്യൂനപക്ഷ ഭയമാണ്’. ഭൂരിപക്ഷാധിഷ്ഠിത രാഷ്ട്രീയം കയ്യാളുന്നവരെ അക്രമോത്സകരാക്കി മാറ്റി ന്യൂനപക്ഷ വിഭാഗങ്ങളെ ഭൂരിപക്ഷ സ്വത്വത്തിലേക്ക് സ്വാംശീകരിച്ച് തങ്ങളുടെ സ്വത്വവും ഇതര വംശീയ സ്വത്വങ്ങളുമായുള്ള വൈജാത്യങ്ങള്‍ നേര്‍ത്തതാക്കാനുള്ള തീര്‍ത്തും അനുകൂലമായ ഒരു അന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.
ഹിന്ദുത്വ പരികല്‍പനയുടെ ഉപജ്ഞാതാക്കള്‍ തുടക്കം മുതല്‍ തന്നെ ആഗ്രഹിച്ചിരുന്നത് ഹിന്ദുക്കള്‍ക്ക് മാത്രമായി ഒരു പ്രത്യേക രാഷ്ട്രമായിരുന്നു. പക്ഷെ സ്വാതന്ത്യസമര ചരിത്രവും, ഇന്ത്യന്‍ ഭരണഘടനയും ഹിന്ദുത്വ വാദികളുടെ ഇത്തരം വിഭജന രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിരാകരിക്കുന്നതായിരുന്നു. ഹിന്ദുത്വ വാദികള്‍ പരമാധികാരം കയ്യാളുന്ന സമകാലിക ഇന്ത്യയില്‍ അവര്‍ ഇന്ത്യയെ മതാടിസ്ഥാനത്തില്‍ വീണ്ടും വിഭജിക്കാനും, കോടിക്കണക്കിന് വരുന്ന നമ്മുടെ രാജ്യക്കാരെ രാഷ്ട്രത്തിന് അനഭിമതരാക്കാനും , നമ്മുടെ യുവതലമുറയെ നിശബ്ദരും അനുസരണശീലവുമുള്ള പ്രജകളാക്കി മാറ്റുവാനുളള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. തോക്കുണ്ടകളും ലാത്തികളും ഹിന്ദുക്കളും മുസ്‌ലിംകളുമുള്‍പ്പെടുന്ന ഇന്ത്യയിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് മേല്‍ പേമാരി വര്‍ഷം ചൊരിയുമ്പോള്‍ ജനാധിപത്യ സ്‌നേഹികളായ എല്ലാ ഓരോരുത്തരും അവരോട് ചേര്‍ന്ന് നിന്ന് ഫാഷിസം എന്ന ഭീകര സത്വത്തെ ചെറുക്കാനുള്ള ശ്രമത്തില്‍ വ്യാപൃതരായേ മതിയാവൂ. മറിച്ചായാലുള്ള ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും.
( കടപ്പാട്: ദി ഹിന്ദു)
മൊഴിമാറ്റം: എം ഉബൈദ്‌റഹ്മാന്‍