നിയമത്തിന്റെ വഴിയും നരേന്ദ്രമോദിയുടെ മൊഴിയും

സുഫ്‌യാന്‍ അബ്ദുസ്സലാം

നിയമം നിയമത്തിന്റെ വഴിക്കെന്ന തത്വം നീതി നിര്‍വഹണ രംഗത്തെ ബാഹ്യ ഇടപെടലുകള്‍ ഇല്ലാതാക്കുന്നതിനുവേണ്ടിയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. കോടതിയുമായും ജുഡീഷ്യറിയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ഭരണഘടനയെയും രാഷ്ട്രം അംഗീകരിച്ച നിയമങ്ങളെയും മാത്രം അവലംബിക്കുകയും ആരുടേയും ഇടപെടലുകള്‍ അനുവദിക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ഈ തത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരും മന്ത്രിമാരും നിയമങ്ങള്‍ക്ക് വിധേയമാണ്. മുന്‍സിഫ് കോടതി മുതല്‍ രാജ്യത്തിന്റെ പരമോന്നത കോടതിയായ സുപ്രീം കോടതി വരെയുള്ള കോടതികളില്‍ നിന്നും ജഡ്ജുമാര്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്ക് എല്ലാവരും വിധേയരാണ്. കോടതികളുടെ അനുശാസനകളും ഉത്തരവുകളും സമയബന്ധിതമായി നിര്‍വഹിക്കാനും ഏറ്റവും കൂടുതല്‍ കര്‍ത്തവ്യം സര്‍ക്കാരുകള്‍ക്കാണ്. സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്കും അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ തുടങ്ങിയ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളത്.

ഒരു ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രസംബന്ധമായ നിയമങ്ങള്‍ രൂപീകരിക്കുന്നത് ജനങ്ങളാണ്. ആ നിലയ്ക്ക് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിന് അധികാരങ്ങളുണ്ടെന്നത് ശരി തന്നെ. പക്ഷെ സര്‍ക്കാരിനും കോടതിക്കും മുകളിലാണ് ഭരണഘടന. സര്‍ക്കാര്‍ ആയിരുന്നാലും കോടതി ആയിരുന്നാലും അധികാരങ്ങള്‍ക്ക് പരിമിതിയുണ്ട്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെ അഥവാ ജനാധിപത്യം, മതനിരപേക്ഷത, ന്യൂനപക്ഷ സംരക്ഷണം, ബഹുസ്വരത തുടങ്ങിയവയെ കാറ്റില്‍ പറത്തിക്കൊണ്ട് നിയമങ്ങളുണ്ടാക്കാനുള്ള അധികാരം സര്‍ക്കാരുകള്‍ക്കില്ല. അതുപോലെ തന്നെ ഭരണഘടനയ്ക്ക് വിരുദ്ധമായി സര്‍ക്കാരുകള്‍ നിര്‍മ്മിക്കുന്ന നിയമങ്ങളെ ശരിവെക്കാനുള്ള അധികാരം കോടതികള്‍ക്കുമില്ല. സര്‍ക്കാര്‍ ഭൂരിപക്ഷമുപയോഗിച്ച് പാര്‍ലമെന്റില്‍ പാസാക്കുന്ന ബില്ലുകള്‍ നിയമമാകുന്നതോടെ വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും സുപ്രീം കോടതിയെ സമീപിക്കാം.

പരിശോധിക്കപ്പെടേണ്ടത് നിയമം ഭരണഘടനാനുസൃതമാണോ എന്നതാണ്. കോടതി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആരായുകയും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കോടതി നിശ്ചയിച്ച സമയക്രമം പാലിക്കുക എന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കോടതിയില്‍ സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അറ്റോര്‍ണി ജനറലിനും സോളിസിറ്റര്‍ ജനറലിനും ഇത് സമയബന്ധിതമായി കോടതിയില്‍ സമര്‍പ്പിക്കുക അവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. ‘നിയമം നിയമത്തിന്റെ വഴിക്ക് ‘എന്നു പറയുന്നതുപോലെ തന്നെ പ്രസിദ്ധമാണ് ‘സര്‍ക്കാര്‍ കാര്യം മുറ പോലെ ‘യെന്ന ചൊല്ലും. കാര്യങ്ങള്‍ കൃത്യമായി നടക്കണമെന്നാണ് ചൊല്ലിന്റെ ആന്തരാര്‍ത്ഥമെങ്കിലും ഒന്നും സമയത്തിനു ചെയ്യില്ലെന്നതിനെ സൂചിപ്പിക്കാനാണ് ഇന്ന് ജനങ്ങള്‍ അത് ഉപയോഗിച്ചുവരുന്നത്. നരേന്ദ്രമോദി ഒന്നാമനും അമിത്ഷാ സൂപ്പര്‍ ഒന്നാമനുമായി കേന്ദ്ര സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാരിന്റെ കോടതിയോടുള്ള സമീപനം ഇങ്ങനെയാണ്.

കോടതിയല്ല, അതിനപ്പുറമുള്ളവര്‍ പറഞ്ഞാല്‍ പോലും ഒരു മറുപടിയും സത്യവാങ്മൂലവും സമര്‍പ്പിക്കില്ലെന്ന ശാഠ്യത്തിലാണ് ഒന്നാമന്മാര്‍. പൗരത്വ ഭേദഗതി നിയമം ഭരണഘടനാനുസൃതമല്ലെന്ന കാര്യം രാജ്യത്തെ കൊച്ചുകുട്ടികള്‍ പോലും അറിയാവുന്നതാണ്. ഇന്ത്യയിലെ നിഷ്പക്ഷരായ നിയമവിദഗ്ധരും ലോകത്തെ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഐക്യരാഷ്ട്ര സഭയുടെ വിവിധ ബോഡികളും വിവിധ രാജ്യങ്ങളിലെ പാര്‍ലമെന്റുകളുമടക്കം ലോകം മുഴുവന്‍ മനുഷ്യത്വരഹിതമെന്ന് വിധിയെഴുതിയ നിയമമാണിത്. രാഷ്ട്രപതി ഒപ്പുവെച്ച ഒരു നിയമത്തിനെതിരെ സുപ്രീം കോടതിയില്‍ പരാതി ലഭിക്കുമ്പോള്‍ ഭരണഘടനയുടെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ പ്രത്യക്ഷമായി നിയമത്തിനനുകൂലമായി തോന്നുന്നുവെങ്കില്‍ പരാതികള്‍ പൊതുവില്‍ തള്ളപ്പെടുകയാണ് പതിവ്. എന്നാല്‍ പതിവുകള്‍ക്ക് വിപരീതമായി കോടതി സഗൗരവം പരാതികളെ പരിഗണിക്കുകയും സര്‍ക്കാര്‍ മറുപടി പറഞ്ഞേ പറ്റൂ എന്ന് ആവശ്യപ്പെടുകയും ചെയ്യണമെങ്കില്‍ ഭരണഘടനയുടെ പ്രത്യക്ഷാനുകൂല്യം പൗരത്വ നിയമത്തിനില്ല എന്ന യാഥാര്‍ഥ്യമാണ് വെളിപ്പെടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 19 ന് മുസ്‌ലിംലീഗ് നല്‍കിയ പരാതിയെ തുടര്‍ന്ന് വിവിധ പാര്‍ട്ടികളും വ്യക്തികളും കേസില്‍ കക്ഷി ചേരുകയുണ്ടായി. 140 പരാതികളാണ് കോടതിക്ക് മുമ്പാകെ വന്നത്. അന്നു തന്നെ കോടതി സര്‍ക്കാരിനോട് വിശദീകരണം ആരാഞ്ഞു. കോടതി സമയമനുവദിച്ചെങ്കിലും വിശദീകരണം നല്‍കിയില്ല. ജനുവരി 22 ന് കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനോട് മറുപടിയെവിടെയെന്നു ചോദിച്ചപ്പോള്‍ കൈമലര്‍ത്തി. കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് എല്ലാ പരാതികളും പരിശോധിച്ച ശേഷം മാത്രമേ മറുപടി പറയാന്‍ സാധിക്കൂ എന്നാണ്. നാലാഴ്ച സമയം അന്നും കോടതി അനുവദിച്ചു. കോടതി അനുവദിച്ച സമയം ഫെബ്രുവരി 18 ന് അവസാനിക്കുകയുണ്ടായി. ഇടക്കാല ഉത്തരവിനായി കേസുകള്‍ ഫെബ്രുവരിയില്‍ പരിഗണിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയതായിരുന്നു. മാര്‍ച്ച് അഞ്ചിന് മുസ്‌ലിംലീഗിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കേസുകള്‍ ഇതുവരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് ചോദിക്കുകയുണ്ടായി. സര്‍ക്കാര്‍ വിശദീകരണം വന്നിട്ടില്ലെന്നായിരുന്നു കോടതി പറഞ്ഞത്.

സര്‍ക്കാര്‍ ബോധപൂര്‍വം എതിര്‍ സത്യവാങ്മൂലം നീട്ടിക്കൊണ്ടുപോകുകയാണെന്നു സിബല്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായുള്ള ബെഞ്ച് സര്‍ക്കാരിനോട് ‘മറുപടിയെവിടെ?’ എന്ന് ചോദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ പറഞ്ഞത് എതിര്‍ സത്യവാങ്മൂലം തയ്യാറാണെന്നും രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്നുമായിരുന്നു. എന്നാല്‍ ഇതുവരെ സര്‍ക്കാര്‍ വിശദീകരണം നല്‍കിയതായി യാതൊരു അറിവുമില്ല. മാര്‍ച്ച് 9 മുതല്‍ 16 വരെ ഹോളി അവധിയാണെന്നും അതിനു ശേഷം മാത്രമേ കേസുകള്‍ പരിഗണിക്കാനാവൂ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

എന്നാല്‍ അവധിക്ക് ശേഷം ‘സ്ത്രീകളും മതസ്വാതന്ത്ര്യവും’ സംബന്ധിച്ച ശബരിമല കേസാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയെന്ന സൂചനയാണ് ചീഫ് ജസ്റ്റിസ് നല്‍കിയിട്ടുള്ളത്. ശബരിമല കേസ് തീര്‍പ്പാവുമ്പോഴേക്ക് ചുരുങ്ങിയത് ഏപ്രില്‍ അവസാനമെങ്കിലും ആകും. ജൂണ്‍ 1 മുതല്‍ 26 വരെ കോടതി അര്‍ദ്ധവാര്‍ഷിക അവധിയിലായിരിക്കും. അതുകൊണ്ടുതന്നെ പൗരത്വ നിയമ ഹരജികള്‍ കോടതിയുടെ പരിഗണയിലേക്കു വരുന്നത് വൈകുവാനുള്ള സാധ്യതയാണ് ഇപ്പോള്‍ കാണുന്നത്. എന്നാല്‍ ശബരിമല കേസ് പരിഗണിക്കുമ്പോള്‍ തന്നെ ഓരോ ദിവസവും രണ്ടു മണിക്കൂര്‍ സമയം പൗരത്വ നിയമ ഹരജികളില്‍ വാദം കേള്‍ക്കുന്നതിനായി അനുവദിക്കണമെന്ന് അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹോളി അവധിക്ക് ശേഷം അത് കോടതിയില്‍ ആവശ്യപ്പെടാനാണ് ചീഫ് ജസ്റ്റിസ് മറുപടി നല്‍കിയത്.

കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുവാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും കുത്സിതമായ ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോടതിക്ക് മുമ്പില്‍ വിശദീകരണം നല്‍കാതെ ഒളിച്ചുകളിക്കുകയാണ്. പരമാവധി നീട്ടിക്കൊണ്ടുപോയി രാജ്യത്ത് മുഴുവന്‍ പടര്‍ന്നു പന്തലിച്ച സമരത്തിന്റെ വീര്യം കെടുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ കമ്മീഷന്‍ പോലും വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് സുപ്രീം കോടതിയില്‍ ഇന്റെര്‍വെന്‍ഷന്‍ അപ്ലികേഷന്‍ നല്‍കിയിരിക്കുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നം മാത്രമാണിതെന്ന് പറഞ്ഞു രക്ഷപ്പെടാനാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ ശ്രമിച്ചത്. സുപ്രീം കോടതി വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി സര്‍ക്കാര്‍ സത്യവാങ്മൂലം വൈകുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. സര്‍ക്കാരില്‍ നിന്ന് ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. മഹാഭൂരിപക്ഷത്തിന്റെ ലഹരിയിലാണവര്‍. കോടതിക്ക് മുമ്പില്‍ ഒന്നും സമര്‍പ്പിക്കാതെ വലിയ സദസ്സുകളുണ്ടാക്കി അര്‍മാദിക്കുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും. പ്രധാനമന്ത്രിയുടെ തന്നെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഫിബ്രവരി 12ന് ഡല്‍ഹിയില്‍ ‘ടൈംസ് നൗ’ സംഘടിപ്പിച്ച ഇന്ത്യ ആക്ഷന്‍ പ്ലാന്‍ സമ്മിറ്റില്‍ വെച്ച് അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണത്. ‘രാമക്ഷേത്രത്തിനുള്ള ട്രസ്റ്റായി, 370 റദ്ദാക്കി, കാശ്മീര്‍ലഡാക്ക് എന്നിവ ഉള്‍പ്പെടുത്തി കേന്ദ്രഭരണ പ്രദേശമുണ്ടാക്കി, പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. ഇതെല്ലം സാമ്പിളുകള്‍ മാത്രമാണ്, ശരിക്കുള്ള ആക്ഷനുകള്‍ ഇനി വരാനിരിക്കുന്നേ ഉള്ളൂ’ ഒരു വല്ലാത്ത ശരീരഭാഷയിലാണ് മോദി ഈ കാര്യം സദസ്സിനു മുമ്പില്‍ വിളമ്പിയത്. സര്‍ക്കാരിന് ഭരണഘടനയോ കോടതിയുടെ ആവശ്യങ്ങളോ ഒന്നും പ്രശ്‌നമല്ല, തീരുമാനിച്ച കാര്യത്തിലൂടെ മുമ്പോട്ട് പോകുമെന്നാണ് ആ ശരീരഭാഷയിലുള്ളത് എന്ന് മനസ്സിലാക്കാന്‍ കോടതികള്‍ക്കും ന്യായാധിപന്മാര്‍ക്കും സാധിക്കേണ്ടതുണ്ട്.

രാജ്യം മാത്രമല്ല, ലോകം മുഴുവന്‍ പ്രതിഷേധിക്കുകയും ലോകത്തിനു മുമ്പില്‍ ഇന്ത്യ തലതാഴ്ത്തി നില്‌ക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടും സുപ്രീം കോടതി ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം ഇന്ത്യയില്‍ തകര്‍ന്നടിയുകയും പകരം അരാജകത്വം വാഴുകയും രാജ്യം മൃഗങ്ങള്‍ പോലും നാണിക്കുന്ന വിധം കയ്യൂക്കുള്ളവരുടെ വിഹാരകേന്ദ്രമായി മാറുകയും ചെയ്യുമെന്ന് മനസ്സിലാക്കാന്‍ വിവേകമുള്ള, ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ഉള്‍ക്കൊള്ളുന്ന, മാനവിക കാഴ്ചപ്പാടുള്ള ഇന്ത്യയിലെ ന്യായാധിപസമൂഹത്തിന് ബാധ്യതയുണ്ട്.

SHARE