കെ.പി.എ മജീദ്
(മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി)
തണുത്തുറഞ്ഞ ഡല്‍ഹിയെ ചൂടുപിടിപ്പിച്ചൊരു വംശഹത്യയുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇപ്പോഴും എന്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു. രാജ്യത്തിന്റെ തലസ്ഥാനനഗരിയില്‍ കലാപകാരികള്‍ക്ക് ചൂട്ടുപിടിച്ച് മൂന്നു ദിവസം പൊലീസ് നിഷ്ക്രിയമായിനിന്നു എന്നത് ആരെയാണ് പിടിച്ചുലയ്ക്കാതിരിക്കുക. മുസ്ലിംലീഗ് പ്രതിനിധി സംഘത്തില്‍ നാലാംദിവസം അവിടെയെത്തിയപ്പോള്‍ ആരും തിരിഞ്ഞുനോക്കാനില്ലാത്ത നിസ്സഹായരായ മനുഷ്യരുടെ കണ്ണീരിനുമുമ്പില്‍ തരിച്ചിരുന്ന്പോയി. മരിച്ചവരെത്ര, അവരാരെല്ലാം, അവരുടെ മൃതദേഹം സംസ്കരിക്കാന്‍ എപ്പോള്‍ കഴിയും എന്നതിനൊന്നും ഉത്തരമില്ലാത്തപ്പോഴാണ് മുസ്ലിംലീഗ് അവിടെ ചെല്ലുന്നത്. ഈ സങ്കടക്കാഴ്ചകള്ക്കിടയിലും മതവെറിക്ക് കീഴ്പ്പെടാതെ ഇരകള്‍ക്ക് കൂട്ടായി നിന്ന ഹൈന്ദവ-സിഖ് സഹോദരങ്ങളുടെ കാഴ്ച നല്കിയ പ്രത്യാശയും ചെറുതല്ല.
ഇന്ത്യയിലെ പിന്നാക്ക ന്യൂനപക്ഷത്തെ ആപല്‍ഘട്ടത്തില്‍ സഹായിക്കാന്‍ ഉറപ്പുള്ളൊരു സംഘടന ഇവിടെ അവശേഷിച്ചു എന്നത് എത്രമാത്രം ആത്മബലമാണ്; ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന് ഇന്ന് 72 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ പിന്നോട്ട് സഞ്ചരിക്കുന്ന വഴികളത്രയും എത്ര ദുര്‍ഘടമായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.
1948 ജനുവരി 29; ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന് ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ സന്ദേശം. ക്ഷണം സ്വീകരിച്ച്, ഖാഇദെമില്ലത്ത് മദ്രാസിലെ ഗവണ്മെന്റ് ഗസ്റ്റ്ഹൗസിലെത്തുന്നു. ചര്‍ച്ചയിലെ മുഖ്യ ആവശ്യം, മുസ്ലിംകളെ രാഷ്ട്രീയമായി സംഘടിപ്പിക്കരുത്. ‘മുസ്ലിംലീഗ് സംഘടിപ്പിക്കാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയണം. പകരം താങ്കള്‍ക്കും താങ്കള്‍ നിര്‍ദേശിക്കുന്നവര്‍ക്കും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാം…’ സ്വതന്ത്ര ഇന്ത്യയിലെ നാലു കോടിലേറെ വരുന്ന ഒരു സമുദായത്തിന്റെ സ്വത്വ സംരക്ഷണവും ഭാവിയുമാണ് മുന്നില്‍. നെഹ്റുവിന്റെയും പട്ടേലിന്റെയുമെല്ലാം പ്രലോഭനങ്ങളോട് നോ പറഞ്ഞ ഖാഇദെമില്ലത്തിന് മൗണ്ട്ബാറ്റണോടും മറുപടി പറയാന്‍ അധികം ആലോചിക്കേണ്ടിവന്നില്ല.
ആ നിലപാടിന്റെ ദീര്‍ഘദര്‍ശിത്വം മനസ്സിലാക്കാന്‍ മൗണ്ട്ബാറ്റണ് പോലും 24 മണിക്കൂര്‍ തികച്ചു വേണ്ടിവന്നില്ല; പിറ്റേന്ന് ഹിന്ദുത്വ ഭീകരന് നാഥുറാം ഗോദ്സെയുടെ വെടിയുണ്ടയേറ്റുവാങ്ങി ഗാന്ധിജി കൊല്ലപ്പെട്ടു. മതേതര ഇന്ത്യക്കായി നിലകൊണ്ടതിന് മഹാത്മാഗാന്ധി വഹിച്ച രക്തസാക്ഷിത്വം ന്യൂനപക്ഷ ആശങ്കകളെ കൂടുതല്‍ വിളംബരം ചെയ്യുന്നതായിരുന്നു. ജനാധിപത്യ ക്രമത്തില്‍ എല്ലാം രാഷ്ട്രീയബന്ധിതമാണെന്നും സക്രിയമായി അതില്‍ ഇടപെടാന്‍ രാഷ്ട്രീയ സംഘടന അനിവാര്യമാണെന്നും ഖാഇദെമില്ലത്തും സീതിസാഹിബും അടങ്ങുന്ന സംഘം ഉറച്ച തീരുമാനത്തിലെത്തി.
മുസ്ലിംലീഗുമായി മുന്നോട്ടു പോകാം എന്ന ഖാഇദെമില്ലത്തിന്റെയും സീതിസാഹിബിന്റെയുമെല്ലാം തീരുമാനത്തെ പിന്തുണക്കാന്‍ വിഭജനത്തിനുമുമ്പ് മുസ്ലിംലീഗിന്റെ ദേശീയ നേതൃത്വം വഹിച്ചവരും ലീഗിന്റെ മേല്‍വിലാസത്തില്‍ പ്രവിശ്യാ പ്രധാനമന്ത്രിമാരായിരുന്നവരും ഉള്‍പ്പെടെ അധികം നേതാക്കള്‍ മുന്നോട്ടുവന്നില്ല. മുസ്ലിംലീഗ് സ്വതന്ത്ര ഇന്ത്യയില്‍ ആവശ്യമില്ലെന്ന് പരസ്യപ്രസ്താവനയും പത്രപ്രസ്താവനയും മത്സരിച്ചിറക്കി, അവര്‍. ആധുനിക വിദ്യാഭ്യാസവും ആധുനിക രാഷ്ട്രീയവുമാണ് പുതിയ കാലത്ത് മുന്നോട്ടു ഗമിക്കാനുള്ള ചക്രങ്ങളെന്ന് രാജ്യമാകെ ഓടിനടന്നു പറഞ്ഞു. മദ്രാസിലെ ഗവണ്മെന്റ് ബാങ്ക്വറ്റ് ഹാള്‍ അഥവാ രാജാജി ഹാളില്‍ 1948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് രൂപീകരിച്ചു.
മത രാഷ്ട്രത്തേക്കാള്‍ മതേതര രാഷ്ട്രമാണ് ഇസ്ലാമിക രാഷ്ട്രീയ വ്യവസ്ഥയുടെ മാതൃകയെന്ന് മത രാഷ്ട്രത്തെക്കുറിച്ചും രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചും ഇസ്ലാമിലെ രാഷ്ട്രീയത്തെ കുറിച്ചുമെല്ലാം കൃത്യമായ ബോധ്യമുള്ള ഖാഇദെമില്ലത്തിന്റെ സംഘം അചഞ്ചലമായി വിശ്വസിച്ചു; വിളംബരം ചെയ്തു. പാകിസ്താനിലേക്ക് പോയി ഉന്നത പദവിയും സുഖസൗകര്യങ്ങളും കരഗതമാക്കാമായിരുന്ന അവസരത്തില്‍പോലും ഇന്ത്യയില്‍ ഉറച്ചുനിന്നാണ് ഹരിത ചന്ദ്ര താരാങ്കിത പതാകയുമായി മതേതര രാഷ്ട്രത്തിന്റെ വളര്‍ച്ചക്കായി ഉയിരുകൊടുക്കാനും തയ്യാറായി.
മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാകിസ്താന് രണ്ടു പതിറ്റാണ്ടുകൊണ്ടുതന്നെ ബംഗ്ലാദേശ് എന്ന (90 ശതമാനത്തിലേറെ ഇസ്ലാം മത വിശ്വാസികളുള്ള) മറ്റൊരു മതേതര രാജ്യമായി വിഭജിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് നിലപാടിന്റെ ദൃഷ്ടാന്തം കൂടിയായി അതിനെ വിലയിരുത്തിയ രാഷ്ട്രമീമാംസകരുണ്ട്. ഇസ്ലാമിക രാഷ്ട്ര വ്യവസ്ഥയുടെ ആണിക്കല്ലായി അടയാളപ്പെടുത്തപ്പെട്ടത് പ്രവാചകന് മുഹമ്മദ് നബിയുടെ മദീനാ കരാറാണ്. ആ നാട്ടിലെ എല്ലാവരും മതത്തിനും പണത്തിനും നിറത്തിനും അപ്പുറം പൗരന്മാരാണെന്നും സുഖത്തിലും ദുഃഖത്തിലും ഒന്നിച്ചുനില്‍ക്കണമെന്നുമാണ് രാഷ്ട്രവ്യവസ്ഥതയെ അടയാളപ്പെടുത്തിയത്. മരണാസന്നനായ പ്രവാചകന്റെ മേലങ്കി ജൂതന്റെ കയ്യില്‍ പണയത്തിലായിരുന്നു എന്നതാണ് ചരിത്രം.
മറ്റു ചിന്താഗതിക്കാര്‍ക്ക് ഇടമില്ലാത്ത ഇസ്ലാമിക രാഷ്ട്രത്തിന് എത്രത്തോളം മുസ്ലിംലീഗ് എതിരാണോ അത്രത്തോളം ഹിന്ദു രാഷ്ട്രത്തിനും എതിരാണ്. അവസരം ലഭിച്ചാല്‍ മറ്റു മതസ്തരെ ഉന്മൂലനം ചെയ്യുന്നതില്‍ വിശ്വസിക്കുന്നവര്‍ക്കും മതങ്ങളെയാകെ ഇല്ലായ്മ ചെയ്യലാണ് വിപ്ലവം എന്നു ധരിക്കുന്നവര്‍ക്കും അപ്പുറമാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ നിലപാട്. ഇക്കാര്യത്തില്‍ ഒളിച്ചുവെച്ച അജണ്ടകളോ വിവേചനമോ ഇല്ലെന്നതാണ് അസനന്നിഗ്ദമായ പ്രഖ്യാപനം. ഇന്ത്യന്‍ ഭരണഘടന രൂപീകരണത്തില്‍ സക്രിയമായി ഇടപെട്ടപ്പോഴും ഇക്കാര്യം ഉറപ്പാക്കാന്‍ മുസ്ലിംലീഗ് ശ്രമിച്ചിട്ടുണ്ട്. മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ടവര്ക്കിടയില്നിന്ന് പ്രതിഭകൊണ്ട് ഉയര്‍ന്നുവന്ന് രണ്ടു വിദേശ സര്‍വകലാശാലകളില്‍നിന്ന് ഡോക്ടറേറ്റു നേടിയ ഗ്രാമീണ ഇന്ത്യയുടെ അകക്കാമ്പ് അറിയുന്ന ഡോ.ബി. ആര് അംബേദ്കറെ ഭരണഘടനാനിര്‍മ്മാണ സഭയിലെത്തിച്ചത് മുസ്ലിംലീഗാണ്. തുല്യനീതി, വ്യക്തി സ്വാതന്ത്ര്യം, വിശ്വാസ സ്വാതന്ത്ര്യം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയെല്ലാം ഭരണഘടനയില്‍ ഉറപ്പുവരുത്താന്‍ ഖാഇദേമില്ലത്തും ബി. പോക്കര് സാഹിബും ഡ്രാഫ്റ്റിങ് കമ്മിറ്റിയിലംഗമായിരുന്ന അസമില്‍നിന്നുള്ള മുസ്ലിംലീഗ് പ്രതിനിധി മുഹമ്മദ് സഅദുല്ലയും ഉള്‍പ്പെടെ 14 മുസ്ലിംലീഗ് അംഗങ്ങളുടെ ജാഗ്രത ചരിത്രത്തിന്റെ ഭാഗമാണ്.
എല്ലാ മത ജാതികള്‍ക്കും വിശ്വാസമില്ലാത്തവനും സ്വത്വസംരക്ഷണം ഉറപ്പുവരുത്തണമെന്നാണ് മുസ്ലിംലീഗ് മുന്നോട്ടുവെക്കുന്ന നിലപാട്. ഇന്ത്യന്‍ പാര്‍ലമെന്റ് രൂപീകരിച്ചത് മുതല്‍ ഇന്നേവരെ എല്ലാ സഭയിലും അംഗങ്ങളെ എത്തിച്ചു മുസ്ലിംലീഗ്. തമിഴ്നാട്ടിലും പശ്ചിമബംഗാളിലും ഏഴ് എം.എല്‍.എമാര്‍വരെ ഒരേസമയം നിയസഭയില്‍ മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രിപദം വരെ അലങ്കരിച്ചു. മഹാരാഷ്ട്ര, അസം, യു.പി, കര്‍ണാടക, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലും വിവിധ നിയമസഭകളിലുമെല്ലാം അധികാരം കയ്യാളി. പഞ്ചായത്ത് മെമ്പര്‍ മുതല്‍ ഐക്യരാഷ്ട്ര സഭവരെയും കേന്ദ്രമന്ത്രി പദവിയും വഹിച്ചപ്പോഴും ഒരിക്കലും വിവേചനത്തിന്റെയോ വിദ്വേഷത്തിന്റെയോ ആരോപണത്തിനുപോലും ഇട നല്‍കിയിട്ടില്ല.
പലപ്പോഴും, മുസ്ലിംലീഗ് ഒറ്റക്ക് പൊരുതേണ്ട ഘട്ടങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. സിവില്‍ കരാറായ വിവാഹത്തിലെ വിവാഹ മോചനത്തില്‍ (നിയമവിരുദ്ധ മുത്വലാഖിനെ) ഇസ്ലാമിലേതുമാത്രം ക്രിമിനല്‍ വല്ക്കരിച്ചപ്പോള് എതിര്‍ത്തു പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പലരുമുണ്ടായി. പക്ഷേ, വോട്ടു ചെയ്യാന്‍ മുസ്ലിംലീഗ് അംഗങ്ങള്‍ക്കൊപ്പം അധികം പേരുണ്ടായില്ല. ഭരണഘടനയുടെ സംവരണത്തിന്റെ അന്തസത്ത സാമൂഹ്യ ഉന്നമനമാണ്. സാമ്പത്തിക മാനദണ്ഡത്തിലൂടെ ഇതട്ടിമറിച്ച് നിയമ നിര്‍മ്മാണം നടത്തിയപ്പോഴും വാക്കില്‍ എതിര്‍പ്പും വോട്ടില്‍ അനുകൂലവുമാകുന്നതു കണ്ടു. കശ്മീരിന് രാജ്യം നല്കിയ ഉറപ്പും സംസ്ഥാന പദവിയുമെല്ലാം തിണ്ണബലത്തില്‍ റദ്ദാക്കിയപ്പോഴും പൗരത്വ വിവേചനത്തിലൂടെ 15 കോടി പൗരന്മാരുടെ മനുഷ്യാവകാശം നിഷോധിച്ചപ്പോഴുമാണ് പലര്‍ക്കും ചതിയുടെ ആഴം ബോധ്യപ്പെട്ടത്. പൗരത്വ വിവേചനത്തിനെതിരെ പാര്‍ലമെന്റില്‍ പോരാടിയ മുസ്ലിംലീഗ്, ബില്ല് പാസായതിന്റെ പിറ്റേന്നുതന്നെ സുപ്രീംകോടിതിയില് പോകാനും ആരെയും കാത്തുനിന്നില്ല. പൗരത്വ വിവേചനത്തിനെതിരെ രാഷ്ട്രീയമായും നിയമപരമായും ഒറ്റക്കും കൂട്ടായും സര്‍വശക്തിയുമെടുത്ത് പൊരുതുകയാണ് മുസ്ലിംലീഗ്.
വിഭജന കാലത്തെ ഇതേക്കാള്‍ തീഷ്ണമായ കാലത്തെ സമചിത്തതയോടെ കൈകാര്യം ചെയ്ത് 72 വര്‍ഷം തുഴഞ്ഞ് അഭിമാനകരമായ അസ്തിത്വത്തിലേക്ക് നടത്തിയ മുസ്ലിംലീഗ് അതിന്റെ ജൈത്രയാത്ര തുടരുകതന്നെ ചെയ്യും. ‘പൗരത്വം നമ്മുടെ അവകാശം; അഭിമാനം’ എന്ന പ്രമേയത്തില്‍ മുസ്ലിംലീഗ് സ്ഥാപക ദിനമായ ഇന്ന് പഞ്ചായത്ത് തല ജനകീയ കൂട്ടായ്മകളും വാര്‍ഡ് തലത്തില്‍ ദിനാചരണങ്ങളും നടത്തിയാണ് സംഘടനയുടെ സ്ഥാപക ദിനത്തെ ജനകീയമാക്കുന്നത്.