കെ.ബി.എ കരീം
അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ പ്രേതം മുഖ്യമന്ത്രി പിണറായി വിജയനെ വിടാതെ പിന്തുടരുകയാണ്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ്ചെയ്ത് ജയിലിലടച്ചിരിക്കുന്ന വിദ്യാര്‍ത്ഥികളായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവരുടെ രൂപത്തില്‍ ഈ പ്രേതം പിണറായിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്നും അത് സി.പി.എം നയമല്ലെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് തുറന്നടിച്ചത് ഈയിനത്തില്‍ പിണറായിക്ക് ലഭിച്ച ഏറ്റവുമൊടുവിലത്തെ പ്രഹരമാണ്. യു. എ.പി.എ കാടന്‍ നിയമമാണെന്നും പാര്‍ട്ടി അനുഭാവികളായ വിദ്യാര്ത്ഥികള്ക്ക്നേരെ ഈ വകുപ്പ് ചുമത്തിയ നടപടി സര്‍ക്കാര്‍ തിരുത്തണമെന്നും കാരാട്ട് ആവശ്യപ്പെട്ടിരിക്കുന്നു. ഇതോടെ പാര്‍ട്ടിയിലും മുന്നണിയിലും പിണറായിയുടെ ഒറ്റപ്പെടല്‍ പൂര്ണമായിരിക്കയാണ്. അലനും ഫസലുമാണ് ജയിലില്‍ കിടക്കുന്നതെങ്കിലും ഒറ്റപ്പെടലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാനുള്ള പിണറായിയുടെ ശ്രമങ്ങള്‍ വിജയം കാണുന്നില്ലെന്ന് മാത്രമല്ല ദിവസം ചെല്ലുംതോറും മുഖ്യമന്ത്രിക്കെതിരായ ധാര്‍മിക കുരുക്ക് മുറുകിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോഴും മുഖ്യമന്ത്രി പദത്തിന്റെ ഇതുവരെയുള്ള കാലയളവിലും നേരിടാത്ത ഒറ്റപ്പെടലാണ് പാര്‍ട്ടിയില്‍നിന്നും മുന്നണിയില്‍നിന്നും പിണറായി നേരിടുന്നത്. ലാവ്ലിന് കേസ് ലൈവായി നിലനിന്നിരുന്നപ്പോഴും വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ ശക്തമായ ഗ്രൂപ്പ് വഴക്ക് നടന്നപ്പോഴുമൊന്നും ഉണ്ടാകാത്ത പ്രതിസന്ധിയെയാണ് ഇപ്പോള്‍ മുഖ്യമന്ത്രി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. മാവോയിസ്റ്റ്, കോഴിക്കോട് സംഭവ വികാസങ്ങളോടെ പാര്‍ട്ടി അണികള്‍ക്ക് പിണറായിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ് എന്ന യാഥാര്‍ത്ഥ്യത്തിന് മുമ്പില്‍ ഇരട്ടച്ചങ്കന്റെ ന്യായീകരണങ്ങള്‍ ഒന്നും വിലപ്പോകുന്നില്ല. സാഹചര്യ തെളിവുകള്‍ പിണറായിക്കും പൊലീസിനും എതിരായതുകൊണ്ടുതന്നെയാണിത്.
കഴിഞ്ഞ ഒക്ടോബര്‍ 28ന് പകല്‍ പന്ത്രണ്ടരക്ക് നടന്ന ഏറ്റുമുട്ടലില്‍ കര്‍ണാടക സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരും തൊട്ടടുത്ത ദിവസം മാവോയിസ്റ്റ് നേതാവ് മണിവാസകവുമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംഭവത്തിന്റെ തുടക്കം മുതല്‍ വാദിക്കുന്നുണ്ട്. മണിവാസകത്തെ തൊട്ടടുത്ത്നിന്ന് വെടിവൊച്ചുകൊന്നെന്ന് സമര്‍ത്ഥിക്കുന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രന് മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഊര്‍ജ്ജത്തോടെയാണ് സംഭവത്തെ എതിര്‍ക്കുന്നത്. കൊച്ചിയില്‍ സ്വന്തം എം.എല്‍.എ അടക്കമുള്ളവരെ പൊലീസ് തല്ലിച്ചതച്ച സംഭവത്തില്‍ അണികള്‍ ഒന്നടങ്കം എതിരായിട്ടും പിണറായിക്കൊപ്പം അടിയുറച്ച്നിന്ന് ന്യായീകരിച്ച കാനത്തിന്റെ ഇപ്പോഴത്തെ എതിര്‍പ്പിന് അത്ര പെട്ടെന്ന് പരിഹാരം കാണാന്‍ കഴിയില്ലെന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിക്കും നന്നായറിയാം.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അലൈന്‍ ശുഹൈബ് (19), താഹ ഫസല്‍ (24) എന്നിവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ (യു.എ.പി.എ) നിയമം ചുമത്തിയതിനെതിരെ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ആദ്യംതന്നെ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പാര്‍ട്ടിയില്‍നിന്ന് പിണറായിക്കെതിരെ ശക്തമായ നീക്കങ്ങള്‍ ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്. ഏഴോളം ജില്ലകളിലെ ഡി.വൈ.എഫ്.ഐ നേതൃത്വം പിണറായിയുടെ നടപടിയില്‍ സി.പി.എമ്മിനെ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെ അനുകൂലിക്കുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ മുഖ്യമന്ത്രിയുടെ യു.എ.പി.എ ഇടപെടല്‍ വിഷയത്തില്‍ കടുത്ത ചേരിതിരിവാണുണ്ടായിരിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐയുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടി ഉണ്ടാകില്ലെന്നാണ് യുവജനങ്ങള്‍ വിശ്വസിക്കുന്നത്. യു.എ.പി.എ ചുമത്തിയ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്ത് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയതോടെ സി.പി.എമ്മിലും ഡി.വൈ.എഫ്.ഐയിലും ഇതുസംബന്ധിച്ച പ്രശ്നം ആളിക്കത്തുകയാണ് ചെയ്തത്.
വിയോജിപ്പും പ്രതിഷേധവും അറിയിക്കുന്നവര്‍ക്കെതിരെ അച്ചടക്കത്തിന്റെ വാള് ഉയര്‍ത്തി അടിച്ചമര്‍ത്താനുള്ള നീക്കം വിജയിക്കില്ലെന്ന് ഇതിനകം സി.പി.എം നേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്. പാര്‍ട്ടി നയപരമായ കടുത്ത പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തില്‍ തന്ത്രപരമായി എതിര്‍പ്പുകള്‍ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ചികിത്സാ ആവശ്യവുമായി വിദേശത്തായതിനാല്‍ അത്തരം നീക്കങ്ങളൊന്നും നടക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ടു പേര്‍ക്കെതിരെയാണ് യു.എ.പി.എ ചുമത്തിയതെന്നത് സി.പി.എം അടുത്തെങ്ങും നേരിട്ടില്ലാത്ത തരത്തിലുള്ള നയപരമായ പ്രതിസന്ധിയായി മാറിയിരിക്കയാണ്. യു.എ.പി.എക്കെതിരെ മുഖ്യമന്ത്രിയും കോടിയേരിയുമടക്കമുള്ള സി.പി.എം നേതാക്കള്‍ ഘോരഘോരം പ്രസംഗിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് പിണറായിക്കെതിരായ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുമുണ്ട്.
ഏതു കാര്യത്തിനും മുഖ്യമന്ത്രി പിണറായി വിജയന് കണ്ണുമടച്ച് പിന്തുണ നല്‍കിയിരുന്ന മന്ത്രിമാരും പാര്‍ട്ടിയിലെതന്നെ കണ്ണൂര്‍ ലോബിയും പിണറായിയെ കൈവിട്ടിരിക്കുകയാണെന്ന് അവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നു. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്. സര്‍ക്കാരിലും സി.പി.എമ്മിലും മുന്നണിയിലും വൈരുധ്യങ്ങള്‍ മൂര്ച്ഛിക്കുന്നതിനാലാണ് മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടിയുടെ ഉന്നത തലങ്ങളില്‍നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. യു.എ.പി.എ വിഷയത്തില്‍ പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തമായ നടപടികളുമായി മുന്നോട്ടുപോകുന്നത് സി.പി.എമ്മിനെ അടിമുടി ഉലച്ചതായാണ് മന്ത്രിമാരടക്കമുള്ളവരുടെ വിലയിരുത്തല്‍. ശബരിമല പ്രശ്നത്തിലടക്കം മുഖ്യമന്ത്രിയുടെ കണ്ണും നാവുമായി പ്രവര്‍ത്തിച്ചിരുന്നവരും ഇന്ന് നിരാശയിലും എതിര്‍പ്പിലുമാണ്. താഴേത്തട്ടിലെ പാര്‍ട്ടി അണികള്‍ക്കടക്കം അവമതിപ്പുണ്ടാക്കിയ സംഭവമായാണ് യു.എ.പി.എ ചുമത്തിയതിനേയും അതിന് നേതൃത്വം നല്കുന്ന മുഖ്യമന്ത്രിയുടെ നടപടിയേയും പൊതുവായി വിലയിരുത്തപ്പെടുന്നത്.
മാവോയിസ്റ്റ് വേട്ടയും ഇതോടനുബന്ധിച്ച് യു.എ.പി.എ ചുമത്തലും കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനുള്ള പിണറായി വിജയന്റെ തീരുമാനമാണെന്ന വാദം പാര്‍ട്ടിയിലും ഇടതുമുന്നണിയിലും പരക്കെ അംഗീകരിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാരിനെ അതിശക്തമായി എതിര്‍ക്കുന്ന നിലപാട് തുടരുന്നിടത്തോളം സംസ്ഥാനത്തിനാവശ്യമായ വികസന പദ്ധതികള്‍ ലഭിക്കില്ലെന്ന നിലപാട് മുഖ്യമന്ത്രിക്ക് നേരത്തേ മുതലുള്ളതാണ്. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ തെളിഞ്ഞും മറഞ്ഞും എതിര്‍ത്തിരുന്നവര്‍ പുതിയ സംഭവ വികാസങ്ങളോടെ എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയിരിക്കയാണ്. കേന്ദ്ര സര്‍ക്കാരില്‍നിന്ന് സംസ്ഥാന വികസന സഹായം മാത്രമല്ല വ്യക്തിപരമായ ആനുകൂല്യങ്ങളും പ്രതീക്ഷിച്ചാണ് പിണറായി പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വഴി മോദിയെയും അമിത് ഷായെയും സന്തോഷിപ്പിക്കുന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്നതെന്ന വാദം ശക്തി പ്രാപിച്ചിട്ടുണ്ട്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ മുഖ്യമന്ത്രി നിയമസഭയിലടക്കം ന്യായീകരിക്കുന്നുണ്ടെങ്കിലും നേതാക്കളുടേയും അണികളുടേയും വിശ്വാസമാര്‍ജ്ജിക്കാന്‍ ഈ നീക്കങ്ങള്ക്കാകുന്നില്ല. അറസ്റ്റിലായവര്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ പിടിച്ചെടുത്തെന്നുമുള്ള വാദം ഒന്നൊന്നായി അസ്ഥിരപ്പെട്ടുകൊണ്ടിരിക്കയാണ്. മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റ് താവളങ്ങളില്‍നിന്ന് പിടിച്ചെടുത്തതെന്ന് പറഞ്ഞ് പൊലീസ് പുറത്തുവിട്ട വീഡിയോയുടെ വിശ്വാസ്യത വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടുവരുന്നു. ഈ വീഡിയോ വ്യാജമാണെന്ന് പൊലീസിലെ തന്നെ ഒരു വിഭാഗം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. തമിഴ്നാട്ടിലോ ആന്ധ്രയിലോ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്ന് വീഡിയോ കണ്ട വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ ജാമ്യഹര്‍ജി തള്ളിയതുകൊണ്ടോ ഇവര്‍ക്കെതിരായ യു.എ.പി.എ റദ്ദാക്കാന്‍ കോടതി തയ്യാറാകാതിരുന്നതു കൊണ്ടോ പിണറായിക്കെതിരായ പാര്‍ട്ടിയുടെയും അണികളുടെയും കലിപ്പ് അടങ്ങുന്നില്ല. അലനെയും താഹയേയും സി.പി.എമ്മില്‍നിന്ന് പുറത്താക്കാനുള്ള നീക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ അണികളുടെ അമര്‍ഷം ആളിക്കത്തിക്കാനേ ഉപകരിക്കൂ എന്ന് വിശ്വസിക്കുന്ന വലിയൊരു വിഭാഗം സി.പി.എമ്മിലുണ്ട്.
യു.എ.പി.എ ചുമത്തിയ നടപടി പുനഃപരിശോധിക്കുമെന്ന് പ്രോസിക്യൂഷന്‍തന്നെ കോടതിയെ അറിയിച്ചത് മുഖ്യമന്ത്രിയുടെ നിലപാടിന് അടിസ്ഥാനമില്ലെന്ന് വിളിച്ചോതുന്നതാണ്. നേതാക്കളില്‍നിന്നും അണികളില്‍നിന്നും നേരിടുന്ന കടുത്ത സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് തുടരന്വേഷണ വേളയില്‍ യു.എ.പി.എ ഒഴിവാക്കാനുള്ള നീക്കങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. യു.എ.പി. എ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നില്ക്കക്കള്ളിയില്ലാതെയാണെന്നും വിലയിരുത്തപ്പെടുന്നു.
പിണറായിയുടെ അവസ്ഥ കൂടുതല്‍ പരുങ്ങലിലാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ തെറ്റുതിരുത്തണമെന്ന ഉന്നം തെറ്റാത്ത വെടി പ്രകാശ് കാരാട്ട് പൊട്ടിച്ചിരിക്കുന്നത്. സംസ്ഥാന നേതാക്കളും മന്ത്രിമാരും പ്രാദേശിക ഘടകങ്ങളും പിണറായിക്കെതിരെ പറഞ്ഞിരുന്നത് ശരിയാണെന്ന് അടിവരയിടുന്നത് കൂടിയായി കാരാട്ടിന്റെ പ്രസ്താവന മാറുകയും ചെയ്തു. യു.എ.പി.എ, മാവോയിസ്റ്റ് വേട്ട തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ എതിര്പ്പുകളുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിന് തടയിടാനുള്ള നീക്കങ്ങളെക്കുറിച്ച് തല പുകഞ്ഞാലോചിക്കുകയാണ് ഉന്നത സി.പി.എം വൃത്തങ്ങള്‍.